Women.. a Man's responsiblity 

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:03 pm

Menu

Published on August 16, 2016 at 2:41 pm

പെങ്ങളേ… മാപ്പ്…!!

women-a-mans-responsiblity

അശ്ലീലം എന്ന് തോന്നി ഇടയ്ക്ക് നിറുത്താതെ, ഡിലീറ്റ് ചെയ്യാതെ, ആൺകുട്ടികൾ ഉള്ള അമ്മമാരും പെങ്ങന്മാരും നിർബന്ധമായും മുഴുവൻ വായിക്കുക, പരമാവധി ഷെയർ ചെയ്യുക…
സ്കൂളിൽ പഠിക്കുന്ന സമയം, ഒരിക്കൽ അമ്മയെ കാണാതെ ഒളിച്ചിരുന്ന് FTV കാണുകയായിരുന്നു. അമ്മ അടുക്കളയില്‍ പെരുമാറുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ സുര്യ tv ചാനല്‍ ഇടും(അന്ന് കടലുണ്ടി തീവണ്ടി അപകടം വാര്‍ത്ത‍ ആയിരുന്നു അപ്പോള്‍). swap ബട്ടണ്‍ ഉള്ളതുകൊണ്ട് അധികം റിസ്ക്‌ എടുക്കാതെ ftv യും സുര്യ tv യും മാറി മാറി കാണാമായിരുന്നു. ഞാന്‍ അര്‍ദ്ധനഗ്നയായ പെണ്‍കുട്ടികള്‍ വരുന്നത് അതുവരെ അറിയാത്ത ഒരു പുതിയ വികാരത്തോടെ കാണുകയായിരുന്നു. എന്‍റെ കൂട്ടുകാരന്‍ എബിന്‍ ആണ് ഇങ്ങനെ ഒരു ചാനലിനെ പറ്റി എനിക്ക് പറഞ്ഞു തന്നത്.
“നീ അവിടെ എന്താ കാണുന്നെ” അമ്മ പെട്ടന്ന് വിളിച്ച് ചോദിച്ചു.
“അമ്മേ കടലുണ്ടി വിമാന അപകടം വാര്‍ത്തയാണ്, സുര്യ tv യില്‍”
“വിമാന അപകടോ ?”
“അയ്യോ മാറിപ്പോയി, തീവണ്ടി അപകടം”
“സുര്യ tv യില്‍ എന്ന് മുതലാണ്‌ ഇംഗ്ലീഷില്‍ വാര്‍ത്ത വായിക്കാന്‍ തുടങ്ങിയെ? നീ കണ്ടുകൊണ്ടിരുന്ന മറ്റേ ചാനല്‍ ഒന്ന് ഇട്ടേ?”
എന്‍റെ ചങ്ക് പിടച്ചുതുടങ്ങി, കൈകള്‍ വിയര്‍ക്കാന്‍ തുടങ്ങി.
‘അമ്മേ ഞാന്‍ കടലുണ്ടി അപക….” പറഞ്ഞു തീരും മുന്‍പ് അമ്മ remort വാങ്ങി swap ബട്ടണ്‍ ഞെക്കി, എന്നിട്ട് ഒരു കസേര എടുത്ത് എന്‍റെ അടുത്തിരുന്നു.
“നീ ആരെയാ പേടിക്കുന്നെ.? tvയിലോട്ട് നോക്കടാ”
അയ്യേ അമ്മയ്ക്ക് നാണമില്ലേ എന്ന മട്ടില്‍ ഞാന്‍ വിരലുകള്‍ കൊണ്ട് മുഖം പൊത്തി. അമ്മ എന്‍റെ കൈ ബലമായി പിടിച്ച് മാറ്റി എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
നീ വളര്‍ന്ന് കൊണ്ടിരിക്കുന്ന പ്രായമാണ്, നിനക്ക് ഇത്തരം കാഴ്ചകള്‍ കൗതുകങ്ങള്‍ ഉണ്ടാക്കുന്ന സമയവുമാണ്, ഇത് പ്രകൃതി നിയമമാണ് അതിനാല്‍ തന്നെ അതില്‍ തെറ്റില്ല.
പക്ഷെ ഒരു ആണ്‍കുട്ടിയെ യഥാര്‍ത്ഥ പുരുഷനാക്കുന്ന ഏറ്റവും വലിയ കാര്യം ഇത്തരം കൗതുകങ്ങളോട് അവന്‍ എടുക്കുന്ന നിലപാടുകളാണ്. ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ നോക്കുക എന്നത് സ്വാഭാവികമാണ്, പക്ഷെ എത്രത്തോളം കുലീനമായി ആണ് നീ നിന്‍റെ നോട്ടത്തെ, ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് എന്നതാണ് നിന്നെ നല്ല ഒരു പയ്യന്‍ ആക്കുന്നത്…
