Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ തൊട്ടു മുൻ വര്‍ഷത്തെ മോഡലുകളുമായി (XS/Max/XR) തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും നൂതനത്വം കുറഞ്ഞവ ആയിരിക്കുമെന്നാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. കഴിഞ്ഞ വര്‍ഷത്തെ മോഡലുകള്‍ കയ്യിലുള്ളവര്‍ ഈ വര്‍ഷത്തെ മോഡലുകളിലേക്ക് തിരിഞ്ഞുപോലും നോക്കേണ്ട. അടുത്ത വര്‍ഷം 5ജി മോഡലുകള്‍ ഇറങ്ങുമ്പോള്‍ മാത്രം ആലോചിച്ചാല്‍ മതിയെന്നാണ് വാദം. ചുരുക്കി പറഞ്ഞാല്‍ ഫോണുകളില്‍ വരുത്താവുന്ന നൂതനത്വം കുറഞ്ഞു വരികയാണ്.
ഇതിനു പ്രതിവിധിയായി ആയിരുന്നു ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവയ സാംസങ് ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. മടക്കാവുന്ന സ്ക്രീനുള്ള ഫോണ്‍. റിവ്യൂവിനു നല്കിയ ഫോള്‍ഡ് മോഡലുകളില്‍ ‘വിജാഗിരി’യുള്ള ഭാഗത്ത് ചുളുക്കുവീണുവെന്നു കണ്ടതിനെത്തുടര്‍ന്ന് കമ്പനി 2,000 ഡോളറോളം വിലവരുന്ന ഈ മോഡല്‍ പുറത്തിറക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ചുളുക്കു മാറ്റാനുള്ള സാങ്കേതികവിദ്യയൊക്കെ കണ്ടുപിടിച്ചെന്നും താമസിയാതെ ഈ മോഡല്‍ പുറത്തിറക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. എന്തായാലും ഫോള്‍ഡ് മോഡലിന്റെ കാര്യത്തില്‍ തങ്ങള്‍ കൊണ്ടുവന്ന സാങ്കേതികവിദ്യയില്‍ വിശ്വാസം പോരാഞ്ഞിട്ടാണോ എന്തോ അവര്‍ പുതിയൊരു പരീക്ഷണത്തിനു മുതിരുകയാണ് എന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. അകത്തേക്ക് (പുറത്തേക്കും) വലിച്ചെടുക്കാവുന്ന (retractable) സ്ക്രീനുള്ള ഫോണ്‍ ആണ് സാംസങ്ങിന്റെ അടുത്ത പദ്ധതി.
ഫോള്‍ഡബിൾ, റീട്രാക്ടബിൾ ഫോണുകളിൽ അവതരിപ്പിക്കുന്ന ആശയം ആകര്‍ഷകമാണ്. ചെറിയ സ്ക്രീനുള്ള ഉപകരണം കയ്യില്‍ വയ്ക്കുകയും ആവശ്യമുള്ളപ്പോള്‍ വിടര്‍ന്നു വലിയ സ്ക്രീനാക്കാന്‍ ശേഷിയുമുള്ള ഉപകരണം എന്നതാണ് അവരുടെ പുതിയ ഡിസൈന്‍ പരീക്ഷണം. പ്രായോഗികമായി ഇതു നല്ലതുമാണ്. ഇപ്പോള്‍ ഇറങ്ങുന്ന 6.5- ഇഞ്ചും മറ്റും വലുപ്പമുള്ള ഫോണുകള്‍ ഉപയോഗിക്കണമെങ്കില്‍ വലിയ കൈപ്പടം ഉള്ളവര്‍ തന്നെ വേണം. കൊണ്ടുനടക്കലും ചടങ്ങാണ്. എന്നാല്‍ 5-ഇഞ്ച് വലുപ്പവും തുറക്കുമ്പോള്‍ 7-ഇഞ്ചിലേറെ വലുപ്പവുമുള്ള സ്ക്രീന്‍ ലഭിക്കുക എന്ന ആശയം ഫാബ്ലറ്റുകളെക്കാള് മികച്ചതാണ് എന്നാണ് വിശ്വാസം.
