ആമിയായി മഞ്ജു തന്നെ; സ്ഥിരീകരണവുമായി കമല്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:05 pm

Menu

Published on February 14, 2017 at 6:32 pm

ആമിയായി മഞ്ജു തന്നെ; സ്ഥിരീകരണവുമായി കമല്‍

manju-warrier-heroine-amy-movie-kamal

കൊച്ചി: മാധവിക്കുട്ടിയുടെ (കമലാസുരയ്യ) ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണെന്ന സ്ഥിരീകരണവുമായി സംവിധായകന്‍ കമല്‍.

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്ന് വിദ്യാബാലന്‍ പിന്മാറിയതോടെയാണ് മഞ്ജുവിനെ തേടി ഈ വേഷമെത്തുന്നത്. ചിത്രത്തിലെ നായികയെ സംബന്ധിച്ച് ഏറെ നാള്‍നീണ്ട കുപ്രചരണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കമല്‍ ഇപ്പോള്‍ മഞ്ജുവിനെ തന്റെ നായികയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആമിയുടെ ചിത്രീകരണം അടുത്ത മാസം ആദ്യം ഒറ്റപ്പാലത്ത് തുടങ്ങുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. നേരത്തെ ആമിയില്‍ നായികയായി നിശ്ചയിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനെയായിരുന്നു. എന്നാല്‍, ചിത്രീകരണം തുടങ്ങുന്നതിന് അഞ്ച് ദിവസം മുന്‍പ് ചിത്രത്തില്‍നിന്ന് പിന്മാറുകയാണെന്ന് വിദ്യ അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

പലതവണ നീണ്ടുപോയ ചിത്രമാണ് ആമി. 2015 സെപ്തംബറില്‍ ആരംഭിക്കുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ചിത്രത്തിനായി കമല്‍ മുംബൈയിലെത്തുകയും സംഗീതം അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തതുമാണ്. സിനിമയില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നുവെന്നും ചിത്രത്തിനായി വിദ്യ മലയാളം പഠിക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പെട്ടന്നാണ് നടി പിന്മാറിയത്.

കേരളത്തിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല വിദ്യയുടെ പിന്മാറ്റമെന്നും കേരളത്തിലെ സംഭവങ്ങള്‍ക്ക് മുന്‍പ് തന്നെ വിദ്യ ചിത്രത്തില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നുവെന്നും കമല്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ആമിയുടെ പ്രീപ്രൊഡക്ഷന്‍ ജോലികളുമായി നടക്കുകയായിരുന്നുവെന്നും തിരക്കഥ പൂര്‍ത്തിയായിട്ട് ഏതാണ്ട് ഒരു വര്‍ഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായികയായി മനസ്സില്‍ കണ്ടത് വിദ്യയെ ആണെങ്കിലും അവര്‍ക്ക് പകരം മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമാകുമ്പോള്‍ തനിക്ക് ആശങ്കയില്ലെന്നും ഏത് കഥാപാത്രത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കഴിവുള്ള അഭിനേതാവാണ് മഞ്ജുവെന്നും കമല്‍ പറഞ്ഞു.

ഒറ്റപ്പാലത്ത് നാലപ്പാട്ട് വീടിന്റെ ഘടനയോട് സാദൃശ്യമുള്ള മറ്റൊരു വീട് കണ്ടെത്തി അവിടെയാണ് ആമിയുടെ ചിത്രീകരണം നടക്കുക. പത്ത് കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുംബൈ, കൊല്‍ക്കത്ത, കേരളം -ഇങ്ങനെ ആമി ജീവിച്ച സ്ഥലങ്ങളില്‍ തന്നെയായിരിക്കും ഷൂട്ടിങ്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ മാധവിക്കുട്ടിയുടെ വരികള്‍ ഉപയോഗിക്കുന്നതിനുള്ള നിമയപരമായ അവകാശങ്ങള്‍ ആമിയുടെ അണിയറ പ്രവര്‍ത്തകര്‍ നേടിയിട്ടുണ്ട്.

Loading...

More News