പട്ടം പറത്തി ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്തുന്ന നാട്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:26 am

Menu

Published on January 10, 2018 at 5:46 pm

പട്ടം പറത്തി ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്തുന്ന നാട്

gujarat-international-kite-festival

ചെറുപ്പത്തില്‍ പട്ടം പറത്താത്ത കുട്ടികള്‍ കുറവായിരിക്കും. ഇന്നും ബീച്ചിലും മറ്റും പോയാല്‍ ഇത്തരത്തില്‍ പട്ടം പറത്തുന്ന കുരുന്നുകളെ കാണാം. പട്ടം പറത്തല്‍ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ?

പട്ടം പറത്തി ജീവിതം ആഘോഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റിയ ഒരു ആഘോഷമുണ്ട്, ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍. എല്ലാ വര്‍ഷവും മകരസംക്രാന്തിയുടെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്.

ഗുജറാത്തിലെ ഹിന്ദു വിശ്വാസമനുസരിച്ച് ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താനാണേ്രത ആകാശത്തേക്ക് പട്ടം പറപ്പിക്കുന്നത്. ഒരു കാലത്ത് രാജാക്കന്‍മാരുടെയും ഉന്നത കുടുംബക്കാരുടെയും മാത്രം കുത്തകയായിരുന്നുവത്രെ പട്ടം പറത്തല്‍. കാലക്രമേണ ഇത് സാധാരണക്കാരുടെ ഇടയിലും പ്രശസ്തമാവുകയായിരുന്നു.

തുടര്‍ച്ചയായി 27-ാം വര്‍ഷമാണ് ഗുജറാത്ത് കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്. 1989 ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് കൈറ്റ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഉത്തരായനം ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു കൈറ്റ് ഫെസ്റ്റിവലിന്റെ തുടക്കം. നമ്മുടെ നാട്ടിലെ മകരസംക്രാന്തിക്കും തമിഴ്നാട്ടിലെ പൊങ്കലിനും തുല്യമാണ് ഗുജറാത്തിലെ ഉത്തരായനം.

എല്ലാ വര്‍ഷവും ജനുവരി 7 മുതല്‍ 15 വരെയാണ് ഇവിടെ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുക. ജനുവരി 14-നാണ് ഏറ്റവും വലിയ ആഘോഷം നടക്കുക. തുടര്‍ച്ചയായി ഇത് 27-ാം വര്‍ഷമാണ് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന് വേദിയാകുന്നത്. അതുകൊണ്ടുതന്നെ അഹമ്മദാബാദ് അറിയപ്പെടുന്നത് ഗുജറാത്തിന്റെ കൈറ്റ് ക്യാപ്പിറ്റല്‍ എന്നാണ്.

കൈറ്റ് ഫെസ്റ്റിവലിനു നടക്കുന്ന പട്ടം പറത്തല്‍ മത്സരമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ടെറസിന്റെ മുകളില്‍ നിന്ന് അന്നേ ദിവസം ആളുകള്‍ തങ്ങളുടെ പട്ടവുമായാണ് മത്സരത്തിനിറങ്ങുക. മറ്റുള്ളവരുടെ പട്ടങ്ങളെ താഴെ വീഴിക്കാനും മുറിച്ചിടാനുമൊക്കെ മുതിര്‍ന്നവരടക്കം മത്സരിക്കും.

പ്ലാസ്റ്റിക്, ഇലകള്‍, തടി, ലോഹങ്ങള്‍, നൈലോണ്‍ തുടങ്ങി വിവിധയിനം വസ്തുക്കള്‍ കൊണ്ടുള്ള പട്ടങ്ങള്‍ മത്സരത്തില്‍ കാണാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ജപ്പാന്‍, ഇറ്റലി, യുകെ, കാനഡ, ബ്രസീല്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, യുഎസ്എ, മലേഷ്യ, സിങ്കപ്പൂര്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകളെത്തുന്നത്.

കൈറ്റ് ഫെസ്റ്റിവലിന്റെ സമയത്ത് പകല്‍ പട്ടങ്ങളാണ് ആകാശത്തിലെ രാജാക്കന്‍മാരെങ്കില്‍ രാത്രി അത് റാന്തലുകള്‍ക്ക് വഴി മാറും. രാത്രിയില്‍ ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന റാന്തലുകളുടെ കാഴ്ച അതിമനോഹരമാണ്.

അഹമ്മദാബാദില്‍ മാത്രമല്ല, ഇന്ത്യയുടെ പലഭാഗങ്ങളിലും മകരസംക്രാന്തിയോടനുബന്ധിച്ച് കൈറ്റ് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. ജയ്പൂര്‍, ഉദയ്പൂര്‍, സൂറത്ത്, വഡോധര, രാജ്കോട്ട്, ഹൈദരാബാദ്. നദിയാഡ് തുടങ്ങിയ സ്ഥലങ്ങളാണ് മറ്റുള്ളവ. എന്നാല്‍ ഗുജറാത്ത് മാത്രമാണ് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായിരിക്കുന്നത്.

Loading...

More News