2018 ലെ നിങ്ങളുടെ നക്ഷത്രഫലം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2018 11:16 am

Menu

Published on December 21, 2017 at 2:32 pm

2018 ലെ നിങ്ങളുടെ നക്ഷത്രഫലം

2018-horoscope

അശ്വതി
കുടുംബാംഗങ്ങളോടൊത്തു താമസിക്കാൻ കഴിയും വിധം ഉദ്ദ്യോഗമാറ്റമുണ്ടാകും. ജാഗ്രതയോടുകൂടിയ സമീപനം വിജയങ്ങൾക്കു വഴിതെളിക്കും. ആഗ്രഹിക്കുന്നതിലുപരി അനുഭവങ്ങൾ വന്നുചേരും. കഴിഞ്ഞ വർഷം വേർപെട്ടു താമസിച്ചിരുന്ന ദമ്പതികൾ ഒരുമിച്ചു താമസിക്കാൻ സാധ്യത കാണുന്നു. ആരോഗ്യം മെച്ചപ്പെടും. ബന്ധപ്പെട്ടവരുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതായ സാഹചര്യം വന്നുചേരും. പുതിയ വീട് വെച്ച് താമസം തുടങ്ങും.

ഭരണി
വിദ്യയും വിജ്ഞാനവും പകർന്നുകൊടുക്കുന്നതിൽ സംതൃപ്തി ലഭിക്കും. മുടങ്ങിപ്പോയ ഉപരിപഠനം പൂർത്തീകരിക്കാൻ സാധിക്കും. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ജോലി നഷ്ടപ്പെടാതിരിക്കും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. പുനഃപരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയം ലഭിക്കും. ആർഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിക്കുന്നതു വഴി സാമ്പത്തിക മെച്ചം ഉണ്ടാകും.

കാർത്തിക
പൊതുപ്രവർത്തനരംഗത്തു ശോഭിക്കാനിടവരും. കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയമുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് വേർപെട്ടു താമസിക്കേണ്ട സാഹചര്യം വന്നുചേരും. വസ്തു തർക്കം രമ്യമായി പരിഹരിക്കും. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നുന്ന വിധത്തിൽ ജീവിക്കും.

രോഹിണി
അറിയാതെ ചെയ്തുപോയ തെറ്റുകൾ തിരുത്തുകയും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. സത്യാവസ്ഥ അറിയാതെ ഒരു കാര്യത്തിലും ഇടപെടാതിരിക്കുക. കഠിനപ്രയത്നം കൊണ്ട് മാത്രമേ മികവ് തെളിയിക്കാൻ സാധിക്കൂ. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. ഉദ്യോഗം അന്വേഷിച്ചുള്ള വിദേശയാത്ര പരാജയപ്പെട്ടേക്കാം.

മകയിരം
സുപ്രധാന കാര്യങ്ങൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും. സ്വജനങ്ങളിൽനിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും. വിദഗ്ധോപദേശം തേടാതെയുള്ള നിക്ഷേപം ഒരിക്കലും ചെയ്യരുത്. പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

തിരുവാതിര
വലിയ വീട് വാങ്ങാൻ കരാറെഴുതും. സർവജനപ്രീതിയുണ്ടാകും. ആത്മാർത്ഥ സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. അസാധ്യമെന്നു തോന്നിയ പലതും അനായാസേന സാധിക്കും. കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയും വിധത്തിൽ ഉദ്യോഗമാറ്റത്തിന് സാധ്യതയുണ്ട്.

പുണർതം
ലക്ഷ്യബോധമുള്ള മക്കളുടെ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നും. നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള വീടു വാങ്ങുമെങ്കിലും പഴയ വീടിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. പ്രയാസമേറിയ വിഷയങ്ങളാണെങ്കിലും വേണ്ടവിധത്തിൽ നിറവേറ്റാൻ സാധിക്കും. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിൻമാറും. ആരോഗ്യനില തൃപ്തികരമായിരിക്കും.

പൂയം
കഴിഞ്ഞ വർഷം തുടങ്ങിവച്ച കർമപദ്ധതികൾ ഈ വർഷം പൂർത്തീകരിക്കും.അതിൽ സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഏറ്റെടുത്ത ജോലികൾ സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താൻ അവസരം ലഭിക്കും. കടം കൊടുത്ത തുക മധ്യസ്ഥർ വഴി ഗഡുക്കളായി ലഭിക്കും. ശുചിത്വ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ആയില്യം
ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. അർപ്പണമനോഭാവത്തോടു കൂടി ചെയ്യുന്ന ജോലികൾ ലക്ഷ്യപ്രാപ്തി നേടും. വേണ്ടപ്പെട്ടവർക്കു സാമ്പത്തിക സഹായം ചെയ്യേണ്ടതായി വരും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും. ഗർഭിണികൾക്കു പൂർണവിശ്രമം വേണ്ടിവരും. കൂട്ടുകച്ചവടത്തിൽ ഈ വർഷം നഷ്ടസാധ്യതയുള്ളതിനാൽ ഇതിൽ നിന്നും വിട്ടുനിൽക്കുക.

