Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: തന്റെ കാമുകിക്ക് വാലന്റൈന്‍സ് ദിനത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ യുവാവ് 2000 രൂപ നോട്ട് കൊണ്ട് കാര്‍ അലങ്കരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. വാട്ട്‌സ്ആപ്പ് അടക്കമുള്ളവയിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു.
നാട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന യഥാര്‍ത്ഥ വിവരങ്ങള്‍. കേട്ടപാതി ഇത് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് നല്ല പണിയാണ് കിട്ടിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായ കാറിന്റെ ചിത്രത്തിന് വലന്റൈന്‍സ് ദിനവുമായോ കാമുകനുമായോ കാറിനു യാതൊരു ബന്ധവുമില്ല. കാറില്‍ പതിച്ച നോട്ടുകളും ഒറിജനലല്ല. 2000 രൂപ നോട്ടിന്റെ ചിത്രം സ്റ്റിക്കര്‍ പോലെ പ്രിന്റ് ചെയ്തതായിരുന്നു ഇത്.
ഒരു കാര്‍ വിതരണ സ്ഥാപനം പ്രചാരണാര്‍ഥം പുറത്തിറക്കിയ ഡെമോ കാറായിരുന്നു ഇത്. ബൈക്കിന്റെ ഇ.എം.ഐയില്‍ ഒരു കാര്‍ സ്വന്തമാക്കാം എന്നതായിരുന്നു ഇവരുടെ പരസ്യവാചകം. അതിനായാണ് അവര്‍ 2000 രൂപ നോട്ടുകളുടെ ചിത്രങ്ങള്‍ കാറില്‍ പതിച്ചത്.
വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ ഞെട്ടിക്കാന്‍ വ്യത്യസ്തമായ സമ്മാനമൊരുക്കിയ യുവാവ് പുലിവാല്‍ പിടിച്ചു, 2000 രൂപയുടെ നോട്ടുകൊണ്ട് കാര്‍ പൂര്‍ണമായി അലങ്കരിച്ച യുവാവിനെ പൊലീസ് പിടികൂടി, എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്.