രണ്ടാം വിവാഹമടക്കം തന്റെ ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങള്‍ക്കും കാരണം മോഹന്‍ലാലെന്ന് സിദ്ധിഖ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:30 am

Menu

Published on September 13, 2017 at 3:34 pm

രണ്ടാം വിവാഹമടക്കം തന്റെ ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങള്‍ക്കും കാരണം മോഹന്‍ലാലെന്ന് സിദ്ധിഖ്

siddique-says-about-mohnlals-inspiration

ആദ്യ ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് മോഹന്‍ലാലാണെന്ന് നടന്‍ സിദ്ധിഖ്. അതുവരെ താന്‍ തലയില്‍ തിരുകിവച്ച ബാലിശമായ ചിന്തകളെ ഇല്ലാതാക്കാന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് സാധിച്ചുവെന്നും സിദ്ധിഖ് പറഞ്ഞു.

തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സിദ്ധിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധിഖിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീടാണ് ഇപ്പോഴത്തെ ഭാര്യ സീനയെ വിവാഹം ചെയ്തത്. എന്നാല്‍ ആദ്യ ഭാര്യയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കുടുംബാംഗങ്ങളില്‍ നിന്ന് വരെ തനിക്ക് കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നുവെന്നും സിദ്ധിഖ് പറയുന്നു. എന്നാല്‍ മോഹന്‍ലാലാണ് തന്നെ അവസ്ഥയില്‍ നിന്ന് കരകയറ്റിയത്. തന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് ലാലാണെന്നാണ് സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

 

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം………….

 

ഭാര്യയുടെ മരണത്തോടുകൂടി ഞാന്‍ സിനിമയില്‍ നിന്ന് ഏതാണ്ട് വിട്ടുനില്‍ക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിന്റെ വിളി. ‘കന്മദത്തില്‍ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിന്റെ ആവശ്യമുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. ‘നിങ്ങള്‍ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാന്‍ മുംബൈയിലെത്തി. അവിടെയാണ് ലൊക്കേഷന്‍. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താന്‍. ലാലിനോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് ഞാന്‍ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങള്‍ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിന്റെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്‌നങ്ങള്‍. ഇതിനെക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ.’ ലാല്‍ തുടര്‍ന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആര്‍ക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിന്റെ വാക്കുകള്‍ എന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാന്‍ തലയില്‍ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാന്‍ പോലും ഞാന്‍ ഭയന്നു. പക്ഷേ ഈ മനുഷ്യന്‍ എന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News