Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇതോടെ സൂര്യ, കിരണ്‍, കൊച്ചു ടിവി തുടങ്ങിയ സണ്‍ ചാനലുകളുടെ സംപ്രേക്ഷണം നിലയ്ക്കും. ഉടമകള്‍ക്കെതിരെ സിബിഐ, എന്‍ഫോഴ്സ്‍മെന്‍റ് അന്വേഷണങ്ങള്‍ നടക്കുന്നതിന്‍റെ പശ്ചാതലത്തിലാണ് നടപടി. കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് സണ്‍ ടി.വി ഗ്രൂപ്പ്. കലാനിധി മാരനെതിരെ സി.ബി.ഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചത്. കേന്ദ്ര നടപടിക്കെതിരെ സണ്‍ ഗ്രൂപ്പിന് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ സണ്‍ ചാനലിന് അനധികൃതമായി 300ലേറെ ഹൈസ്പീഡ് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ലൈനുകള്‍ അനുവദിച്ചിരുന്നു. ഈ കേസില്‍ ദയാനിധി മാരനെതിരെയും കലാ നിധി മാരനെതിരെയും സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. ദയാനിധി മരാന്‍ 2ജി കേസിലും കലാനിധി മാരന്‍ എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസിലും ആരോപണവിധേയനാണ്.രാജ്യത്തെ ഏറ്റവും വലിയ ചാനല്‍ ശൃംഖലകളിലൊന്നാണ് സണ്‍ നെറ്റ്‌വര്‍ക്ക്. സണ്‍ ഗ്രൂപ്പ് രാജ്യത്ത് ഒമ്പതരക്കോടി വീടുകളില്‍ കേബിള്‍ ടിവി നല്‍കുന്നു. എന്നാല്‍, സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സണ്‍ ഗ്രൂപ്പ് പറഞ്ഞു. നേരത്തേ, സണ്‍ നെറ്റ്‌വര്‍ക്കിന്റെ 40 എഫ്എം റേഡിയോ സ്റ്റേഷനുകള്‍ക്കും ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചിരുന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടും ഈ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇതേത്തുടര്‍ന്ന് സണ്‍ അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ എഫ്എം സ്റ്റേഷനുകള്‍ക്ക് ക്ലിയറന്‍സ് നിഷേധിച്ച നടപടി കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
Leave a Reply