വില്ലന്‍ വേഷങ്ങള്‍ ചെയ്‌തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേ; ബാബുരാജ് പറയുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:20 am

Menu

Published on February 15, 2017 at 2:17 pm

വില്ലന്‍ വേഷങ്ങള്‍ ചെയ്‌തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേ; ബാബുരാജ് പറയുന്നു

actor-baburaj-reveals-real-incident-behind-yesterday-attack

ആലുവ: കഴിഞ്ഞ ദിവസമാണ് തന്റെ ഉടമസ്ഥതയിലുള്ള ഇടുക്കി കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍ വെച്ച് നടന്‍ ബാബുരാജിന് വെട്ടേറ്റ വാര്‍ത്ത പുറത്ത് വന്നത്. ഈ സംഭവം ഏവരിലും ഞെട്ടലുണ്ടാക്കുകയും ചെയ്തു.

നാട്ടുകാരുമായുള്ള തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. ഇടുക്കി കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം.

റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുണ്ടായ തര്‍ക്കത്തിനിടെ എതിര്‍കക്ഷി വാക്കത്തിയെടുത്ത് ബാബുരാജിനെ വെട്ടുകയും ചെയ്തുെവന്നായിരുന്നു വാര്‍ത്ത വന്നത്.

ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ നീക്കമാണ് പ്രശ്‌നത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ബാബുരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്ന് വര്‍ഷം മുന്‍പ് മുഴുവന്‍ തുകയും നല്‍കിയാണ് സണ്ണി തോമസ് എന്നയാളില്‍ നിന്ന് ഈ വസ്തു താന്‍ വാങ്ങിയതെന്ന് ബാബുരാജ് പറയുന്നു. പക്ഷേ ആധാരം റജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുമ്പോഴാണ് സ്ഥലത്തിന്റെ ഉടമ ഇയാളല്ലെന്ന് അറിയുന്നത്.

ഇദ്ദേഹത്തിന്റെ പേര് സണ്ണി തോമസ് എന്നാണ്, അച്ഛന്റെ പേര് തോമസ് സണ്ണി എന്നും. സണ്ണിയുടെ വസ്തു എന്നാണ് ഈ സ്ഥലം അറിയപ്പെട്ടതും. അതിനാല്‍ വാങ്ങിയ കാലത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നുമില്ലെന്നും ബാബുരാജ് പറഞ്ഞു.

ആധാരം രജിസ്റ്റര്‍ ചെന്നപ്പോള്‍ മാത്രമാണ് ഈ നൂലാമാലകളെ കുറിച്ചൊക്കെ അറിയുന്നത്. തോമസ് സണ്ണിയുടെ നാലുമക്കള്‍ക്കും അവകാശമുള്ള ഭൂമിയാണിത്. അവരാരും അറിയാതെയാണ് സണ്ണി തോമസ് എന്ന വ്യക്തി ഭൂമി വിറ്റത്. ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയില്‍ വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ അവിടെ കുളം വറ്റിക്കാന്‍ ചെന്നതൊന്നുമല്ലെന്നും ബാബുരാജ് പറഞ്ഞു. വെള്ളം കുറഞ്ഞപ്പോള്‍ മോട്ടര്‍ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു. ആ കുളത്തില്‍ നിന്നും രണ്ടുവര്‍ഷമായിട്ട് അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നു വെള്ളമെടുത്തിരുന്നതെന്നും ബാബുരാജ് പറയുന്നു.

കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്തു. ഇദ്ദേഹം പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാര്‍ ട്രിബ്യൂണല്‍ കോടതിയില്‍ നിന്നും ഇന്‍ജങ്ഷന്‍ ഓര്‍ഡറുമായാണ് ചെന്നത്. അല്ലാതെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാന്‍ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്. ബാബുരാജ് ഒരു ആവശ്യവുമില്ലാതെ കുളം വറ്റിക്കാന്‍ പോയി എന്നതല്ല യഥാര്‍ഥ സംഭവം. സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്‌തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേ എന്ന അപേക്ഷ മാത്രമേയുള്ളൂവെന്നും ബാബുരാജ് പറയുന്നു.

നെഞ്ചില്‍ വെട്ടേറ്റ ബാബുരാജ് ഇപ്പോള്‍ ആലുവ  രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

Loading...

More News