മകം
മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷം കണ്ടെത്തുന്ന മനോഭാവത്തിന് അനുമോദനങ്ങൾ വന്നുചേരും. നഷ്ടമായെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കാനിടയുണ്ട്. പാർശ്വഫലങ്ങളുണ്ടായേക്കാവുന്ന ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതശൈലി സ്വീകരിക്കും.

പൂരം
ബന്ധുമിത്രാദികളെ കാണാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ഗൃഹനിർമാണത്തിനു കൊടുത്ത തുക തിരികെ വാങ്ങാൻ സാധ്യതയുണ്ട്. ഉദ്യോഗം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നുചേരാനിടയുണ്ട്. സുഖദുഃഖങ്ങൾ ഒരേപോലെ സ്വീകരിക്കാനുള്ള മാനസിക അവസ്ഥ ഉണ്ടാകും.

ഉത്രം
സ്വയംഭരണാധികാരം മൂലം ആത്മാർഥമായി പ്രവർത്തിക്കാന്‍ തയാറാകും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശന കർമം നിർവഹിക്കും. പുനഃപരീക്ഷയിൽ വിജയ ശതമാനം വർധിക്കും. ഇഷ്ടപ്പെട്ട വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല സാഹചര്യമായിരിക്കും. അധികൃതരുടെ പ്രീതിനിമിത്തം സ്ഥാനക്കയറ്റം ഉണ്ടാകും.

അത്തം
സഹപ്രവർത്തകരുടെ സഹായസഹകരണത്തിൽ ബൃഹത്പദ്ധതികൾ ഏറ്റെടുത്തു പൂർത്തീകരിക്കുന്നതു പുതിയ ഉദ്യോഗത്തിനു വഴിതെളിയിക്കും. അർഹമായ പിതൃസ്വത്തു രേഖാമൂലം ലഭിക്കാൻ സാധ്യതയുണ്ട്. ഭരണസംവിധാനം പുനർക്രമീകരിച്ച്, ധ്രുവീകരണം അവലംബിച്ച്, തൊഴിൽ മേഖലയിൽ ലക്ഷ്യം കൈവരിക്കും. ആഭരണവും വാഹനവും മാറ്റിവാങ്ങും.

ചിത്തിര
സാമ്പത്തിക ഇടപാടുകളിലും ഭൂമി ക്രയവിക്രയങ്ങളിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിദേശവാസികൾക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെട്ടേക്കാം. ആരോഗ്യം തൃപ്തികരമല്ലാത്തതിനാൽ അധ്വാനഭാരം കുറവുള്ള ഉദ്യോഗം സ്വീകരിക്കും. കലാകായിക മത്സരങ്ങൾ, സാഹിത്യ രചനകൾ, പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയിൽ അവസാന നിമിഷത്തിൽ വിജയമുണ്ടാകും.

ചോതി
വ്യാപാര വ്യവസായ വിപണന മേഖലകളിൽ കഠിന പ്രയത്നത്താലും ഈശ്വരപ്രാർഥനകളാലും വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വീടിൻറെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. വസ്തു തർക്കം രമ്യമായി പരിഹരിക്കാനും അർഹമായ പിതൃസ്വത്ത് ലഭിക്കാനും സാധ്യതയുണ്ട്. വലിയ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യവും അവസരങ്ങളും വന്നുചേരും.

വിശാഖം
ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതുവഴി പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. അനാവശ്യമായ സംശയം, മുൻകോപം, അമിതമായ ആത്മവിശ്വാസം, അമിതവേഗം എന്നിവ ഉപേക്ഷിക്കണം. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനം തോന്നും.ആത്മാർത്ഥ സുഹൃത്തിനെ അനുചിതമായ പ്രവൃത്തികളിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. അനാവശ്യമായ ആധി ഉപേക്ഷിക്കണം.

അനിഴം
ഈ നാളുകാർക്ക് പൊതുവെ സുഖദുഃഖസമ്മിശ്രമായ ഫലങ്ങളാണ് ഈ വർഷം അനുഭവയോഗ്യമാവുക. പ്രതികൂല പ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടാനും അശ്രദ്ധകൊണ്ട് വാഹനാപകടം ഉണ്ടാവാനും സാധ്യതയുണ്ട്. പല ആശയങ്ങളും മനസ്സിൽ വരുമെങ്കിലും വിദഗ്ധ നിർദേശം സ്വീകരിക്കുകയാവും നല്ലത്. അധികച്ചെലവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ദുരാചാരങ്ങൾ ഉപേക്ഷിച്ചു സദാചാര പ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനം ലഭിക്കും.

തൃക്കേട്ട
പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർഥനകളാലും സൗമ്യസമീപനത്താലും അവയെ അതിജീവിക്കും. ദാമ്പത്യബന്ധത്തിന് അനിഷ്ടതകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. തിരസ്കരണ മനോഭാവത്തോടുകൂടിയ മേലുദ്യോഗസ്ഥൻറെ സമീപനം മനോവിഷമത്തിനു കാരണമാവും. പൂർവ്വികസ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി വരുമാനത്തിൻറെ ഒരു നിശ്ചിത ശതമാനം ചെലവഴിക്കും.

