മഴ ശമിച്ചതോടെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിച്ചു rain alert withdrawn

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 2, 2020 11:12 pm

Menu

Published on August 17, 2019 at 10:33 am

മഴ ശമിച്ചതോടെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിച്ചു

rain-alert-withdrawn

തിരുവനന്തപുരം: മഴ ശമിച്ചതോടെ അടുത്ത ദിവസങ്ങളിലേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിച്ചു. മത്സ്യബന്ധനത്തിനു പോകാനും തടസ്സമില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികളും ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലും ക്യാംപുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ട്. മറ്റെല്ലായിടത്തും സ്കൂളുകളിൽ ഇന്നു ക്ലാസുണ്ട്. 1.4 ലക്ഷം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ഇന്നലെ രാവിലെ 8 വരെയുള്ള കണക്കുപ്രകാരം ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 29.6 മില്ലി മീറ്റർ.

നിലമ്പൂർ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ 8 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 38 ആയി. 21 പേരെ ഇനിയും കണ്ടെത്താനുണ്ട്. വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടി കാണാതായ 7 പേരെക്കുറിച്ച് ഇന്നലെയും വിവരമില്ല. തൃശൂർ ജില്ലയിൽ 2 പേരും കോട്ടയം ജില്ലയിൽ ഒരാളും മരിച്ചതോടെ മഴക്കെടുതികളിൽ ആകെ മരണം 116 ആയി. അതേസമയം, 111 പേരുടെ മരണമാണു സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്.

തൃശൂർ പുതുക്കാട് ആനന്ദപുരത്ത് വീടിനു പുറകിലുള്ള പാടത്തു വീണാണ് കുറുവങ്ങാട്ട് മാധവൻ നായരുടെ ഭാര്യ കാനാട്ട് അമ്മിണിയമ്മ (79) മരിച്ചത്. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് കൊടുങ്ങല്ലൂർ അത്താണി പല്ലാർക്കാട്ട് ആനന്ദൻ (55) മരിച്ചു. കോട്ടയം വൈക്കത്ത് വെള്ളത്താൽ ചുറ്റപ്പെട്ട വീടിനടുത്തുള്ള കുഴിയിൽ വീണ് ഇടവട്ടം അശ്വതി ഭവനിൽ സുഗുണന്റെ മകൾ അശ്വതി (28) മരിച്ചു.

കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നു. പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും അരയടി വരെ വെള്ളം കുറഞ്ഞു. ആലപ്പുഴ ജില്ലയിലെ നദികളിലും കുട്ടനാട്ടിലും ജലനിരപ്പു താഴുന്നു. ഇന്നലെ മഴ ശക്തമായിരുന്നില്ല. രണ്ടു ദിവസംകൊണ്ടു കുട്ടനാട്ടിലും പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും അരയടി വരെ വെള്ളം കുറഞ്ഞു. പ്രളയഭീതി ഒഴിവാകുമെന്ന ആശ്വാസം എങ്ങും. തോട്ടപ്പള്ളി സ്പിൽവേ വഴിയുള്ള ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പൊഴിയിലെ മണ്ണു നീക്കി വീതി 300 മീറ്ററാക്കി. തൃക്കുന്നപ്പുഴ ചീപ്പ് വഴി വെള്ളം നന്നായി ഒഴുകുന്നതും തോട്ടപ്പള്ളിയിൽ ഒഴുക്കു കുറയാൻ കാരണമാണ്.

ജലനിരപ്പു കുറഞ്ഞു തുടങ്ങിയെങ്കിലും മഴക്കെടുതികൾ ചെറിയ തോതിൽ ഇപ്പോഴും തുടരുകയാണ്. കൃഷിനാശം വ്യാപകമാണ്. കേടു പറ്റിയ വീടുകളും ഒട്ടേറെ. പല ദുരിതാശ്വാസ ക്യാംപുകളിൽനിന്നും ആളുകൾ മടങ്ങിത്തുടങ്ങി.

Loading...

More News