Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത്.
നടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിരുന്നെന്നും എന്നാല്‍, ഈ പദ്ധതി പാളുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ കേസില്‍ 34-ാം സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസില്‍ ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകും. സിനിമാ സംഘടന അമ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു.
എന്നാല്‍, കേസില്‍ മൊഴി കൊടുക്കുന്നതില്‍ ആദ്യഘട്ടത്തില്‍ മഞ്ജുവിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തി എ.ഡി.ജി.പി. ബി. സന്ധ്യയാണ് മൊഴിയെടുത്തത്.
ആദ്യഭാര്യ മഞ്ജുവുമായുള്ള വിവാഹബന്ധം തകരുന്നതിനു പ്രധാനകാരണം ഈ നടിയാണെന്ന വിശ്വാസത്തിലാണ് പക ഉടലെടുത്തതെന്ന് നേരത്തേ പൊലീസ് കോടതിയില്‍ വിശദീകരിച്ചിട്ടുള്ളതാണ്. ഇതാണ് ക്വട്ടേഷനിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
അക്രമിക്കപ്പെട്ട നടിയുമായി ദിലീപ് വഴക്കുണ്ടാക്കിയിരുന്നു. കാവ്യാ മാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വഴക്ക്. ക്വട്ടേഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടു. നടി വിവാഹിതയായി സിനിമാരംഗം വിടുന്നതിന് മുമ്പുതന്നെ നടപ്പാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത് നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കേസില്‍ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാരംഗത്തു നിന്നുമാത്രം അന്‍പതിലേറെ പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
ആറുമാസമെടുത്താണ് പൊലീസ് കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം. ദിലീപിനെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള 11 കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
Leave a Reply