നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിച്ച് പരിശോധന; സ്ത്രീ ജീവനക്കാരുടെ അമിതാവേശം വിനയായെന്ന് സി.ബി.എസ്.ഇ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:43 pm

Menu

Published on May 9, 2017 at 4:56 pm

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിച്ച് പരിശോധന; സ്ത്രീ ജീവനക്കാരുടെ അമിതാവേശം വിനയായെന്ന് സി.ബി.എസ്.ഇ

cbse-clarification-on-neet-kannur-incident

ന്യൂഡല്‍ഹി: നീറ്റ് പ്രവേശന പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ സി.ബി.എസ്.ഇ ഖേദം പ്രകടിപ്പിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് സി.ബി.എസ്.ഇയുടെ ഖേദപ്രകടനം.

പരീക്ഷയ്ക്കു മുന്നോടിയായി സ്വീകരിച്ച സുരക്ഷാ നടപടികളില്‍ വീഴ്ചയില്ലെന്നും ചില സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. സുരക്ഷാ പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥിനിക്കു നേരിട്ട അപമാനത്തിന് നിരുപാധികം മാപ്പു ചോദിക്കാന്‍ കണ്ണൂര്‍ കൊവ്വപുരം ടി.ഐ.എസ്.കെ (ടിസ്‌ക്) സ്‌കൂള്‍ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയതായും സി.ബി.എസ്.ഇ വ്യക്തമാക്കി.

നേരത്തെ, പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ടി.ഐ.എസ്.കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെയും ഇതേ മാനേജ്‌മെന്റിനു കീഴിലെ തൊട്ടടുത്ത സ്‌കൂളിലെയും അധ്യാപകരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ദേഹപരിശോധനയ്ക്കു നേതൃത്വം നല്‍കിയ നാല് അധ്യാപികമാരെയും അന്വേഷണ വിധേയമായി ഒരു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു.

ഭാവിയില്‍ ഇത്തരം നിരുത്തരവാദിത്തപരമായ സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. അതേസമയം, കണ്ണൂരിലെ ടിസ്‌ക് സ്‌കൂളിലുള്ള പരീക്ഷാ കേന്ദ്രത്തില്‍ നടന്ന വിവാദ സംഭവങ്ങള്‍ മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്ന് വിശദീകരണക്കുറിപ്പിലുണ്ട്. സംഭവം നടന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പലോ, മറ്റ് അധ്യാപകരോ, രക്ഷിതാക്കളോ ഇതേക്കുറിച്ച് സിബിഎസ്ഇ അധികൃതരെ അറിയിച്ചിരുന്നില്ല.

നീറ്റ് പ്രവേശന പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികളെ സുരക്ഷാ പരിശോധനയുടെ പേരില്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അടിവസ്ത്രം പോലും ഊരി പരിശോധിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്നു സ്‌കൂളിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. പെണ്‍കുട്ടികളെ അപമാനിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുകയും ചെയ്തു.

സംഭവിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 

Loading...

More News