Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കെയ്റോ: ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ ഗിസ പിരമിഡില്‍ നൂറടിയിലേറെ നീളത്തിലുള്ള വായുശൂന്യ സ്ഥലം കണ്ടെത്തി. സ്‌കാന്‍പിരമിഡ്‌സ് പ്രോജക്ടിന്റെ ഭാഗമായി രണ്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ഫ്രഞ്ച്-ജാപ്പനീസ് ഗവേഷകരാണ് പിരമിഡിനുള്ളില്‍ ഇങ്ങനെയൊരു വായു ശൂന്യമായ ഭാഗം കണ്ടെത്തിയത്.
2015 മുതല്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ ജാപ്പനീസ്, ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. പിരമിഡിന്റെ ഗ്രാന്റ് ഗാലറിയുടെ വലുപ്പത്തോടു സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയ വായുരഹിതസ്ഥലത്തിന്റെ വലുപ്പവും. പിരമിഡിനുള്ളിലെ ഗ്രാന്റ് വാലിക്ക് മുകളിലായാണ് വായുശൂന്യഅറ സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ എന്തിന് വേണ്ടിയാണ് പിരമിഡിനുള്ളില്‍ ഇത്തരമൊരു അറ നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് കൃത്യമായ ഒരു ഉത്തരമില്ല. നിഗൂഢത നിറഞ്ഞ ഇങ്ങനെയൊരു നിര്‍മ്മിതിയുടെ ഉദ്ദേശമെന്തെന്നും ഇവിടെയെന്താണുള്ളതെന്നും ഒരെണ്ണമാണോ അതോ വിവിധ വായുരഹിത മണ്ഡലങ്ങളുണ്ടോയെന്നതിലും വ്യക്തതയില്ല.
നേരത്തേ, പിരമിഡിന്റെ വടക്കന്‍ മുഖഭാഗത്തു ചെറിയ വായുരഹിത സ്ഥലം സ്‌കാന്‍പിരമിഡ്‌സ് കണ്ടെത്തിയിരുന്നു. മൗഗ്രഫി എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിരമിഡിനുള്ളില്‍ ഗവേഷകര്‍ ഈ അറ കണ്ടെത്തിയത്.
വലിയ പാറകള്‍ക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. ബിസി 2509നും 2483നും ഇടയില്‍ ഖുഫു ഫറവോയുടെ ഭരണകാലത്താണു ഗിസായിലെ പിരമിഡ് നിര്‍മ്മിച്ചത്. ഈജിപ്തിലെ പിരമിഡുകളില്‍ ഏറ്റവും വലിയതാണ് ഗിസ പിരമിഡ്.
Leave a Reply