തൊഴിൽ അന്വേഷകരേ.. നിങ്ങൾ അകപ്പെടാൻ കെണികൾ ഏറെ..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 19, 2017 6:16 pm

Menu

Published on August 17, 2017 at 10:07 am

തൊഴിൽ അന്വേഷകരേ.. നിങ്ങൾ അകപ്പെടാൻ കെണികൾ ഏറെ..

employment-fraud-employment-cheating-things-to-take-care-while-applying-a-job

ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന ഒരു മേഖലയായി തൊഴിൽരംഗം ഇന്ന് വളർന്നിരിക്കുന്നു. എവിടെ നോക്കിയാലും തട്ടിപ്പുകൾ. ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങുന്നു.. ജോലി വാഗ്ദാനം ചെയ്യപ്പെട്ട് വിദേശത്തെത്തിയവർക്ക് പണത്തിനോടൊപ്പ മാനവും പോകുന്നു.. കോടികൾ വരുന്ന വമ്പൻ തട്ടിപ്പുകൾ വേറെ.. അങ്ങനെ നീളുന്നു ഈ ലിസ്റ്റ്.

പണ്ടുള്ളവരിൽ നല്ലൊരു ഭാഗം തൊഴിലധിഷ്ഠിത പഠനത്തോട് വേണ്ടത്ര ശ്രദ്ധ പുലർത്തിയിരുന്നില്ലെങ്കിൽ ഇന്ന്  കാര്യങ്ങൾ നേരെ തിരിഞ്ഞരിക്കുന്നു. ഏതൊരു വിദ്യാർഥിയും ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അതിനു പിന്നിലെ ജോലി സാധ്യതകൾ കൂടെ മുൻകണ്ടാണ് തീരുമാനമെടുക്കുന്നത്. എന്നാൽ ഈ തിരിച്ചറിവും ചിന്തയും യഥാവിധം ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ, അല്ലെങ്കിൽ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ പലരും വേണ്ടത്ര ഉപയോഗിക്കുന്നില്ല. ഇത് പലതരം കെണികളിലും ഇവരെ കൊണ്ടെത്തിക്കുന്നു.

ഓൺലൈനായി ജോലിക്ക് അപേക്ഷിക്കുമ്പോൾ അകപ്പെടാവുന്ന കെണികൾ

ഇന്നത്തെ കാലഘട്ടത്തിൽ ഏതൊരു തോഴിൽ അന്വേഷകനെ സംബന്ധിച്ചെടുത്തോളവും ഓൺലൈനായി ഒരു ജോലി നോക്കി കണ്ടെത്തൽ ആണ്  ആദ്യത്തെ പരിഗണന.  ഒട്ടനവധി വെബ്സൈറ്റുകളും ക്ലാസ്സിഫൈഡ്സ് പേജുകളും ഇന്റർനെറ്റിൽ സുലഭം. വെരിഫൈഡ് ആയ പല സൈറ്റുകളും നല്ല രീതിയിൽ തന്നെ അവരുടെ സേവനങ്ങൾ നടത്തുന്നുണ്ട്. പല ആളുകൾക്കും നല്ല കമ്പനികളിൽ ഈ സൈറ്റുകൾ വഴി  ജോലി ലഭിക്കുന്നുമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ കബളിപ്പിക്കപ്പെടുന്നതും ഇവിടെ തന്നെയാണ്. അതിലൂടെ വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും ചിലപ്പോഴെങ്കിലും മാന നഷ്ടവും സംഭവിച്ചേക്കാം. എങ്ങനെ ഇത്തരം കെണികളിൽ വീഴാതെ രക്ഷപ്പെടാം എന്ന് നോക്കാം.

1. വ്യക്തമായ ഐഡന്റിറ്റി ഉള്ള വെബ്സൈറ്റുകളിൽ വരുന്ന വെരിഫൈഡ് ആയ പരസ്യങ്ങളിൽ മാത്രം അപേക്ഷിക്കുക. Naukri, Indeed തുടങ്ങിയവ ഉദാഹരണം. ഇവയിലൊക്കെ വരുന്ന പരസ്യങ്ങളിൽ പൂർണമായി അല്ലെങ്കിലും ഒരു പരിധി വരെ നല്ല കമ്പനികൾ ആയിരിക്കും. ഇവയിൽ ഒരു അക്കൗണ്ട് കൂടെ തുടങ്ങിയാൽ നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുള്ള നോട്ടിഫിക്കേഷൻസും നിങ്ങൾക്ക് കിട്ടും.

