പട്ടിണി-കിടന്നാണ്-അതിര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:01 am

Menu

Published on January 10, 2017 at 11:25 am

പട്ടിണി കിടന്നാണ് അതിര്‍ത്തി കാക്കുന്നത്; ജവാന്റെ വീഡിയോ വൈറല്‍

in-viral-video-bsf-jawan-talks-of-ill-treatment-bad-food-rajnath-singh-seeks-report-india-pak-border

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടിയുള്ള ജവാന്റെ വീഡിയോ വൈറലാകുന്നു.

ജമ്മു കാശ്മീരിലെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ 29 ബറ്റാലിയനിലെ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തിയിലെ ജവാന്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ പലപ്പോഴും കാവല്‍ നില്‍ക്കുന്നത് വിശപ്പു സഹിച്ച് കാലിവയറോടു കൂടിയാണെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലത്തതാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജവാന്‍ വ്യക്തമാക്കുന്നു.

ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാലുമിനിട്ടുള്ള മൂന്നു വിഡിയോയാണ് യാദവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് ഇവിടെ പട്ടാളക്കാര്‍ക്ക് ലഭിക്കുന്നതെന്ന് യാദവ് വിഡിയോയിലൂടെ ആരോപിക്കുന്നു. ഒരു പൊറോട്ടയും ചായയും മാത്രമാണ് പ്രഭാത ഭക്ഷണം. കറിയായി അച്ചാറോ പച്ചക്കറിയോ ഒന്നും കിട്ടാറില്ല. മഞ്ഞളും ഉപ്പും മാത്രം ചേര്‍ത്ത പരിപ്പുകറിയാണ് ഉച്ചയ്ക്ക് റൊട്ടിക്കൊപ്പം ലഭിക്കുന്നത്.

പ്രതികൂല കാലാവസ്ഥയില്‍ 11 മണിക്കൂറോളം കാവല്‍ നില്‍ക്കുന്നവരാണ് തങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചില രാത്രികളില്‍ ഭക്ഷണം പോലും കഴിക്കാതെ, ഒഴിഞ്ഞ വയറുമായാണ് ഉറങ്ങാന്‍ പോകുന്നതെന്നും യാദവ് പരിതപിക്കുന്നു.

സൈനികര്‍ക്കു വേണ്ടിയുള്ള സാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയാണെന്നും യാദവ് ആരോപിക്കുന്നു. അധികാരമുള്ളവര്‍ക്കെതിരെ സംസാരിക്കുന്നതിനാല്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്നും യാദവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ബി.എസ്.എഫും വ്യക്തമാക്കിയിട്ടുണ്ട്. 2010ല്‍ കോര്‍ട്ട് മാര്‍ഷലടക്കമുള്ള നടപടികള്‍ നേരിട്ടയാളാണ് യാദവെന്നും നാലു വര്‍ഷത്തിനുശേഷമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്നും ബി.എസ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

More News