Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണാത്ത കാഴ്ചകള്‍.. കേള്‍ക്കാത്ത ശബ്ദങ്ങള്‍.. അറിയാത്ത മനുഷ്യര്‍..അടച്ചിട്ട നാല് ചുവരുകള്‍ക്കുള്ളിലല്ല. പുറത്തേക്കൊന്നിറങ്ങി നോക്കൂ.യാത്ര തന്നെയാണ് ആനന്ദം.വരുന്നത് മഞ്ഞുകാലമാണ്. യാത്ര ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴേ പോകണ്ട സ്ഥലങ്ങളെക്കുറിച്ച് പ്ലാന്‍ തയ്യാറാക്കി തുടങ്ങിയിട്ടുണ്ടാകും. ഇതാ മഞ്ഞുകാലത്ത് ഇന്ത്യയില്‍ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങള്‍..
ഹമ്പി
വടക്കന്‍ കര്‍ണാടകയിലെ ഒരു ഗ്രാമം. ചരിത്രാവശിഷ്ടങ്ങളും പൗരാണികസ്മരണകളും ഉറങ്ങുന്ന മണ്ണ്. 26 ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന ഹമ്പി ഒരത്ഭുതം തന്നെയാണ്. പഴമയുടെ സൗന്ദര്യവും വശ്യത നിറഞ്ഞ പ്രദേശവുമാണ് ഹമ്പിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
വിരുപക്ഷ ക്ഷേത്രം, ഹമ്പി ബസാര്‍, വിത്തല ക്ഷേത്രം, കല്ല് രഥം, ക്വീന്‍സ് ബാത്ത് എന്നിവ ഒരു കാലഘട്ടത്തിന്റെ സ്മാരകങ്ങളായി അവശേഷിക്കുന്നു.
ബാംഗ്ലൂരില്‍ നിന്ന് 353 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഹമ്പിയിലെത്താം. ഹോസപ്പേട്ടയാണ് ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍.
ജയ്പൂര്‍
കൊട്ടാരങ്ങളും കോട്ടകളും കണ്ടാസ്വദിക്കാന്‍ പറ്റിയ സമയമാണ് ഡിസംബര്‍. പകല്‍സമയം ജയ്പൂരിന്റെ ചരിത്രത്തെയും വാസ്തുവിദ്യയെയും അറിയാം. സായാഹ്നങ്ങളില്‍ മരുഭൂമികളിലൂടെ സവാരി ചെയ്യാം.
മണാലി
മഞ്ഞുകാലത്ത് ഏതെങ്കിലും ഹില്‍ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടോ? ഹിമാലയന്‍ താഴ്‌വരകളുടെ മടിത്തട്ടില്‍ ഒരു ശാന്തസുന്ദരഭൂമിയുണ്ട്. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രമാണ് മണാലി. പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍. ഹിമാലയന്‍ മലനിരകളുടെ സുന്ദരകാഴ്ചകളും ദേവദാരു മരങ്ങളും ബിയാസ് നദിയും മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് എന്നിങ്ങനെ സാഹസികപ്രേമികളെ കാത്ത് മണാലിയില്‍ നിരവധി സര്‍പ്രൈസുകളുണ്ട്.
ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയാണ് മണാലി.റോഡ് മാര്‍ഗ്ഗം മണാലിയിലെത്തിച്ചേരുകയായിരിക്കും ഉചിതം.
നോര്‍ത്ത് ഈസ്റ്റ് സര്‍ക്യൂട്ട് : ഷില്ലോങ്- ഇംഫാല്‍-കാസിരംഗ നാഷണല്‍ പാര്‍ക്ക്
എണ്ണിയാല്‍ തീരാത്ത വെള്ളച്ചാട്ടങ്ങള്‍, പുരാതനമായ തടാകങ്ങള്‍, മലനിരകള്‍..വിന്റര്‍ ഹോളിഡേക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയ ഇടം. സംസ്‌കാരം കൊണ്ടും ഭൂപ്രകൃതി കൊണ്ടും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍. ബുള്ളറ്റിലും മറ്റും റോഡ് മാര്‍ഗ്ഗം ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്.
സാഹസികത്ത് മുതിരാന്‍ താത്പര്യമില്ലെങ്കില്‍ ട്രെയിന്‍ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നതാകും ഉചിതം.
