Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓരോ കാലത്തും കൗമാരക്കാര്‍ക്കിടയില്‍ ഓരോ കാര്യങ്ങള്‍ ട്രെന്‍ഡായി മാറാറുണ്ട്. അതിലൊന്നാണ് ഇപ്പോഴുള്ള ടാറ്റൂ പ്രേമം. ഫാഷന്റെ ഭാഗമായി, ശരീരത്തില്‍ വ്യത്യസ്തമായൊരു ടാറ്റൂ ചെയ്യാന്‍ ആഗ്രഹിക്കാത്ത യുവതി യുവാക്കള്‍ ഇന്ന് വിരളമാണ്.
എന്നാല്‍, ടാറ്റൂ കുത്തിയവരില്‍ പകുതി പേര്‍ക്കും, ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഈ ടാറ്റൂ ഒഴിവാക്കാന്‍ തോന്നുന്നത് പതിവാണ്. പിന്നെ, ഏതു വിധേനയും അത് ഒഴിവാക്കണം എന്നാകും ചിന്ത. പ്രതിവിധി വിലയേറിയ ലേസര്‍ പ്രയോഗം മാത്രം. ഇത്തരത്തില്‍ ടാറ്റൂ കുത്തി, പിന്നീട് മായ്ക്കാന്‍ ശ്രമിച്ച് ശരീരത്തില്‍ മാരകമായി പൊള്ളലേറ്റ പേസുദ എന്ന 21 കാരിയായ തായ്ലന്ഡ് യുവതിയുടെ അനുഭവം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
റോസാ പൂക്കള്‍ ഏറെ ഇഷ്ടമുള്ള കക്ഷി കഴുത്തിനും നെഞ്ചിനും ഇടയിലായി, വലുപ്പത്തില്‍ റോസാപ്പൂക്കള്‍ ടാറ്റൂ ചെയ്തു. പെര്‍മനന്റ് ടാറ്റൂ ആയിരുന്നു ചെയ്തത്. എന്നാല്‍ കുറച്ചു നാള് കഴിഞ്ഞപ്പോള്‍ പേസുദക്ക് തന്റെ ശരീരത്തിലെ ടാറ്റൂ മായ്ച്ച് കളയാന്‍ തോന്നി. തനിക്ക് ഈ ടാറ്റൂ കാരണം ഒരു പ്രൊഫഷണല്‍ ഔട്ട് ലുക്ക് കിട്ടുന്നില്ല എന്ന ചിന്ത. പിന്നെ ടാറ്റൂ മായ്ച്ചു കളയുന്നതിനുള്ള വഴികളെക്കുറിച്ചായി ചിന്ത.
ലേസര്‍ ട്രീറ്റ്മെന്റിനെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്. എന്നാല്‍ അതിനുള്ള ചെലവ് പേസുദക്ക് താങ്ങാനാവുമായിരുന്നില്ല. വേറെന്ത് ചെയ്യും എന്ന് തലപുകഞ്ഞു ആലോചിച്ചപ്പോഴാണ് റെജുവി എന്ന രീതിയെക്കുറിച്ച് അറിയുന്നത്. കെമിക്കലുകള്‍ ഉപയോഗിച്ച് ടാറ്റൂ മായ്ച്ചു കളയുന്ന രീതിയായിരുന്നു റെജോവി. ചികിത്സാ ചെലവും കുറവ്. പിന്നെ രണ്ടാമതൊന്നും ആലോചിക്കാതെ പേസുദ അതിനു തയ്യാറായി.
റെജുവി ചെയ്യാന്‍ ആരംഭിച്ച് നിമിഷ നേരം കൊണ്ട് തന്നെ, പേസുദക്ക് ടാറ്റൂ ചെയ്ത ഭാഗത്ത് അസഹ്യമായ വേദനയും ചൊറിച്ചലും വന്നു തുടങ്ങി. കെമിക്കലുകള്‍ പൂര്‍ണമായും ശരീരത്തോട് ചേര്‍ന്നതോടെ, പൊള്ളലിന്റെ ആഘാതവും കൂടി, ടാറ്റൂ ഉണ്ടായസ്ഥലം പൊള്ളലേറ്റു കരുവാളിച്ചു, ഒപ്പം ആഴത്തിലുള്ള മുറിവും. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥ. ടാറ്റൂ ഉണ്ടായിരുന്ന ഭാഗത്തെ തൊലി മുഴുവന്‍ നഷ്ടമായി.
മാസങ്ങളുടെ ചികിത്സയുടെ ഫലമായാണ് പൊള്ളലേറ്റ മുറിവ് ഉണങ്ങിയത്. ഇപ്പോള്‍ പേസുദയുടെ ശരീരത്തില്‍ നിന്നും നിറമുള്ള ആ ടാറ്റൂ പൂര്‍ണമായും പോയി, എന്നാല്‍ പൊള്ളലേറ്റ പാട് ടാറ്റൂവിനേക്കാള്‍ വ്യക്തമായി തെളിഞ്ഞു കിടക്കുന്നു. പേസുദ തന്നെയാണ് തനിക്ക് ടാറ്റൂ തന്ന എട്ടിന്റെ പണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.