Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് പരിപാടികളില്‍ മലയാള ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശം അമ്മ തള്ളി. എന്നാല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ അമ്മയുടെയും ഫിലിം ചേമ്പറിന്റെയും ഭാരവാഹികള്‍ തയ്യാറായതുമില്ല.
ഇന്ന് രാവിലെ 10.30 നു ആണ് അമ്മയും ഫിലിം ചേംബറും തമ്മിലുള്ള ചര്‍ച്ച കൊച്ചിയില്‍ വെച്ച് ആരംഭിച്ചത്. പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു, സിദ്ദിഖ്, ഗണേഷ് കുമാര്‍ എന്നിവരായിരുന്നു അമ്മയ്ക്കു വേണ്ടി ചര്‍ച്ചക്കെത്തിയത്. വരുന്ന 3 വര്‍ഷത്തേക്ക് ടിവി ചാനലുകള്‍ സംഘടിപ്പിക്കുന്ന ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍ നിര്‍ദേശം മുന്നോട്ട് വെച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അമ്മ തയ്യാറായില്ല.
സിനിമക്കും സിനിമാ താരങ്ങള്‍ക്കും ചാനലുകളുമായി സഹകരണം ആവശ്യമാണെന്ന നിലപാടില്‍ അമ്മ ഉറച്ച് നിന്നതോടെയാണ് രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപെട്ടത്. പക്ഷെ ഈ വിഷയത്തില്‍ നടന്ന കാര്യങ്ങളെ പറ്റി സംസാരിക്കാന്‍ ഇരു സംഘടനകളും മാധ്യമങ്ങളോട് തയ്യാറായില്ല. അതേസമയം ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് പരിപാടികള്‍ കൊണ്ട് തങ്ങള്‍ക്ക് യാതൊരു ഗുണവും കിട്ടുന്നില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കളും വിതരണക്കാരും കൈക്കൊണ്ടത്.
തിയ്യറ്ററുകളില്‍ ഹിറ്റാകുന്ന ചിത്രങ്ങള്‍ മാത്രം നോക്കിയാണ് പല ചാനലുകളും സംപ്രേഷണാവകാശം വാങ്ങുന്നത്. പണ്ടത്തെ പോലെ സിനിമ ഇറങ്ങും മുമ്പ് തന്നെ സംപ്രേഷണാവകാശം വാങ്ങുന്ന പ്രവണത ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഈ കാര്യം സിനിമാ മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ചാനലുകളുമായി ഇനി സഹകരണം വേണ്ട എന്നുമാണ് ഫിലിം ചേംബറിന്റെ തീരുമാനം. ഇതടക്കമുള്ള കാര്യങ്ങളാണ് ഇന്നത്തെ ചര്‍ച്ചയില്‍ വിഷയമായതെങ്കിലും ഇതിനോട് അമ്മ വിയോജിക്കുകയായിരുന്നു.
Leave a Reply