ധോണിക്ക് ഗ്രേഡ് 'എ' ലിസ്റ്റില്‍ അംഗത്വം നല്‍കിയതെന്തിനെന്ന് രാമചന്ദ്ര ഗുഹ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:08 am

Menu

Published on June 2, 2017 at 3:49 pm

ധോണിക്ക് ഗ്രേഡ് ‘എ’ ലിസ്റ്റില്‍ അംഗത്വം നല്‍കിയതെന്തിനെന്ന് രാമചന്ദ്ര ഗുഹ

ramachandra-guha-tears-into-dhoni-in-letter-to-vinod-rai

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ സൂപ്പര്‍താര സിന്‍ഡ്രോം ബാധിച്ചതായി ബി.സി.സി.ഐയുടെ നാലംഗ ഇടക്കാല ഭരണസമിതിയില്‍ നിന്നു രാജിവച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.

ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ബി.സി.സി.ഐയുടെ കോണ്‍ട്രാക്റ്റ് പട്ടികയില്‍ ഗ്രേഡ് ‘എ’യില്‍ ഉള്‍പ്പെടുത്തിയതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സമിതിയില്‍നിന്നും രാജിവയ്ക്കുന്ന കാര്യം അറിയിച്ചുകൊണ്ട് ചെയര്‍മാന്‍ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ രാമചന്ദ്ര ഗുഹ ആഞ്ഞടിച്ചത്.

ഇന്ത്യന്‍ ടീമംഗങ്ങളുമായി ബി.സി.സി.ഐ ഉണ്ടാക്കുന്ന കോണ്‍ട്രാക്റ്റുകളെപ്പോലും സൂപ്പര്‍താര സിന്‍ഡ്രോം ബാധിച്ചിരിക്കുകയാണെന്ന് ഗുഹ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് മല്‍സരങ്ങളില്‍നിന്നും വിരമിച്ചശേഷവും മഹേന്ദ്ര സിങ് ധോണിക്ക് ഗ്രേഡ് ‘എ’ ലിസ്റ്റില്‍ അംഗത്വം നല്‍കിയത് തീര്‍ത്തും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഗുഹ അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി ബന്ധപ്പെട്ട വിവാദങ്ങളാണു ഗുഹയുടെ രാജിക്കു പിന്നിലെന്നു സൂചനയുണ്ട്. കുംബ്ലെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം.

ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകനായ കുംബ്ലെയെ ബിസിസിഐ ‘കൈകാര്യം’ ചെയ്ത രീതിയേയും ഗുഹ വിമര്‍ശിച്ചിട്ടുണ്ട്. കുംബ്ലെ പരിശീലകനായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ഉജ്വലമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കളത്തിലെ പ്രകടനത്തിന്റെ ക്രെഡിറ്റ് താരങ്ങള്‍ക്കാണെങ്കിലും, മുഖ്യപരിശീലകന്റെയും മറ്റു സ്റ്റാഫുകളുടെയും സേവനത്തെ വിലകുറച്ചു കാണാനാവില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് കമ്പനിയായ പി.എം.ജിയുടെ തലവനായിരിക്കുകയും, അതേസമയം തന്നെ ബി.സി.സി.ഐയുടെ കമന്റേറ്റര്‍ പദവി വഹിക്കുകയും ചെയ്യുന്ന സുനില്‍ ഗവാസ്‌കറിനെയും ഗുഹ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി ബന്ധം പുലര്‍ത്തുന്ന ഒരു മാര്‍ക്കറ്റിങ് കമ്പനിയുടെ മേധാവിയാണ് ഗവാസ്‌കര്‍. അതേയാള്‍ തന്നെ ഈ താരങ്ങളെ വിലയിരുത്തുന്ന ബി.സി.സി.ഐയുടെ കമന്റേറ്ററായും സേവനം ചെയ്യുന്നു. ഇത് ഭിന്ന താല്‍പര്യത്തിന്റെ വ്യക്തമായ അടയാളമാണ്. ഇതിലേതെങ്കിലുമൊരു പദവി ഒഴിയുകയാണ് ഗാവാസ്‌കര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ എ ടീമിന്റെ പരിശീലകസ്ഥാനവും ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്റര്‍ സ്ഥാനവും കൈകാര്യം ചെയ്യുന്ന രാഹുല്‍ ദ്രാവിഡിനെയും രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങളില്‍ ബി.സി.സി.ഐ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുപോലുള്ള നീക്കങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒട്ടും ഗുണകരമാകില്ലെന്നും ഗുഹ അഭിപ്രായപ്പെട്ടു.

 

Loading...

More News