2. ഇത്തരം സൈറ്റുകളിൽ ആണെങ്കിൽ പോലും നിങ്ങൾ ജോലി അപേക്ഷിച്ച കമ്പനിയെ സംബന്ധിച്ചു ഓൺലൈൻ ആയി ഒരു ചെറു പഠനം നടത്തുക. അങ്ങനെ ഒരു കമ്പനി ഉണ്ടോ, കമ്പനിക്ക് ഒരു വെബ്സൈറ്റ് ഉണ്ടോ, പരസ്യത്തിൽ കാണിച്ച നമ്പറുകൾ ഈ കമ്പനിയുടേത് തന്നെയാണോ എന്നിങ്ങനെ പരിശോധിക്കുക.

3. ജോലിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഒരിക്കൽ പോലും ഒരാൾക്കും ഓൺലൈൻ ആയി പണം അയച്ചുകൊടുക്കാതിരിക്കുക. വ്യക്തമായ തെളിവുകളുള്ള ചില കേസുകളിൽ ഒഴികെ. ഇത്തരക്കാരെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. നിങ്ങൾ ഒരു ജോലി അപേക്ഷിച്ച ഉടനെ വ്യക്തമായ തെളിവൊന്നും ഇല്ലാതെ, ഒരു കാൾ പോലും ചെയ്യാതെ, നിങ്ങളുടെ യോഗ്യത കൂടെ ചോദിക്കാതെ വമ്പൻ ശമ്പളം ഇവർ നിങ്ങൾക്ക് ഓഫ്ഫർ ചെയ്യും. അങ്ങനെ ഒരു ഓഫ്ഫർ കിട്ടുമ്പോൾ മനസ്സിലാക്കുക, ഇതിൽ എന്തോ പന്തികേട് ഉണ്ട് എന്ന്.

4. ചില ജോലികൾക്ക് നിങ്ങൾ അപേക്ഷിച്ച ഉടനെ നിങ്ങൾക്ക് ചെയ്യാൻ എളുപ്പമുള്ള ചില ചോദ്യങ്ങൾ, ടാസ്ക്കുകൾ എന്നിവ അവർ നിങ്ങൾക്ക് തരും. അവ നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുമെന്ന് അവർക്ക് നല്ലവണ്ണം അറിയാം. ഒരിക്കൽ നിങ്ങൾ അവ ശരിയായി ചെയ്തു അയച്ചു കൊടുത്താൽ പിന്നീട് നിങ്ങളുടെ കൂടുതൽ വ്യക്തിപരമായ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടും. അത്തരക്കാര്ക്ക് യാതൊരു വിധത്തിലുള്ള വിവരങ്ങളും പങ്കുവെക്കാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കുക.

കൺസൾട്ടൻസികൾ വഴി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ.

ഓൺലൈൻ പോലെ തന്നെ ജോബ് കൺസൾട്ടൻസികൾ വഴിയും നല്ലൊരു പക്ഷം ആളുകൾ ജോലിക്ക് അപേക്ഷിക്കാറുണ്ടല്ലോ. എന്നാൽ ഇന്നത്തെ കാലത്ത് പലരുടെയും അനുഭവത്തിന്റെ വെളിച്ചത്തിൽ നിലവിൽ കേരളത്തിലുള്ള ഇത്തരം സ്ഥാപനങ്ങളിൽ മുപ്പത് ശതമാനവും തട്ടിപ്പുകളാണ്. അല്ലെങ്കിൽ വേണ്ടത്ര ഉപകാരപ്രദല്ല. ഈ രീതിയിൽ ജോലിക്ക് ശ്രമിക്കുമ്പോൾ എന്തൊക്കെ നോക്കണം.

