Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : കുറച്ച് നാളുകൾക്ക് മുമ്പ് കണ്ണൂരിലെ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞു തിരികെ വരുമ്പോൾ തനിക്കെതിരെ ആൾക്കൂട്ടത്തിന്റെ മോശം പെരുമാറ്റം ഉണ്ടായതായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിൻറെ വെളിപ്പെടുത്തൽ. കണ്ണൂരിൽ മറഡോണ പങ്കെടുത്ത പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങാനൊരുങ്ങവേയാണ് സംഭവം. ബാംഗ്ലൂരിൽ പുതുവത്സര തലേന്ന് യുവതികളെ അപമാനിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിനി. പ്രോഗ്രാം കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ തനിക്ക് പോകേണ്ട വാഹനം വന്നിട്ടുണ്ടായിരുന്നില്ലെന്നും അപ്പോൾ കുറച്ച് സമയത്തേക്ക് താൻ ആൾക്കൂട്ടത്തിനിടയിൽപ്പെട്ടുപോയെന്നും രഞ്ജിനി പറഞ്ഞു.ഈ സമയം കുറെ പേർ തൻറെ ഫോട്ടോയെടുക്കാൻ വന്നു. ഇതിൽ രണ്ടു പേർ തന്നെ തോണ്ടിയപ്പോൾ അപ്പോൾ തന്നെ ഒരാളുടെ തലയ്ക്കും ഒരാളുടെ തോളിനും താൻ അടിച്ചെന്ന് രഞ്ജിനി പറയുന്നു. സംഭവം നടക്കുന്ന സമയത്ത് പോലീസ് അവിടെ ഉണ്ടായിരുന്നിട്ടും അവർ ഒന്നും പ്രതികരിക്കാതെ കാഴ്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അവസാനം ഒരു സ്വകാര്യ എഫ് എം ചാനലിൻറെ വാഹനമാണ് തനിക്ക് രക്ഷയ്ക്കെത്തിയതെന്ന് നടി പറഞ്ഞു. തന്നെ തോണ്ടിയവരെപ്പോലുള്ളവരോട് പ്രതികരിക്കാതിരുന്നാൽ ഇത്തരക്കാർ കൂടുമെന്നും ഇവർ പറയുന്നു.
ആളുകൾക്ക് നിയമത്തെ ഭയമില്ലാതിരിക്കുന്ന കാലമാണിത്.പീഡനത്തിന് ഇരയാകുന്ന ഒരു സ്ത്രീ പരാതി നൽകിയാൽ അതിന് തീർപ്പ് കൽപ്പിക്കാൻ വർഷങ്ങളാണ് എടുക്കുന്നത്. താഴേത്തട്ടിലുള്ള പോലീസുകാരിൽ പലർക്കും ഉന്നത വിദ്യാഭ്യാസമില്ലാത്തതും ഒരു പ്രശ്നമാണ്. നമ്മുടെ നിയമങ്ങളെല്ലാം കാലാഹരണപ്പെട്ടതാണ്. ഇതെല്ലാം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചെന്നും നടി പറഞ്ഞു. തൻറെ ദേഹത്ത് അനാവശ്യമായി കൈ വെയ്ക്കുന്നത് ആരാണെങ്കിലും അവർക്ക് അടി ഉറപ്പാണെന്ന് രഞ്ജിനി പറഞ്ഞു. ജനങ്ങള്‍ക്ക് നിയമത്തെ തീരെ ഭയമില്ലാതായ കാലമാണിത്. നിര്‍ഭയ കേസ് അതാണ് തെളിയിച്ചിരിക്കുന്നത്. ഈ കേസിൽ പ്രായപൂര്‍ത്തിയാകാത്ത പ്രതി സത്യത്തില്‍ രക്ഷപ്പെട്ടതിന് തുല്യമാണ്.