Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്ന് പ്രമോദിനിക്ക് പ്രായം പതിനഞ്ച്. പതിവുപോലെ അന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്കു വരികയായിരുന്നു. പെട്ടന്നാണ് അയാള്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹാഭ്യര്‍ത്ഥന നടത്തി അയാള്‍ ശല്യം ചെയ്തപ്പോള്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞു പ്രമോദിനി ഒഴിഞ്ഞുമാറി. പക്ഷെ അയാള്‍ക്ക് വട്ടിളകിയ പോലെയായിരുന്നു. കയ്യില്‍ കരുതിയ ആസിഡ് എടുത്ത് അയാള്‍ അവളുടെ ശരീരത്തിലേക്കൊഴിച്ച് കടന്നുകളഞ്ഞു. അതോടെ പ്രമോദിനിയുടെ ജീവിതം മാറിമറിയുകയായിരുന്നു. അതുവരെ ജീവിച്ചു പോന്ന ചുറ്റുപാടുകളും ശീലങ്ങളും എല്ലാം തന്നെ അവള്‍ക്ക് അന്യമായി. കാഴ്ച ശക്തി നഷ്ടപ്പെട്ടു. ആശുപത്രിയില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന ചികിത്സയുടെ ദിനങ്ങള്‍. മുടിയില്ല. കാഴ്ചയില്ല. കണ്ടാല്‍ പലരും ഭയന്നുപോയേക്കാവുന്ന മുഖം. ജീവിതം എന്നന്നേക്കുമായി ഇരുട്ടില്‍ തളച്ചിടാനൊരുങ്ങുമ്പോഴായിരുന്നു അവളുടെ ജീവിതത്തിലേക്ക് ആ വെളിച്ചം കടന്നു വന്നത്. സരോജ് കുമാര്‍ സാഹു എന്ന യുവാവിന്റെ രൂപത്തില്‍.
ആസിഡ് ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ ദീര്‍ഘകാലമായി ചികിത്സക്ക് വേണ്ടി കഴിയേണ്ടി വന്നിരുന്നു പ്രമോദിനിക്ക്. അങ്ങനെയിരിക്കെ അതേ ആശുപത്രിയിലെ തന്റെ സുഹൃത്തായ നെഴ്‌സിനെ കാണാനെത്തിയതായിരുന്നു സരോജ്. പ്രമോദിനിയുടെ അമ്മയുടെ കരച്ചില്‍ കേട്ടതായിരുന്നു അയാളെ അവരുടെ മുറിയിലേക്ക് എത്തിച്ചത്. അന്ന് ആ അമ്മയെ ആശ്വസിപ്പിച്ച് സരോജ് മടങ്ങി. പിന്നീട് സരോജ് അവിടെ നിത്യ സന്ദര്‍ശകനായി. പതിയെ സംസാരിച്ചു തുടങ്ങി. സംസാരത്തിലൂടെ അവര്‍ അടുക്കുകയായിരുന്നു. അയാളുടെ വാക്കുകള്‍ അവളുടെ മനസ്സിലും ശരീരത്തിലും ഒരുപോലെ ആശ്വാസം പകരുന്നവയായി. അവസാനം 2016 ജനുവരി മാസത്തിലെ ഒരു ദിവസം സരോജ് കുമാര്‍ സാഹു പ്രമോദിനിയോട് തന്റെ പ്രണയം തുറന്നു പറയുകയുണ്ടായി. അവള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍.
അവന്റെ ഓരോ വാക്കുകളും അവള്‍ക്ക് നല്‍കിയ ആശ്വാസം അവളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. മാനസികമായി തളര്‍ന്ന് എന്നന്നേക്കുമായി ജീവിതം തന്നെ ഇല്ലാതായിപ്പോകുമെന്ന് എത്തിയ നിലയില്‍ നിന്നുമായിരുന്നു ഈ യുവാവ് അവളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. വൈകാതെ കണ്ണുകളുടെ ശസ്ത്രക്രിയ നടത്തി കാഴ്ചയും തിരിച്ചുകിട്ടി. തന്റെ വിരൂപമായ മുഖം അവള്‍ കണ്ണാടിയില്‍ കണ്ടതോടെയാണ് എന്തുമാത്രം പവിത്രമാണ് സരോജിന്റെ സ്‌നേഹം എന്നവള്‍ തിരിച്ചറിഞ്ഞത്. വിവാഹത്തോട് വീട്ടുകാര്‍ക്കും സമ്മതമായതോടെ എല്ലാം സന്തോഷം, ശുഭം. പക്ഷെ ഒരൊറ്റ സങ്കടം മാത്രം അപ്പോഴും ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു, തന്നെ ഈ അവസ്ഥയിലാക്കിയ ആ ആള്‍ ഇന്നും പോലീസ് പിടിയിലായിട്ടില്ല. അയാള്‍ സുഖമായി ഇന്നും ജീവിക്കുന്നു. പക്ഷെ ഈ കാര്യം ഓര്‍ത്ത് സങ്കടപ്പെട്ടു നില്‍ക്കാന്‍ അവള്‍ക്കും ഒപ്പം അവനും നേരമില്ല. അവര്‍ക്ക് ഒരുമിച്ചു ജീവിച്ചു തുടങ്ങാനുള്ള സമയമായിരിക്കുകയാണ് ഇപ്പോള്‍.
Leave a Reply