അടച്ചിട്ട എന്‍റെ റൂമില്‍, അല്ലെങ്കില്‍, ഞാന്‍ മാത്രമായിരിക്കുന്ന എന്‍റെ ചിന്തകളുടെ ലോകത്ത് അത്ര മാന്യന്‍ ഒന്നും അല്ല ഞാൻ, പക്ഷെ ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട് എന്‍റെ ചിന്തകളെ അമ്മ പറഞ്ഞ പോലെ കുലീനമായി നിയന്ത്രിക്കാന്‍. നമ്മള്‍ എന്തിനോട് ചേര്‍ന്നിരിക്കുന്നുവോ നമ്മള്‍ അതായിത്തീരും എന്നൊരു വാചകം ഉണ്ട്. ഒരു ലോഹ കമ്പി റഫ്രിജറേറ്ററില്‍ വെച്ചാല്‍ തണുക്കും, അത് തീയില്‍ ഇട്ടാല്‍ ചുട്ടുപൊള്ളും. നമ്മള്‍ കാണുന്ന വീഡിയോകള്‍, കൈമാറ്റം ചെയ്യുന്ന whatsapp ചിത്രങ്ങള്‍,നടന്നു പോകുന്ന പെണ്‍കുട്ടിയെ നോക്കി പറയുന്ന കമന്റുകള്‍, ഇവയെല്ലാം തന്നെ ഒരു പെണ്ണിനോടുള്ള നമ്മുടെ സമീപനത്തെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ ആണ്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ആ പെങ്ങളുടെ കൊലയാളിയെ ഇത്തരം ക്രൂരതകള്‍ക്ക് പ്രേരിപ്പിച്ച കാര്യം, ഇങ്ങനെ കൈമാറി കിട്ടിയ അശ്ലീല കാഴ്ച്ചകളാണെങ്കില്‍? അവനില്‍ അത്തരം ചിത്രങ്ങളും, കഥകളും കൈമാറി വന്ന ആ കണ്ണികളില്‍ നമ്മളും ഉണ്ടെങ്കില്‍? ആ കുട്ടിയുടെ കൊലപാതകത്തില്‍ നമുക്കും ഉത്തരവാദിത്തം ഇല്ലേ?
ആയിരം പെണ്‍കുട്ടികളെ ഞാന്‍ ഭോഗിച്ചു എന്ന് പറയുന്നതല്ല, മറിച്ച്, ഒരു പെണ്‍കുട്ടിയുടെ മാനത്തിനു വേണ്ടി ഞാന്‍ നിലകൊണ്ടു എന്ന് പറയുന്നതാണ് യാത്രാര്‍ത്ഥ ആണത്തം എന്ന് നമ്മളെ തന്നെ പറഞ്ഞ് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാമത്തിന് മുകളിലാണ് സ്നേഹം, ആസക്തിക്കും മുകളിലാണ് മനുഷ്യത്വം എന്ന് primary class മുതല്‍ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം എന്ന് തോന്നുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ട് വശങ്ങളില്‍ ഇരുത്തിയുള്ള വിദ്യാഭ്യാസരീതിക്കും പള്ളിയിലെ കുര്‍ബ്ബാനയ്ക്കും മാറ്റം വരണം. ചെറുപ്പത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഈ അകലമാണ് അപകടം. നമ്മളില്‍ ഒരാളാണ് സ്ത്രീയും എന്ന ബോധ്യം ഉണ്ടാകണം.
SEX EDUCATION എന്നൊരു സംഗതി ഉണ്ട്, SEX എന്ന വാക്ക് ഉള്ളതുകൊണ്ട് മാത്രം പലരും മുഖം തിരിച്ച് നടപ്പിലാക്കാതെ പോയ ഉത്തമവിദ്യാഭ്യാസം. ഒരു പെണ്‍കുട്ടിക്ക് അമ്മയില്‍ നിന്നും പലതും നേരത്തെ പഠിക്കാനാകും. പെണ്‍കുട്ടികള്‍ ഒരു നിശ്ചിത പ്രായം എത്തുമ്പോള്‍ പ്രകൃതി അവളുടെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. അമ്മയാണ് അപ്പോള്‍ അവള്‍ക്ക് ഗുരു, ഒരു പെണ്‍കുട്ടിയുടെ ശാരീരിക വ്യതിയാനങ്ങളെ കുറിച്ച് അവളെ പഠിപ്പിക്കുന്നതും, സ്ത്രീത്വത്തിന്‍റെ മഹനീയത അവള്‍ അറിയുന്നതും സ്വന്തം അമ്മയിലൂടെയാണ്.
