Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ നയങ്ങളേയും പദ്ധതികളേയും വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് ചിത്രമായ മെര്‍സലിലെ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍.
മെര്‍സല്‍ സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങള്‍ക്കെതിരെ യുക്തിയോടെ വേണം പ്രതികരിക്കാനെന്നും കമല്‍ പറഞ്ഞു.
‘മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനുശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണു വിവാദത്തിന് കാരണമായത്. ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞാണ് ബി.ജെ.പി വിജയ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചിത്രത്തിലെ രണ്ട് രംഗങ്ങളിലാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരായ പരിഹാസമുള്ളത്. വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പഴ്സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററില്‍ വലിയ കൈയടിക്ക് വഴിവച്ച ഈ സീന്‍.
രണ്ടാമത്തേത് നായകന്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതിന്റേതാണ്. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി.എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിന്റെ സംഭാഷണമാണ് പ്രശ്നമായത്.
ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍, തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവര്‍ രംഗത്തുവന്നു. നായകന്‍ വിജയ്ക്കെതിരായ വ്യക്തിപരമായ ആക്രമണത്തില്‍ ചെന്നെത്തി കാര്യങ്ങള്‍. വിജയിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിച്ചതെന്നാണ് തമിളിസൈ ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിറകെയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്തുവന്നത്. മെര്‍സലിലെ രംഗങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ രജനികാന്തിന്റെ കബാലിയുടെ സംവിധായകനായ പാ രഞ്ജിത്തും രംഗത്തുവന്നിരുന്നു.
Leave a Reply