Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : അപകടത്തില്‍ പെട്ട് ചോരയൊലിച്ച് റോഡിൽ കിടന്നയാൾക്ക് രക്ഷകനായെത്തിയത് നടൻ ജയസൂര്യ. അപകടത്തിൽപ്പെട്ട് കിടക്കുന്നയാളെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കി നില്ക്കുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്കായിരുന്നു ജയസൂര്യ എത്തിയത്. കൊച്ചിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. ബംഗാള്‍ സ്വദേശിയായ ഥാപ്പ എന്നയാളെയാണ് ജയസൂര്യ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചത്.സംഭവത്തെ കുറിച്ച് ജയസൂര്യ പറഞ്ഞത് ഇങ്ങനെ….
“അങ്കമാലിയിലെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്റോണ്‍ മാളിന് സമീപത്ത് എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം കണ്ടു. അപകടമാണെന്ന് മനസിലായതോടെ ഡ്രൈവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു.’
‘അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.’
‘ആശുപത്രിയിലെ പലരും വിചാരിച്ചത് എന്റെ വണ്ടിയാണ് ഇയാളെ തട്ടിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി.’
‘വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല. ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആശുപത്രിയില്‍ എത്തിക്കണം. ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുത്.”
സമൂഹത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളിലും ജയസൂര്യ ഇടപെടാറുണ്ട്. സോഷ്യല്‍ മീഡിയവഴിയും അല്ലാതെയും തന്റെ നിലപാട് ജനങ്ങളിലേയ്ക്ക് ഇദ്ദേഹം എത്തിക്കാറുമുണ്ട്.