കോഴിക്കോട്ടെ വിവാഹവീട്ടില്‍ എത്തിയത് പുലിയല്ല

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:05 am

Menu

Published on January 8, 2018 at 11:55 am

കോഴിക്കോട്ടെ വിവാഹവീട്ടില്‍ എത്തിയത് പുലിയല്ല

leopard-in-calicut-is-actually-wild-cat

മാവൂര്‍: കഴിഞ്ഞദിവസം പെരുവയല്‍ പള്ളിത്താഴത്തെ കൊളാട്ടില്‍ വിവാഹവീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്, വിവാഹവീട്ടില്‍ എത്തിയത് പുലിയല്ല കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്.

പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും പ്രദേശത്തു നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല. പുലിയുടെ വിസര്‍ജ്യം, ഇരയെ പിടികൂടി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി ഈ പ്രദേശങ്ങളില്‍ പുലിയുള്ളതായുള്ള ഒരു ലക്ഷണവും കാട് പരിശോധിച്ചതില്‍ വനപാലകര്‍ക്കു കണ്ടെത്താനായില്ല.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എത്തിയത് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്നും പുലിയുടെതല്ലെന്ന് വ്യക്തമായി.

താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.കെ. രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു കൂടുതല്‍ പരിശോധന നടത്തി.

കഴിഞ്ഞ ദിവസം കൊളാട്ടില്‍ രവീന്ദ്രന്റെ കല്യാണവീട്ടില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് വീടിന്റെ അടുക്കളഭാഗത്തുകൂടി വന്യജീവി നടന്നുപോകുന്നതായി പതിഞ്ഞത്.

ദൃശ്യങ്ങള്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ ‘പുലി’ പതിഞ്ഞ വിവരം ശ്രദ്ധയില്‍പെടുത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങളും വനപാലകര്‍ ശാസ്ത്രീയമായി പരിശോധിച്ചു. ഇതനുസരിച്ചാണ് കഴിഞ്ഞ ദിവസം വീടിന്റെ അടുക്കളഭാഗത്തുകൂടി പകല്‍ നാലിന് നടന്നുപോയത് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചത്.

മാവൂര്‍ പൊലീസ് എസ്‌ഐ പി. മുരളീധരന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തെ ആറ് ഏക്കറോളം സ്ഥലത്ത് കാടുള്ളതും ഇതിനു തൊട്ടടുത്തുകൂടി ചാലിയാര്‍ ഒഴുകുന്നതുമാണ് പുലിയാണെന്ന ജനങ്ങളുടെ സംശയത്തിന് ബലമേകിയത്.

Loading...

More News