Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന അമ്മയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാന്‍ അമ്മയുടെ മൃതദേഹവുമായി സൈനികന് നടന്നത് 50 കിലോമീറ്റര്‍. ബന്ധുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു.
കാശ്മീരിലെ കുപ്വാര ജില്ലയിലാണ് മരം കോച്ചുന്ന തണുപ്പില്‍ മുഹമ്മദ് അബ്ബാസ് എന്ന സൈനികന് ഉമ്മയുടെ മൃതദേഹം ചുമന്നു നടന്നത്. പത്ത് മണിക്കൂറിലേറെ നടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും 50 കി.മീ പിന്നിട്ടിരുന്നു.
പഠാന്‍കോട്ടില്‍ സേവനമനുഷ്ടിക്കുന്ന അബ്ബാസിനൊപ്പമാണ് ഉമ്മ സക്കീന ബീഗം (60) താമസിച്ചിരുന്നത്. ഒരാഴ്ച മുന്‍പു ഹൃദയാഘാതത്തെ തുടര്‍ന്ന് സക്കീന മരിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം ജന്മനാടായ കര്നായില് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ യാത്ര പുറപ്പെട്ട് കുപ്വാരയിലെ ചൗക്കിബാലില് എത്തിയപ്പോഴാണ് മഞ്ഞുവീഴ്ച മൂലം മുന്നോട്ടു പോകാന്‍ കഴിയാതെ വന്നത്.
സ്വന്തം അമ്മയുടെ മൃതശരീരത്തെ വാഹനത്തില്‍ വീട്ടിലെത്തിക്കാന്‍ 4 ദിവസത്തോളം ഈ പട്ടാളക്കാരന് കാത്തു. എന്നാല്‍ മഞ്ഞില്‍ പുതഞ്ഞ വഴികള്‍ വാഹനയാത്ര എന്ന ലക്ഷ്യത്തെ തടഞ്ഞു. നാല് ദിവസം കൊണ്ട് ഉമ്മയുടെ മൃതദേഹം വികൃതാവസ്ഥയിലാകാന് തുടങ്ങിയതോടെ മഞ്ഞിലൂടെ മൃതദേഹം ചുമന്നു കൊണ്ടുപോകാന്‍ അബ്ബാസ് തീരുമാനിക്കുകയായിരുന്നു.
ഹെലികോപ്ടര്‍ സൗകര്യം ലഭ്യമാക്കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അത് നടപ്പിലായില്ലെന്ന് അബ്ബാസ് പരാതിപ്പെടുന്നു. എന്നാല്‍, ഹെലികോപ്ടര്‍ തയാറായപ്പോഴേക്കും സംഘം യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നെന്നാണ് അധികൃതരുടെ വാദം.
മഞ്ഞിടിച്ചില്‍ സാധ്യതയുള്ള വഴിയിലൂടെ ജീവന് പണയപ്പെടുത്തിയാണ് സംഘം യാത്ര ചെയ്തത്. യാത്രയ്ക്കൊടുവില്‍ വെള്ളിയാഴ്ച് ഉച്ചയോടെ സക്കീന ബീഗത്തിന്റെ മൃതദേഹം സ്വന്തം ഗ്രാമത്തില്‍ ഖബറടക്കുകയായിരുന്നു.