1.നിലവാരമുള്ള കൺസൾട്ടൻസികളിൽ മാത്രം അപേക്ഷിക്കുക. പ്രത്യേകിച്ച് വിദേശത്തേക്ക് എല്ലാം ജോലിക്ക് അപേക്ഷിക്കുമ്പോൾ. ഒരു ഓഫീസിൽ കയറിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും ആ സ്ഥാപനത്തിന്റെ നിലവാരം. ആ ഓഫീസിന്റെ ക്ലയന്റ് ലിസ്റ്റ് ഒന്ന് കിട്ടുമോ എന്നും ശ്രമിക്കുക.

2.മുൻകൂറായി പല സ്ഥാപനങ്ങളും ഒരു ഫീസ് നിങ്ങളോടു വാങ്ങും. 200 മുതൽ 5000  വരെ നീളുന്നു പലയിടത്തും. ഇങ്ങനെ ഫീസ് ആവശ്യപ്പെടുമ്പോൾ ജോലി ലഭിക്കാനുള്ള ഒരു സാധ്യത കൂടെ മനസ്സിൽ കണ്ടു മാത്രം ഫീസ് കൊടുക്കുക. കാരണം പല സ്ഥാപനങ്ങളും ഒരു തുക ഫീസ് വാങ്ങി ഒന്നോ രണ്ടോ ആഴ്ച നിങ്ങളെ അവിടെ ഇവിടെ എന്നും പറഞ്ഞു ചില ഇന്റർവ്യൂകൾക്ക് പറഞ്ഞയക്കുകയും ചെയ്യും. പക്ഷെ ഒന്നും കിട്ടാതെ വരുമ്പോൾ ആ ഫീസും പോകും ജോലിയും കിട്ടില്ല.

3. ചില സ്ഥാപനങ്ങൾ ജോലി കിട്ടിയാൽ ആദ്യത്തെ ശമ്പളം, അല്ലെങ്കിൽ ആദ്യത്തെ ശമ്പളത്തിന്റെ പകുതി അവരുടെ ഫീസ് ആയിട്ട് നിശ്ചയിക്കാറുണ്ട്. ഇതിനു നിങ്ങൾ സമ്മതിക്കുന്ന തരത്തിലുള്ള ഒരു നല്ല ജോലി ആണ് എങ്കിൽ മാത്രം ഇതിനു സമ്മതിക്കുക. പിന്നീട് ഇത് ഒരു പ്രശ്നം ആവരുത്. ഇത്തരം സ്ഥാപനങ്ങൾ നിന്ന് പോകണമെങ്കിൽ അവർക്കും പണം വേണമല്ലോ. അത്കൊണ്ട് മികച്ച ഒരു ഓഫർ ആണ് എങ്കിൽ ധൈര്യമായി ഇതിനു സമ്മതിക്കാം. പക്ഷെ ജോലി കിട്ടി ശമ്പളം കിട്ടിയതിനു ശേഷം മാത്രമേ പണം തരുകയുള്ളൂ എന്ന നിബന്ധനയിൽ ഉറച്ചു നിൽക്കണം. വിദേശത്തൊക്കെ ആണെങ്കിൽ ചുരുങ്ങിയത് ഒരു രണ്ടു മൂന്നു മാസത്തെ സാവകാശം ചോദിക്കുക. അവിടെ എത്തി ആദ്യ മാസശമ്പളം തന്നെ ഇവർക്ക് കൊടുത്താൽ റൂമിനും മറ്റു ചിലവുകൾക്കും നിങ്ങൾ ബുദ്ധിമുട്ടിയേക്കാം.

4. അമിതമായ വാഗ്ദാനങ്ങളിൽ വഞ്ചിതരാവാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ യോഗ്യതക്കും കഴിവിനും അതീതമായ ഒരു ജോലി ആണ് അവർ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതെങ്കിൽ അല്പം ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

പത്രങ്ങളിൽ വരുന്ന ചില പരസ്യങ്ങൾ

സാധാരണക്കാരായ ആളുകളിൽ പലരും ഇന്നും പത്രങ്ങളിലെ ജോലി പരസ്യങ്ങളിൽ അപേക്ഷകൾ അയക്കുന്നവരാണ്. ഇവയിൽ മിക്കതും നല്ല കമ്പനികളും പരസ്യങ്ങളും ആയിരിക്കും. പക്ഷെ ഈ രംഗവും തട്ടിപ്പുകളിൽ നിന്നും മുക്തമല്ല എന്നത് വാസ്തവം തന്നെ. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