വലിച്ചു തുറക്കുകയും തിരിച്ചടയ്ക്കുകയും ചെയ്യാവുന്ന റീട്രാക്ടബിൾ ഫോണ്‍ ഡിസൈനിന്റെ കാര്യത്തില്‍ ഫോള്‍ഡിനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് എന്നാണ് പൊതുവെ പറയുന്നത്. ഭേദപ്പെട്ട പരീക്ഷണമാണിതെന്നാണ് വിശ്വാസം. ലെറ്റ്സ്ഗോഡിജിറ്റല്‍ (LetsGoDigital) എന്ന വെബ്സൈറ്റാണ് സാംസങ്ങിന്റെ പുതിയ പരീക്ഷണത്തിന്റെ കാര്യങ്ങള്‍ കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ സാധാരണ ഫോണിന്റെ വലുപ്പമുള്ള സ്ക്രീനുള്ള ഫോണാണെന്നു തോന്നുകയും വലിച്ചു തുറക്കുമ്പോള്‍ ടാബ്ലറ്റിന്റെ വലുപ്പത്തിലുള്ള കൂടുതല്‍ വിശാലമായ സ്ക്രീന്‍ കിട്ടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത.
റീട്രാക്ടബിൾ ഫോണിന്റെ പ്രധാന സ്ക്രീനിനു പിന്നില്‍ പിടിപ്പിച്ചിരിക്കുകയായിരിക്കാം വലിച്ചിറക്കാവുന്ന അനുബന്ധ ഡിസ്പ്ലേ എന്നാണ് ആദ്യ അനുമാനങ്ങളിലൊന്ന്. പുറത്തു വന്ന ചിത്രങ്ങളിള് സ്ക്രീനിനു മുകളില്‍ പഞ്ച്-ഹോള്‍ കട്ട് ഔട്ടും യൂഎസ്ബി-സി പോര്‍ട്ടും കാണാം. എന്നാല്‍ 3.5mm പോര്‍ട്ട് ഇല്ല. ഇത്തരം ഫോണുകള്‍ക്ക് നിരവധി വെല്ലുവിളികളുണ്ട്. പത്തു വലി വലിക്കുമ്പോള്‍ രണ്ടാം ഡിസ്പ്ലേ അടര്‍ന്നു കയ്യിലിരിക്കുമോ എന്നതായിരിക്കും ആദ്യ പേടി. നിലവിലുള്ള ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ എത്ര നേരം രണ്ടു സ്ക്രീനുകളും പ്രവര്‍ത്തിപ്പിക്കാനാകും എന്നതാണ് മറ്റൊന്ന്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഭദ്രമായ രീതിയില്‍ അവതരിപ്പിക്കാനായാല്‍ ഒരു പതിറ്റാണ്ടിലേറെയായി കണ്ടു പരിചയിച്ച സ്മാര്‍ട് ഫോണ്‍ ഡിസൈനില്‍ നിന്ന് മോചനം ലഭിക്കാനും സാധ്യതയുണ്ട്.
ഇത്തരം പരീക്ഷണങ്ങള്‍ക്കു മുതിരാന്‍ ഇന്ന് ഏറ്റവും പറ്റിയ കമ്പനികളിലൊന്ന് ലോകത്തെ ഏറ്റവും മികച്ച ഡിസ്പ്ലേ നിര്‍മാതാവയ സാംസങ് തന്നെയാണ്. വര്‍ഷങ്ങളോളം പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിച്ചേക്കാവുന്ന ഒരു മോഡല്‍ അവര്‍ക്ക് ഇറക്കാനായാല്‍ സ്മാര്‍ട് ഫോണിന്റെ ഉരുത്തിരിയലിന്റെ ചരിത്രത്തില്‍ അത് പുതിയൊരു അധ്യായം തുറന്നേക്കും. ഫോള്‍ഡിന്റെ കാര്യത്തില്‍ സംഭവിച്ചതു വച്ചു നോക്കിയാല്‍ വന്‍ വിലയായിരിക്കും കമ്പനി ചോദിക്കുക എന്നതിനാല്‍ ഇത്തരം മോഡലുകള്‍ ജനസമ്മതി നേടണമെങ്കില്‍ ഷോമിയെപ്പോലെയുള്ള കമ്പനികള്‍ വില കുറച്ചിറക്കുന്ന കാലം വരെ കാത്തിരിക്കേണ്ടതായും വന്നേക്കാം.