Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഷുറന്‍സ് തുക തട്ടാന്‍ തന്റെ രൂപ സാദൃശ്യമുള്ള ചാക്കോയെ കൊന്ന് കത്തിച്ച സുകുമാരക്കുറുപ്പിന്റെ കഥ നമ്മള്‍ കേട്ടതാണ്. എന്നാല്‍ വിധവാ പെന്‍ഷനു വേണ്ടി 91 വയസുള്ള സ്വന്തം ആന്റിയെ വിവാഹം ചെയ്ത 23 വയസുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ.
91 വയസുള്ള സ്വന്തം ആന്റിയെ വിവാഹം ചെയ്യുമ്പോള്‍ 23 വയസുകാരന്‍ പയ്യന്‍ സ്വപ്നം കണ്ടത് സുന്ദരമായ ഒരു ദാമ്പത്യമായിരുന്നില്ല. മറിച്ച് ‘ഭാര്യ’യുടെ മരണശേഷം ലഭിക്കുന്ന സര്‍ക്കാരിന്റെ ‘വിധവാ’ പെന്‍ഷന്‍ ഉപയോഗിച്ച് പാതിവഴിയില്‍ മുടങ്ങിയ നിയമപഠനം തുടരാനായിരുന്നു.
അര്‍ജന്റീന സ്വദേശിയായ മൗറീഷ്യോ ഒസോള എന്ന 23കാരനാണ് പെന്‍ഷന്‍ പണത്തിനായി ആന്റി കൂടിയായ യൊളന്ദയെ കല്ല്യാണം കഴിച്ചത്. മൗറീഷ്യോ മനസില്‍ കണ്ടതു പോലെതന്നെ രണ്ടു വര്‍ഷം കഴിഞ്ഞ് ഭാര്യ മരിച്ചു. എന്നാല്‍ പെന്‍ഷന്‍ അപേക്ഷ അധികൃതര്‍ തള്ളിയതോടെ മൗറീഷ്യോയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു.
14 മാസം നീണ്ടു നിന്ന ദാമ്പത്യത്തിന് തീരശീല വീഴ്ത്തി കഴിഞ്ഞ ഏപ്രിലിലായിരുന്നു മൗറീഷ്യോയുടെ ആന്റി മരിച്ചത്. അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തിയതിനു ശേഷം മൗറീഷ്യോയും അമ്മയും മുത്തശിയും സഹോദരനും ട്രെസ് സെറിറ്റോസിലുള്ള യൊളന്ദയ്‌ക്കൊപ്പമായിരുന്നു താമസം.
ഇരുപത്തിയൊന്നു വയസുള്ളപ്പോള്‍ മൗറീഷ്യോ നിയമപഠനത്തിനായി കോളജില്‍ ചേര്‍ന്നു. എന്നാല്‍ പണം വിലങ്ങുതടിയായപ്പോള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു.
അങ്ങനെയിരിക്കയാണ്, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിന് പെന്‍ഷനായി നല്ലൊരു തുക ലഭിക്കുമെന്ന കാര്യം മൗറീഷ്യോയുടെ ചിന്തയില്‍ വരുന്നത്. വൃദ്ധയായ യൊളന്ദയെ വിവാഹം കഴിച്ചാല്‍ അവരുടെ കാലശേഷം ലഭിക്കുന്ന പെന്‍ഷന്‍ പണം ഉപയോഗിച്ച് തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മൗറീഷ്യോ കണക്കുകൂട്ടി.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം രണ്ടും കല്‍പ്പിച്ച് ഇക്കാര്യം ആന്റിയോട് പറയുകയും ചെയ്തു. ആന്റിയെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോകുന്നതുള്‍പ്പെടെ എല്ലാത്തിനും സഹായിക്കുന്നത് മൗറീഷ്യോ ആണ്. തന്നെ എപ്പോഴും സഹായിക്കുന്നത് പയ്യന്റെ ആഗ്രഹം നടക്കട്ടെയെന്ന് ആന്റിയും തീരുമാനിച്ചു.
അങ്ങനെ 2015 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരായി. 14 മാസത്തെ ദാമ്പത്യത്തിനൊടുവില്‍ യൊളന്ദ മരിച്ചപ്പോള്‍ പിന്നാലെ മൗറിഷ്യൊ പെന്‍ഷന്‍ ലഭിക്കുവാനുള്ള നിയമ നടപടികളും ആരംഭിച്ചു.
എന്നാല്‍ പെന്‍ഷനായി സമര്‍പ്പിച്ച രേഖകള്‍ അധികൃതര്‍ സ്വീകരിച്ചില്ല. കാരണം ഇങ്ങനെയൊരു വിവാഹം നടന്നതായി തങ്ങള്‍ക്ക് അറിയില്ലെന്ന് അയല്‍ക്കാര്‍ അധികൃതരെ അറിയിച്ചിരുന്നു.
എന്നാല്‍ നിയമവിധേയമായാണ് വിവാഹം നടന്നതെന്നും എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നുമാണ് മൗറീഷ്യോ പറയുന്നത്. അവകാശം നേടിയെടുക്കുന്നതിനായി സുപ്രീം കോടതി വരെ പോകാനും താന്‍ തയാറാണെന്നുമാണ് മൗറീഷ്യോ പറഞ്ഞത്. ഇതേത്തുടര്‍ന്ന് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പാവം ഭര്‍ത്താവ്.
Leave a Reply