വാല്‍പ്പാറയില്‍ നാലുവയസുകാരനെ കൊന്ന പുലി പിടിയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:08 am

Menu

Published on February 14, 2018 at 11:16 am

വാല്‍പ്പാറയില്‍ നാലുവയസുകാരനെ കൊന്ന പുലി പിടിയില്‍

leopard-caught-valparai-which-killed-a-boy

വാല്‍പ്പാറ: വാല്‍പ്പാറയ്ക്കടുത്ത് നാലുവയസുകാരനെ കൊന്ന പുലിയെ പിടികൂടി. കുട്ടിയെ കൊന്ന സ്ഥലത്തിനടുത്തായി വനംവകുപ്പ് വെച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പുലി കുടുങ്ങിയത്.

ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം പുലിയെ സ്ഥലത്തുനിന്ന് മാറ്റും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്തു കളിക്കുന്നതിനിടെ എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫിന്റെയും സബിയയുടെയും മകന്‍ സെയ്തുളിനെ പുലി പിടിച്ചത്. പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേയിലത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. അമ്മ കുളിപ്പിച്ചതിനുശേഷം അടുക്കളവാതിലിനടുത്താണ് കുട്ടിയെ നിര്‍ത്തിയിരുന്നത്. അമ്മ അടുക്കളയിലേക്ക് മാറിയ സമയം തോട്ടത്തില്‍ നിന്ന് വന്ന പുലി കുട്ടിയെയും കൊണ്ട് ഓടിമറഞ്ഞു. ഇതുകണ്ട് അമ്മ കരഞ്ഞ് ബഹളംവച്ചപ്പോള്‍ നാട്ടുകാര്‍ പന്തങ്ങളും ടോര്‍ച്ചുകളും ആയുധങ്ങളുമായി തോട്ടത്തില്‍ തിരച്ചിലാരംഭിച്ചു.

എട്ടരയോടെ കുഞ്ഞിന്റെ മൃതദേഹം കിട്ടി. തലയും ഉടലും വേര്‍പെട്ടനിലയില്‍ രണ്ടിടത്തുനിന്നാണ് കണ്ടെത്തിയത്. വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം കിടന്നിരുന്നത്.

കുട്ടിയുടെ മരണത്തിനു പിന്നാലെ വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ വന്യമൃഗങ്ങളില്‍ന്നു സുരക്ഷയൊരുക്കണമെന്നും നരഭോജിയായ പുലിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിനു നാട്ടുകാര്‍ പോസ്റ്റ് ഓഫീസ് റോഡ് ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.

കഴിഞ്ഞ കുറെ കാലമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പത്തില്‍ അധികം കുട്ടികളെയാണ് പുലി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. മുതിര്‍ന്നവരുടെ അസാന്നിധ്യത്തില്‍ കളിസ്ഥലങ്ങളിലും തനിയെ കാല്‍നട യാത്രകള്‍ക്കിടെയുമാണ് കൂടുതല്‍ കുട്ടികളും ആക്രമിക്കപ്പെട്ടത്. ഇതില്‍ അധികം പേരും ആറു വയസിനു താഴെയുള്ളവരാണ്.

Loading...

More News