Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാള ചലച്ചിത്ര നടന് കൊല്ലം അജിത് (56)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്ത്യം പുലര്‍ച്ചെ 3.40 ഓടെയായിരുന്നു. മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടു പോയ് വീട്ടിലെ പൊതു ദർശനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് സംസ്ക്കരിക്കും.
കൊല്ലം അജിത് തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഒരു നടനാണ് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . കൂടാതെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു . മാത്രമല്ല രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
കോട്ടയം സ്വദേശി റെയില്‍വേ സ്റ്റേഷന് മാസ്റ്ററായിരുന്ന പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. പത്മനാഭൻറെ ജോലി കൊല്ലത്തായിരുന്നു. അജിത് അവിടെ ജനിച്ചു വളര്‍ന്നതിനാലാണ് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേര്‍ത്തത്.
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് സിനിമയിൽ താരമായത്. സംവിധാന സഹായിയാകാന്‍ പോയി ഒടുവില്‍ നടനായി മാറുകയായിരുന്നു. സംവിധായകന് പത്മരാജന്റെ സഹായിയാകന്‍ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കുകയായിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയത് 1983 ലാണ്. പത്മരാജന് തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു.
അജിത് നായകരംഗത്തേക്ക് കടന്നുവന്നത് 1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയലായിരുന്നു . 2012 ല്‍ ഇറങ്ങിയ ഇവന് അര്‍ധനാരിയാണ് അവസാനമായ് അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവര്‍ മക്കളാണ്.