Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാന്ധിനഗര്‍: ഓണ്‍ലൈന്‍ മള്ടിപ്ലെയര് ഗെയിം ആയ പബ്ജി അഥവാ പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് വിലക്കിക്കൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്.
പ്രൈമറി സ്കൂളുകളില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് സര്‍ക്കുലര്‍. കുട്ടികള്‍ക്കിടയില്‍ ഗെയിമിനോട് ആസക്തി വര്‍ധിക്കുന്നതിനാലും അത് പഠനങ്ങളെ വിപരീതമായി ബാധിക്കുന്നതിനാലും ഈ നിരോധനം അനിവാര്യമാണ് എന്ന് സര്‍ക്കുലര്‍ പറയുന്നു.
പബ്ജിയുടെ ഏത് പതിപ്പാണ് നിരോധിച്ചതെന്ന് വ്യക്തമല്ല. നിരോധനം പബ്ജിയുടെ മൊബൈല്‍ പതിപ്പിന് മാത്രമായിരിക്കാനാണ് സാധ്യത. ഗെയിമിന്റെ പിസി, കണ്‍സോള്‍ പതിപ്പുകള്‍ പ്രചാരത്തിലുണ്ട്. പബ്ജി ഗെയിമിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു.
ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തണം എന്നറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും അത് നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഗെയിമിന്റെ ദോഷഫലങ്ങള്‍ തിരിച്ചറിഞ്ഞ്, ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് അടുത്തിടെയാണ് ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. ജാഗൃതി പറഞ്ഞു.
നേരത്തെ കുട്ടികളുടെ പരീക്ഷാഫലം മോശമായതിന് മുഖ്യകാരണം പബ്ജി ഗെയിമാണെന്ന് കാണിച്ച് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന് രംഗത്തുവന്നിരുന്നു. ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ഥി സംഘടന ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുകയും ചെയ്യുകയുണ്ടായി. പബ്ജി മയക്കുമരുന്നുകള്‍ക്ക് തുല്യമാണെന്നായിരുന്നു അസോസിയേഷന്റെ ആരോപണം.