തപാൽവോട്ട് അട്ടിമറി ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി postal vote investigation by crime branch

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2020 7:29 pm

Menu

Published on May 10, 2019 at 5:34 pm

തപാൽവോട്ട് അട്ടിമറി ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

postal-vote-investigation-by-crime-branch

തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ വോട്ട് അട്ടിമറി സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രമക്കേടിൽ പങ്കുണ്ടെന്നു കണ്ടെത്തിയ ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വൈശാഖിനെ പ്രതിയാക്കി കേസെടുത്തു. വൈശാഖിനെ സസ്പെൻഡ് ചെയ്തു. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതൽ പൊലീസുകാരുടെ പങ്ക് തെളിഞ്ഞാൽ അവരെയും പ്രതിചേർക്കും. ക്രൈംബ്രാഞ്ച് തൃശൂർ ഡിവൈഎസ്പി ഉല്ലാസിനാണ് കേസിന്റെ അന്വേഷണച്ചുമതല.

സംസ്ഥാനത്തൊട്ടാകെ തട്ടിപ്പ് നടന്നു എന്നതുൾപ്പെടെ തപാൽ വോട്ട് വിവാദത്തിലെ മറ്റു വിഷയങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തൃശൂർ എസ്പി സുദർശനെ ചുമതലപ്പെടുത്തി. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. ദക്ഷിണമേഖല എഡിജിപി മനോജ് ഏബ്രഹാമിനാണ് മേൽനോട്ടച്ചുമതല. മുൻവർഷങ്ങളിൽ സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.

പൊലീസ് തപാൽ വോട്ടിൽ വ്യാപക ക്രമക്കേടു നടന്നെന്നും വിശദ അന്വേഷണം വേണമെന്നും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ് കുമാർ നേരത്തേ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതല വഹിക്കുന്നതും വിനോദ്കുമാർ തന്നെയാണ്. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് അദ്ദേഹം അന്വേഷണച്ചുമതലയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

തട്ടിപ്പ് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. പൊലീസ് അസോസിയേഷന്റെ പങ്ക് വളരെ പ്രകടമായിത്തന്നെ റിപ്പോർട്ടിലുണ്ട്. വിശദ റിപ്പോർട്ട് 15നകം ലഭിക്കും.

ഇതേസമയം, വലിയ ക്രമക്കേട് തെളിഞ്ഞാലും പോസ്റ്റൽ വോട്ട് റദ്ദാക്കി വീണ്ടും നടത്തുക പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പൊലീസിനു പുറമേ ഒട്ടേറെ ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് പൊലീസിന്റേതുമാത്രം കണ്ടെത്താനാവില്ല. എല്ലാവർക്കുമായി വീണ്ടും തപാൽ വോട്ടെടുപ്പ് എളുപ്പമല്ല. എന്നാൽ സംസ്ഥാന വ്യാപകമായി തട്ടിപ്പു വ്യക്തമായാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അപൂർവ നടപടികളിലേക്കു കടക്കാം. നേരിയ വോട്ട് വ്യത്യാസത്തിന് പരാജയപ്പെടുന്ന സ്ഥാനാർഥികൾ, ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും ഇടയുണ്ട്.

Loading...

More News