ചെന്നൈ
ഇന്ത്യയിലെ വലിയ നാലാമത്തെ നഗരം. ക്ഷേത്രങ്ങളും പള്ളികളും കടല്‍ത്തീരങ്ങളും ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ വേറിട്ടതാക്കുന്നു. മനോഹരകാഴ്ചകളാണ് ഈ നഗരത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മഹാബലിപുരത്തെ ശില്‍പ്പങ്ങളോട് കഥ പറഞ്ഞ് കഴിഞ്ഞവരെ കാത്ത് 50 കിലോമീറ്ററപ്പുറത്ത് ഒരു മായികഗ്രാമമുണ്ട്- കടപ്പാക്കം. ആലംപറൈ കോട്ടയുടെ അവശിഷ്ടങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രാജ്യത്തെ നീളം കൂടിയ കടല്‍ത്തീരമായ മറീന ബീച്ചിലിരുന്ന് സൂര്യാസ്തമയവും കണ്ട് മടങ്ങാം.
ഉത്തരാഖണ്ഡ്
മഞ്ഞുകാലത്തൊരു ജംഗിള്‍ സഫാരി. ആനപ്പുറത്തേറി റിവര്‍ റാഫ്റ്റിംഗും പ്രകൃതിമനോഹാരിതയും ആസ്വദിക്കണോ? നിങ്ങളുടെ ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ് തന്നെ. തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ദേവഭൂമി.
സാഹസികരല്ലാത്തവരെ കാത്ത് ഭയപ്പെടുത്തുന്ന യാത്രകളും ഉത്തരാഖണ്ഡിലുണ്ട്. ഡിസംബറില്‍ നൈനിറ്റാളിലെയുംം മൊസൂരിയിലെയും മഞ്ഞുവീഴ്ചകളും സഞ്ചാരികളെ അത്ഭുതപ്പെടുത്തും.
ഡല്‍ഹി
തലസ്ഥാനം സന്ദര്‍ശിക്കാന്‍ ഏറ്റവു അനുയോജ്യമായ സമയം വിന്റര്‍ തന്നെ. പൗരാണികവും ചരിത്രപരവുമായ പല പ്രത്യേകതകളുടെയും അക്ഷയഖനിയാണീ നഗരം. അക്ഷര്‍ധാം ക്ഷേത്രം, റെഡ് ഫോര്‍ട്ട്, കുതുബ് മിനാര്‍, ലോട്ടസ് ടെമ്പിള്‍, താജ്മഹല്‍..
കാണാന്‍ ഒട്ടേറെയുണ്ട്. ഒപ്പം ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന്് ഭക്ഷണം കഴിക്കാം. ഷോപ്പിങ്ങും ആസ്വദിക്കാം.
ലക്‌നൗ, ഉത്തര്‍പ്രദേശ്
ഇന്ത്യയിലെ പുരാതനമായ നഗരങ്ങളിലൊന്നാണ് ലക്‌നൗ. നവാബുമാരുടെ നഗരം. ചരിത്രപ്രാധാന്യമുള്ള കലക്കും സംസ്‌കാരത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന നഗരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. ബാരാ ഇമാംബരയും ഭൂല്‍ ഭുലയ്യയുമാണ് നഗരത്തിലെ പ്രധാന കാഴ്ചകള്‍.
നാവില്‍ വെള്ളമൂറിക്കുന്ന ലക്‌നൗ വിഭവങ്ങള്‍ക്ക് ഭക്ഷണപ്രിയരുടെ മെനുവില്‍ ഒന്നാം സ്ഥാനമാണ്.
ഗോവ
ഗോവയില്ലാതെ ഡിസംബര്‍ അപൂര്‍ണമാണ്. വര്‍ഷാവസാനം ഗോവയിലെത്തി മഞ്ഞുകാലം അവിസ്മരണീയമാക്കി ഒരു തകര്‍പ്പന്‍ ന്യൂ ഇയറും ആഘോഷിച്ച് മടങ്ങാം. സണ്‍ബര്‍ണ്‍ ഉത്സവമാണ് ഡിസംബറില്‍ ഗോവയിലെ പ്രധാന ആകര്‍ഷണം. ഗോവയുടെ തനത് സൗന്ദര്യത്തിനൊപ്പം സംഗീതവും ഇലക്ട്രോണിക് നൃത്തവും. ബീച്ചുകളും ഗോവ യാത്രയെ അവിസ്മരണീയമാക്കുമെന്നുറപ്പ്.
കഛ്, ഗുജറാത്ത്
ആഘോഷങ്ങളും ഉത്സവങ്ങളും സംസ്‌കാരവും കലയും സംഗമിക്കുമോള്‍ അത് കഛായി. കഛിലെ രാന്‍ മഹോത്സവം പ്രശസ്തമാണ്. ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന കടല്‍ത്തീരസൗന്ദര്യലും മനോഹരമായ ഭൂപ്രകൃതിയുമാണ് കഛിലെ പ്രധാന ആകര്‍ഷണം. കഛില്‍ നിന്ന് ധോളാവീരയിലെത്തിയാല്‍ ഉപ്പുപാടങ്ങളും കാണാം. ചരിത്രസ്മൃതികളുടെ മഹത്തായ ശേഷിപ്പുകളും കാണാം.