Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പ്രവൃത്തിയുമായി ഒരു ആംബുലന്‍സ് ഡ്രൈവര്‍. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള അഞ്ഞൂറ് കിലോമീറ്റര്‍ വെറും 6.45 മണിക്കൂര്‍ എടുത്താണ് ഇദ്ദേഹം പൂര്‍ത്തിയാക്കിയത്. അതും നമ്മുടെ കേരളത്തിലെ റോഡിലൂടെ.
ഹൃദയശസ്ത്രക്രിയക്കായി പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫാത്തിമ ലൈബ എന്ന ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിക്കാനായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ തമീം ഈ മരണപ്പാച്ചില്‍ പാഞ്ഞത്.
KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അല്‍പ്പ സമയത്തിനകം കണ്ണൂരില്‍ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാന്‍ സഹായിക്കുക. എവിടെയെങ്കിലും റോഡില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെ കുറിച്ച് പൊതുജനങ്ങള്‍ക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്.
ഇന്നലെ രാത്രി 8:30 ഓടെയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കൈകുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പാഞ്ഞത്. ഏകദേശം 500 കിലോമീറ്റര്‍ വഴിദൂരമുള്ള സ്ഥലത്തേക്ക് എത്തിപ്പെടാന്‍ റോഡില്‍ യാതൊരു വിധ തടസ്സങ്ങളുമില്ലെങ്കില്‍ പോലും ഏകദേശം 14 മണിക്കൂര്‍ സമയ മെടുക്കുന്നിടത്താണ് വെറും ആറെ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് (8:30 pm – 3:22 am) ലക്ഷ്യസ്ഥാനത്തെത്തിയത്.
ഇതിനായി നാട് മുഴുവനും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പലരും സഹായത്തിനെത്തി. പൊലീസും കൈകോര്‍ത്തു. പ്രാര്‍ത്ഥനയും സഹായവുമായി എല്ലാവരും ഒന്നുചേര്‍ന്നതോടെ യാത്ര ലക്ഷ്യത്തിലെത്തി.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച ഫാത്തിമ ലൈബയ്ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തും. കുട്ടിയു നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കേരളം മുഴുവന്‍ ഫാത്തിമയുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കാസര്‍കോട് ചര്‍ക്കള സ്വദേശിയായ ഫാത്തിമയെ ബുധനാഴ്ച രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.
ഉടന്‍ കുട്ടിയെ അടിയന്തിര ശസ്ത്രകക്രിയക്ക് തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുക എന്ന ദുര്‍ഘടമായ ദൗത്യം ആംബുലന്‍സ് ഡ്രൈവര്‍ തമീം ഏറ്റെടുത്തു.
തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ദൗത്യം സംബന്ധിച്ച് പ്രചാരണം നല്‍കി. പത്ത് മണി മുതല്‍ പ്രധാന പാതകളില്‍ ആംബുലന്‍സ് കടത്തിവിടാന്‍ സഹായിക്കണം എന്നായിരുന്നു സന്ദേശം. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും സന്ദേശം പ്രചരിച്ചതോടെ സഹായിക്കാന്‍ ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് എത്തി.
പൊലീസും എല്ലാ സഹായവുമായി ഒപ്പം നിന്നതോടെ ദൗത്യം വിജയകരമാകുകയായിരുന്നു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ചൈല്‍ഡ് പ്രൊട്ടക്റ്റീവിന്റെ അംഗങ്ങള്‍ രാത്രിയിലുടനീളം റോഡിലും ആശുപത്രിയിലും സുരക്ഷയും സഹായങ്ങളുമായി സജീവമായി. പൊലീസും മറ്റു ഉദ്യോഗസ്ഥരും എല്ലാ സഹായവുമായി ഒപ്പം നിന്നതോടെ യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്തുകയായിരുന്നു.
Leave a Reply