Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 266 കിലോ സ്വര്‍ണം കാണാതായതായി റിപ്പോർട്ട്. മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തൽ. ക്ഷേത്ര നടത്തിപ്പില്‍ വ്യാപക അസന്തുലിതാവസ്ഥയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര സ്വത്ത് ഓഡിറ്റ് ചെയ്യാന്‍ സുപ്രീം കോടതി വിനോദ് റായിയെ നേരത്തേ ചുമതലപ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണത്തില്‍ 266.272 കിലോഗ്രാം സ്വർണ്ണമാണ് കാണാതായത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതകും കൊടിമരവും തൂണുകളുംമറ്റും സ്വര്‍ണം പൂശുന്നതിനുവേണ്ടി 1990 മുതലാണ് ഇത്രയും സ്വര്‍ണം ഉരുക്കാന്‍ നിലവറകളില്‍നിന്ന് പുറത്തെടുത്തത്. കൃത്യമായ തൂക്കവും ശുദ്ധിയും കണക്കാക്കാതെ കരാറുകാര്‍ക്ക് നല്‍കിയതു വഴി 30 ശതമാനം സ്വര്‍ണമാണ് നഷ്ടമായിരിക്കുന്നത്. എന്നാല്‍ സ്വര്‍ണം കവര്‍ന്നത് ആരായിരിക്കാമെന്ന് അറിവായിട്ടില്ല. കൊടിമരം സ്വര്‍ണം പൂശല്‍ ജോലിക്കായി പുറത്തേക്കു കൊണ്ടുപോയ സ്വര്‍ണത്തില്‍ ശേഷിക്കുന്നത് 625.44 കിലോ സ്വര്‍ണം മാത്രമാണ്. 82 തവണയായാണു സ്വര്‍ണം ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കു കൊണ്ടുപോയത്. ഓരോ തവണയും പുറത്തു കൊണ്ടുപോയ ശേഷം തിരികെ വരുമ്പോള്‍ സ്വര്‍ണത്തിന്‍റെ തൂക്കത്തില്‍ കുറവു വന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിന്റ വരവു ചെലവു കണക്കുകളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Leave a Reply