മൂലം
ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആര്‍ജിക്കുന്നത് സർവകാര്യ വിജയത്തിനു വഴിതെളിക്കും. നിഗമനങ്ങൾ ശരിയാണെന്നു തോന്നുന്നതിനാൽ ആത്മാർഥ സുഹൃത്തിനെ അബദ്ധത്തിൽ നിന്നു രക്ഷിക്കാൻ സാധിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊരു പാഠ്യപദ്ധതിക്കു ചേരും. ആരോഗ്യനില തൃപ്തികരമായിരിക്കും. ഗർഭ പരിരക്ഷയും വിശ്രമവും വേണ്ടിവരും.

പൂരാടം
മത്സരരംഗങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. ലാഭോദ്ദേശ്യത്തോടെ ഭൂമി വാങ്ങാൻ തീരുമാനമെടുക്കും. മാന്യമായ പെരുമാറ്റരീതി അവലംബിക്കാൻ തയാറാകും. വരവും ചെലവും തുല്യമായ രീതിയിൽ കൊണ്ടുപോകും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. അശ്രദ്ധ മൂലം പണമിടപാടുകളിൽ നഷ്ടം സംഭവിക്കും. മാന്യമായ പെരുമാറ്റരീതി അവലംബിക്കാൻ തയാറാകും.

ഉത്രാടം
കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടതായിവരും. പൂർവ്വിക സ്വത്ത് വിറ്റ് കിട്ടുന്ന പണത്താൽ പുതിയ വീട് വാങ്ങും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്ക് അധികച്ചെലവ് അനുഭവപ്പെടും. അശരണരായവർക്ക് ആശ്രയം നൽകുന്നതിൽ സംതൃപ്തി ലഭിക്കും. പണം മുടക്കിയുള്ള തൊഴിൽമേഖലകളിൽ നിന്ന് ഈ വർഷം കഴിയുന്നതും ഒഴിവായി നിൽക്കുന്നതാണ് നല്ലത്.

തിരുവോണം
കടംകൊടുത്ത തുകയ്ക്കു പകരം രേഖാപരമായി ഭൂമി ലഭിക്കാൻ ഇടവരും. സാമ്പത്തിക ലാഭം ഉണ്ടായാലും കടബാധ്യതകൾ ഉള്ളതിനാൽ മിച്ചാനുഭവം കുറയും. സുഖവും ദുഖവും ഒരേപോലെ സ്വീകരിക്കാനുള്ള മാനസിക അവസ്ഥ വന്നുചേരും. അധ്വാനവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശ ഉദ്യോഗം പ്രതീക്ഷിക്കാതെ നഷ്ടപ്പെടും. അന്ധമായ അമിതവിശ്വാസം പല അബദ്ധങ്ങൾക്കും കാരണമാകും.

അവിട്ടം
അന്യരുടെ പണവും സ്വന്തം ആശയങ്ങളും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാന്‍ അവസരം ലഭിക്കും. പൊതുപ്രവർത്തനങ്ങളിൽ കീർത്തി നേടാനുള്ള സാഹചര്യം ഉണ്ടാകും. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കാൻ ഉപകരിക്കും.

ചതയം
മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കാൻ സാധ്യതയുണ്ട്. ഈശ്വര പ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകാൻ സാധ്യതയുണ്ട്.

പൂരുരുട്ടാതി
നഷ്ടപ്പെട്ടു എന്നു കരുതുന്ന പൂർവിക സ്വത്ത് തിരിച്ച് ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃദ്സഹായ ഗുണത്താൽ പുതിയ പ്രവര്‍ത്തന മേഖലകൾക്കു തുടക്കം കുറിക്കും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും അതിൽ അകപ്പെടാതെ സൂക്ഷിക്കുക. പുത്രന്റെ നിർബന്ധത്താൽ പൂർവികസ്വത്തു ഭാഗം വെയ്‌ക്കേണ്ടിവരും.

ഉത്തൃട്ടാതി
വരവിൽക്കവിഞ്ഞ ചെലവു മൂലം കടം വാങ്ങേണ്ടിവരും. മാതാവിനും മാതൃബന്ധുക്കൾക്കും ദോഷസമയമാണ്. ലാഭം കുറഞ്ഞ കരാർ ജോലികൾ ഉപേക്ഷിക്കുക. സ്വന്തം കാര്യങ്ങൾ നീക്കിവച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഒഴിവാക്കുക. അറിവുള്ള കാര്യങ്ങളാണെങ്കിൽ പോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിച്ചെന്ന് വരില്ല.

രേവതി
ഈശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകാൻ സാധ്യതയുണ്ട്. ഔദ്യോഗിക മേഖലയിലെ സമ്മർദത്താൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. അനാരോഗ്യത്താൽ പലപ്പോഴും ദൗത്യം പൂർത്തീകരിക്കാൻ കാലതാമസമെടുക്കും. വസ്തുസംബന്ധമായ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണും.

Loading...

More News