വീട്ടില്‍ ബോണ്‍സായി ഒരുക്കാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:17 am

Menu

Published on May 17, 2017 at 3:21 pm

വീട്ടില്‍ ബോണ്‍സായി ഒരുക്കാം

how-to-plant-bonsai-home

ഉദ്യാനകൃഷിയില്‍ ഏറ്റവും വിളവുള്ളതും കൗതുകം നിറഞ്ഞ അലങ്കാരമുള്ളതുമായ ഇനമാണ് ബോണ്‍സായി. വീടിനകത്തും പൂന്തോട്ടത്തിലും ഒഴിച്ചുകൂടാത്ത ഒന്നായി ഇന്ന് ബോണ്‍സായി ഇനത്തിലെ അലങ്കാര ചെടികള്‍ മാറിക്കഴിഞ്ഞു.

പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളന്‍ മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ബോണ്‍സായ് വിപ്ലവത്തിലേക്ക് എത്തിച്ചത്.

ബോണ്‍സായി മരങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ ഏറെ നാളത്തെ പ്രയത്നം വേണം. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ അലങ്കരിക്കുന്നതിന് ഉപയോഗിക്കുന്ന ബോണ്‍സായി വൃക്ഷങ്ങള്‍ക്ക് 5000 മുതല്‍ 25,000 രൂപ വരെ വിലയുണ്ട്.

ബോണ്‍സായി വളര്‍ത്തുന്നതിന് വിവിധ ഘട്ടങ്ങളുണ്ട്. ചെടി തിരഞ്ഞെടുക്കലാണ് ബോണ്‍സായി വളര്‍ത്തലിന്റെ ആദ്യഘട്ടം. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഏതു ചെടിയെയും ബോണ്‍സായി ആക്കാം. അരയാല്‍, പേരാല്‍, ബെഞ്ചാമിന, പൈന്‍, കള്ളി, ചെമ്പകം, നെല്ലി, നാരകം, മാത്തും, പേര, സപ്പോട്ട, കാറ്റാടി, ചുക്കാലി എന്നിവയും ബോണ്‍സായി ആക്കാം.

ഏകദേശം 15 മുതല്‍ 20 വര്‍ഷം വരെ ഒരു ബോണ്‍സായി ചെടിയുണ്ടാകുവാന്‍ ആവശ്യമാണ് എന്നത് തന്നെ ക്ഷമയുടെ പ്രധാന്യം സൂചിപ്പിക്കുന്നു. ആദ്യത്തെ എട്ട് മുതല്‍ 10 വര്‍ഷം വരെ തിരഞ്ഞെടുക്കുന്ന ചെടിയുടെ തൈകള്‍ ചെടിച്ചട്ടിയില്‍ സ്വതന്ത്രമായി നട്ട് വളര്‍ത്തുന്നു. അതിന് ശേഷമാണ് അവയെ നിയന്ത്രിക്കുവാന്‍ ആരംഭിക്കുന്നത്.

വിത്തുകള്‍ ചട്ടിയില്‍ മുളപ്പിക്കുന്നതിനേക്കാള്‍ ഉചിതം പാറയിടുക്കുകളില്‍ വളരുന്ന പ്രായമില്ലാത്ത തൈകള്‍ ചട്ടിയിലേക്ക് പറിച്ചുനടുന്നതാണ്. മതിലുകളില്‍ മുരടിച്ചുനില്ക്കുന്ന ചെടികളെ വേരിന് കേടുപറ്റാതെ ഇളക്കിയെടുത്തും ബോണ്‍സായി ആക്കാം.

പരന്ന പാത്രങ്ങളിലാണ് ഇവ നടേണ്ടത്. സിമന്റ്, തടി, പോഴ്സ്ലൈന്‍ എന്നിവ കൊണ്ടുള്ള പാത്രങ്ങളാണ് നല്ലത്. ജലനിര്‍ഗമനത്തിന് നാലഞ്ച് ദ്വാരങ്ങള്‍ വേണം. പാത്രത്തിന്റെ പൊക്കത്തിന്റെ എട്ടിലൊന്നുഭാഗം ചെറിയ ഓടുകഷണങ്ങള്‍ പാകണം. പകരമായി ചരലും മണലും ഉപയോഗിക്കാം. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, ഇലകള്‍ അഴുകിപ്പൊടിഞ്ഞ മണ്ണ്, തരിയില്ലാത്ത മണല്‍ എന്നിവ സമമായി ചേര്‍ത്ത് പാത്രത്തിന്റെ പകുതിവരെ നിറയ്ക്കുക. അതിനുശേഷം ചെടികള്‍ പാത്രത്തിലേക്ക് നടാം.

നന്നായി നനച്ച് രണ്ടാഴ്ചയോളം പകുതി തണലില്‍ വെക്കണം. ദിവസം രണ്ടു നേരമെങ്കിലും നനയ്ക്കണം. മാസത്തിലൊരിക്കല്‍ ചാണകമോ കടലപ്പിണ്ണാക്കോ പത്തിനൊന്ന് എന്ന തോതില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം.

ബോണ്‍സായിയുടെ രൂപം ക്രമീകരിക്കലാണ് അടുത്ത ഘട്ടം. തായ്ത്തടിയും ശിഖരങ്ങളും കമ്പി ഉപയോഗിച്ച് ആവശ്യമായ രീതിയില്‍ വളച്ചെടുക്കണം. പിന്നീട് മുളകള്‍ നുള്ളിമാറ്റുകയും ഇലകളും ചെറുശിഖരങ്ങളും കോതുകയും ചെയ്യുക.

അലൂമിനിയം കമ്പിയോ ചെമ്പുകമ്പിയോ ഉപയോഗിച്ച് ശിഖരങ്ങളെ വളച്ചെടുക്കാം. വണ്ണംകൂടിയ കമ്പി തടിയോടു ചേര്‍ത്ത് മണ്ണിലിറക്കി അടിഭാഗം ചെടിച്ചട്ടിയുടെ ജലനിര്‍ഗമന ദ്വാരത്തിലൂടെ പുറത്തെടുത്ത് ചട്ടിയില്‍ ബന്ധിപ്പിക്കുന്നത് നന്ന്. ഇതേ കമ്പി ശിഖരങ്ങളിലും ചുറ്റി ആവശ്യമായ ദിശയിലേക്ക് വളച്ചടുക്കാം. എല്ലാ വര്‍ഷവും തൈകളുടെ തായ്വേര് കൂടുതല്‍ താഴോട്ട് വളരാന്‍ അനുവദിക്കാതെ ചുവട്ടില്‍നിന്നും വെട്ടിമാറ്റണം.

വൃക്ഷങ്ങളിലെ കുള്ളന്മാരാണ് ബോണ്‍സായികള്‍. വളര്‍ച്ച മുരടിപ്പിച്ചുനിര്‍ത്തുന്നെങ്കിലും തനി വൃക്ഷങ്ങള്‍തന്നെയാണിവ.

Loading...

More News