1.”ജില്ലാ ഓഫീസുകളിൽ സ്ഥിരനിയമനം”, “+2 കഴിഞ്ഞവർക്ക് ഓഫീസ് ജോലി, ശമ്പളം 12000-30000”, “മാർക്കറ്റിങ് സ്റ്റാഫിനെ കേരളത്തിലുടനീളം നിയമിക്കുന്നു”…. ഇങ്ങനെ തുടങ്ങി ഒട്ടനവധി പരസ്യങ്ങൾ കാണാം ദിനവും. ഇവ തട്ടിപ്പുകളാണെന്നു പറയാൻ പറ്റില്ല. ഇവയെല്ലാം ഒരു ജോലി തരുന്നുണ്ട്. പക്ഷെ പരസ്യത്തിൽ പറഞ്ഞ പോലെ ആയിരിക്കില്ല ജോലിയുടെ സ്വഭാവം. പലതും വീടുകൾ തോറും കേറിയിറങ്ങി നടത്തേണ്ട സെയിൽസ് ജോലികൾ ആവും. ഇത്തരം ജോലികളിൽ കഴിവതും പോകാതിരിക്കുന്നതാണ് ഉചിതം. ഉയർന്ന ശമ്പളവാഗ്ദാനവും പൊള്ളയായ സ്ഥാനക്കയറ്റങ്ങളുടെ വീമ്പു പറച്ചിലുകളും നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ഏതോ വലിയ എന്തോ ആണെന്ന് തോന്നിപ്പിക്കാൻ ദിനവും രാവിലെ നടത്തുന്ന മീറ്റിങ്ങുകളും യാതൊരു ആവശ്യവുമില്ലാത്ത, എന്നാൽ സാധാരക്കാരായ പാവം പിടിച്ച ആളുകളെ പറ്റിക്കുന്ന, വലയിൽ വീഴ്‌ത്തുന്ന രീതിയിലുള്ള മോടീവേഷൻ ക്ലാസ്സുകളും ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷണമായിരിക്കും. അവസാനം മൂന്നോ നാലോ മാസം നിങ്ങൾ അവിടെ ജോലി ചെയ്തു കയ്യിൽ ഒന്നുമില്ലാതെ മടങ്ങേണ്ട അവസ്ഥയാണ് ഇവയിൽ ഭൂരിഭാഗം ആളുകൾക്കും സംഭവിക്കുക.

2. “നിങ്ങൾക്ക് അറിയാവുന്ന ജോലി എന്തുമാവട്ടെ, അതിനു ഞങ്ങൾ അംഗീകൃത ഡിപ്ലോമ തരുന്നു” എന്ന രീതിയിൽ വരുന്ന ഒരു പരസ്യം നിങ്ങൾ ഒരു തൊഴിൽ അന്വേഷകർ ആണെങ്കിൽ തീർച്ചയായും പത്രങ്ങളിൽ കണ്ടിരിക്കും. ഇവയിൽ ഒന്നോ രണ്ടോ സ്ഥാപനങ്ങൾ ഒഴികെ പലതും ശുദ്ധ തട്ടിപ്പുകൾ തന്നെയാണ്. നൂറു ശതമാനം അന്വേഷിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഇത്തരം പരസ്യങ്ങളിൽ അപേക്ഷിക്കുക.

ഈ പറഞ്ഞവയെല്ലാം സാധാരണ ഒരു തൊഴിൽ അന്വേഷകന് തന്റെ സ്വബുദ്ധി ഉപയോഗിച്ചും സാമാന്യ വിവരം കൊണ്ടും മനസ്സിലാക്കിയെടുക്കാവുന്നതേ ഉള്ളൂ. ഇതേ പോലെ ഒരുപാട് ചതിക്കുഴികൾ ഈ മേഘലയിൽ വേറെയും കാണാം. എന്ത് ചെയ്യുമ്പോളും കൃത്യമായ മുൻകരുതലുകളും അന്വേഷങ്ങളും നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കുക. സ്വന്തമായി ഒരു തീരുമാനത്തിൽ എത്താൻ പറ്റാത്ത കാര്യങ്ങൾ വേറെ ഒരാളുടെ ഉപദേശം തേടുക. എല്ലാവിധ ഭാവുകങ്ങളും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News