സംസ്ഥാനത്ത് മഴക്കെടുതിയിൽ 3 മരണം.. Heavy rain and deaths

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2019 2:14 pm

Menu

Published on July 23, 2019 at 2:50 pm

സംസ്ഥാനത്ത് മഴക്കെടുതിയിൽ 3 മരണം..

heavy-rain-and-deaths

മഴക്കെടുതികളിൽ സംസ്ഥാനത്തു 3 പേർ കൂടി മരിച്ചു. ഒരാളെ കാണാതായി. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രാമല്ലൂർ പുതുകുളങ്ങര കൃഷ്ണൻകുട്ടി (65) മരിച്ചു. ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവേ കാൽ വഴുതി വീഴുകയായിരുന്നു. മലപ്പുറത്ത് താനാളൂർ വെള്ളിയത്ത് മുസ്തഫയുടെ മകൻ ലബീബ് (20) പുഴയിൽ ഒഴുക്കിൽപെട്ടു മരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം കിഴക്കാരിയിൽ ചന്ദേക്കാരൻ രവിയുടെ മകൻ റിദുൽ (22) കുളത്തിൽ വീണു മരിച്ചു.

ഇരിട്ടിയിൽ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ കോളിത്തട്ട് കാരിത്തടത്തിൽ ലിതീഷിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ തുടരുന്നു. ജീപ്പ് കണ്ടെത്തി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കിൽപെട്ടത്.

തിരുവനന്തപുരം∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തു മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. സംസ്ഥാനത്ത് ഇന്നലെ 11 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു.

കനത്ത മഴയെ തുടർന്നു സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാംപുകളിലായി 1519 പേർ കഴിയുന്നു. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാംപുകൾ; ജില്ലയിൽ 9 ക്യാംപുകളിലായി 208 പേരുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർ ക്യാംപുകളിൽ കഴിയുന്നത്. 4 ക്യാംപുകളിലായി 680 പേർ. പത്തനംതിട്ടയിൽ 2 ക്യാംപുകളിലായി 201 പേരും ആലപ്പുഴയിൽ 3 ക്യാംപുകളിലായി 288 പേരുമുണ്ട്. കണ്ണൂർ നഗരത്തിലെ 2 ദുരിതാശ്വാസ ക്യാംപുകളിലായി 89 പേർ കഴിയുന്നു.

Loading...

More News