Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : ചെറിയ ക്ലാസുകള്‍ മുതലെ പഠിച്ചു വരുന്നതാണ് മനുഷ്യശരീരത്തെ കുറിച്ച്. അവയില്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ 78 അവയവങ്ങളുണ്ടെന്നാണ് ഇതുവരെ പഠിച്ചത്. എന്നാല്‍ ഇനി മുതല്‍ അതില്‍ ഒന്നു കൂടി കൂട്ടി പറയേണ്ടിവരും. ഇതുവരെ ആരും തിരിച്ചറിയാതെ പോയ ഒരു അവയവം കൂടി നമ്മുടെ ശരീരത്തിലുണ്ടെന്നാണ് പുതിയ കണ്ടുപിടുത്തം.
പുതിയ അവയവത്തിന് മെസെന്ററി എന്നാണ് പേരിട്ടിരിക്കുന്നത്. ഇത്രയും കാലം കണ്‍വെട്ടത്തു തന്നെ ഉണ്ടായിരുന്നിട്ടും ആരും തിരിച്ചറിയാപ്പെടാതെ പോയതായിരുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗമായ അവയവങ്ങളുടെ കൂട്ടമാണ് ഇതെന്നാണ് ഇത്രയും കാലം കരുതിയിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും ഇത് ഒറ്റ അവയവമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അയര്‍ലന്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തിയതിനു പിന്നില്‍.
ഉദര ഭിത്തിയായ പെരിട്ടോണിയത്തോട് കുടലിനേയും മറ്റും ചേര്‍ത്ത് നിര്‍ത്തുന്ന സ്തരങ്ങളുടെ മടക്കുകളാണ് മെസെന്ററി. ലിമറിക് സര്‍വ്വകലാശാലയിലെ സര്‍ജറി പ്രൊഫസര്‍ ജെ കാല്വിന് കൊഫീയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ശരീരശാസ്ത്ര രംഗത്തെ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
എന്നാല്‍ ഈ അവയവത്തിന്റെ ധര്‍മ്മം എന്താണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. മെസെന്ററി അവയവമാണെന്ന് തിരിച്ചറിയപ്പെട്ടതോടെ ഇതേ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി പുതിയ ശാസ്ത്രശാഖ തന്നെ രൂപീകരിക്കുമെന്ന് ഡോ. കാല്വിന് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിന്റെ വിശദമായ പ്രബന്ധം ആരോഗ്യ രംഗത്തെ ജേര്‍ണലായ ‘ദി ലാന്‍സെറ്റി’ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
500കളില്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പഠനങ്ങളില്‍ മെസെന്ററിയെ പറ്റി പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇത് അവയവമാണെന്ന കണ്ടെത്തല്‍ ഉണ്ടാകുന്നത്. ഈ കണ്ടെത്തലിന്റെ ഗുണഫലമായി ശരീരം അധികം കീറിമുറിക്കാതെ ശസ്ത്രക്രിയ നടത്താനും സങ്കീര്‍ണ്ണതയും ചെലവും കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.