Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. നേരത്തെ ഒന്നാം സ്ഥാനം പങ്കിട്ടിരുന്ന ആര്‍. അശ്വിനെ പിന്തള്ളിയാണ് ജഡേജയുടെ നേട്ടം.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റെടുത്തത് ജഡേജയ്ക്ക് സഹായകമായി. ആദ്യ ഇന്നിങ്സില്‍ 124 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ജഡേജ രണ്ടാം ഇന്നിങ്സില്‍ 52 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
899 റേറ്റിങ്ങ് പോയിന്റുള്ള ജഡേജ അശ്വിനുശേഷം ഇത്രയും പോയിന്റിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ്. മൂന്നാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് മാത്രം നേടാനായ അശ്വിന്‍ ഇതോടെ 862 പോയിന്റുമായി രണ്ടാമതായി.
അതേസമയം മൂന്നാം ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ചേതേശ്വര്‍ പൂജാര രണ്ടാമതെത്തി. ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണെ മറികടന്നാണ് പൂജാരയുടെ നേട്ടം. വില്ല്യംസണ്‍ അഞ്ചാം സ്ഥാനത്തായി. ജോ റൂട്ടും വിരാട് കോഹ്‌ലിയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം തുടരുന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ ഒന്നാമത്. 941 റേറ്റിങ് പോയിന്റാണ് സ്മിത്തിനുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിനെ പിന്തള്ളി ബംഗ്ലാദേശ് താരം ഷക്കീബ ഉല്‍ ഹസ്സനാണ് ഒന്നാമത്.