ആണ്‍കുട്ടികള്‍ക്കായി കാലം കരുതിവച്ചത് ഏറ്റവും മോശമായ ഗുരുക്കന്മാരെയാണ്. തങ്ങളുടെ ശരീരത്തെയും അതിന്‍റെ മൂല്യങ്ങളെയും കുറിച്ച് അച്ചനമ്മമാരില്‍ നിന്നല്ല, മറിച്ച് ഇത്തരം അറിവുകള്‍ തങ്ങളില്‍ എത്തിയത് എങ്ങനെ എന്ന് ചോദിച്ചാല്‍, “കൂട്ടുകാരന്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരു മാസിക, രാധ തീയറ്ററില്‍ ഓടുന്ന ഉച്ചപ്പടം, ട്രയിനിലെ ബാത്‌റൂമില്‍ ആരോ വരച്ച ചിത്രങ്ങള്‍, ബയോളജി ക്ലാസ്സില്‍ മനുഷ്യശരീരത്തെ കുറിച്ച് പഠിക്കുന്ന ഭാഗം സ്വയം വായിച്ചു പഠിക്കാന്‍ ആവശ്യപ്പെട്ട അധ്യാപിക” എന്നൊക്കെയാവും ഉത്തരങ്ങൾ. ഇവരൊക്കെ പറഞ്ഞ് തന്നതാണ് തങ്ങളുടെ മനസ്സില്‍ ഉറച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ പൊക്കിള്‍ കാണിക്കുന്ന രംഗം tv’ല്‍ വരുന്നു, ‘കണ്ണടയ്ക്കടാ ചെറുക്കാ’ എന്ന് പറയുമ്പോള്‍’ അത് ഒരു ‘Erotic symbol’ ആയാണ് രജിസ്റ്റര്‍ ചെയ്യപെടുക, മറിച്ച് പൊക്കിള്‍ ഒരു അമ്മയും കുഞ്ഞുമായുള്ള പവിത്രമായ ബന്ധത്തിന്‍റെ ഓര്‍മ്മപെടുത്തലാണെന്ന സത്യം എന്തുകൊണ്ട് ആരും ആണ്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുന്നില്ല.?
ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ വളരെ ആഴമുള്ള, കുലീനമായ ബന്ധങ്ങള്‍ സാധ്യമാണ് എന്ന് കൂടി നമ്മള്‍ അറിയേണ്ടിയിരിക്കുന്നു. പണ്ട് സ്ത്രീകളെ കണ്ട് വഴി തെറ്റാതിരിക്കാന്‍ അവര്‍ വരുമ്പോള്‍ മുഖം തിരിച്ച് നടന്ന ഒരു സന്യാസി ഉണ്ടായിരുന്നു. ഒരിക്കല്‍ ആ സ്ത്രീകളില്‍ ഒരാള്‍ ആ സന്യാസിയെ തടഞ്ഞുനിര്‍ര്‍‍ത്തി പറഞ്ഞു,
“ഗുരോ, ഞങ്ങള്‍ സ്ത്രീകളെ മുഖമുയര്‍ത്തി നോക്കാന്‍ പഠിക്കുക, ഞങ്ങള്‍ സ്ത്രീകളാണല്ലോ എന്ന് ഞങ്ങളെ ലജ്ജയോടെ ഓര്‍മ്മിപ്പിക്കാത്തവിധത്തില്‍…”
അധികം വലിച്ച് നീട്ടുന്നില്ല, ചിന്തകളെയൊക്കെ ഒന്ന് മാറ്റി പിടിക്കാന്‍ സമയമായി..
അമ്മയും, പെങ്ങളുമല്ലാത്ത പെണ്‍കുട്ടികളും നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഓരോ ആൺകുട്ടികളും ചിന്തിക്കാനുള്ള സമയമായി. ഇനി വരുന്ന തലമുറയ്ക്ക് നമ്മള്‍ ചെറുപ്പക്കാര്‍ ഒരു മാതൃകയാകണം, നല്ല ആണ്‍കുട്ടികളായി നമുക്ക് മാറാം. നമ്മുടെ വിരിച്ച് പിടിച്ച കരങ്ങളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കട്ടെ.
പ്രാണന്‍ നൊന്ത് മരിച്ച ആ പെണ്‍കുട്ടിയുടെ കരച്ചിലിന് അവളുടെ കൊലപാതകിയെ തൂക്കി കൊല്ലണം എന്ന് പറഞ്ഞ് അലമുറയിടുന്ന സമൂഹത്തോടൊപ്പം, നമുക്ക് ഒരു നിമിഷം കണ്ണടയ്ക്കാം, പെങ്ങളെ മാപ്പ് എന്ന് മാറത്തടിച്ചു കരയാം. ഒടുവില്‍ നെഞ്ചില്‍ കൈ വച്ച് പറയാം,
“ഓരോ പെണ്‍കുട്ടിയും എന്‍റെ ഉത്തരവാദിത്തം…”

കടപ്പാട്: Joseph Jose (ഫേസ്ബുക്ക്‌ പോസ്റ്റ്‌)

Loading...

More News