Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:06 am

Menu

Published on April 24, 2013 at 5:43 am

തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ഫണ്ട് തിരിമറിയും ക്രമക്കേടും

audit-nrega

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലുറപ്പു പദ്ധതിയില്‍ പതിനായിരം കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി സി.എ.ജി (കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) കണ്ടെത്തി.ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടിലാണ് കോടികളുടെ ക്രമക്കേട് സി.എ.ജി. അക്കമിട്ടു നിരത്തുന്നത്. ചെലവാക്കാതിരുന്ന പഴയ ഫണ്ട് കണക്കിലെടുക്കാതെ വീണ്ടും അനുവദിച്ചതും സുസ്ഥിരമായ ആസ്തിയുണ്ടാക്കാത്ത ജോലികള്‍ക്ക് നല്‍കിയതുമായ തുകകൂടി കണക്കാക്കിയാല്‍ ഇത് ഏതാണ്ട് 25,000 കോടി വരും. മാനദണ്ഡമോ ആവശ്യമോ നോക്കാതെ കേന്ദ്രസര്‍ക്കാര്‍ 2011 മാര്‍ച്ചില്‍മാത്രം 1960 കോടിയാണ് തൊഴിലുറപ്പുപദ്ധതിക്ക് നല്‍കിയതെന്നും സി.എ.ജി. റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

പദ്ധതിപ്രകാരം അംഗീകാരമില്ലാത്ത ജോലിക്ക് 2252.43 കോടിയാണ് അനുവദിച്ചത്. ഒന്നുമുതല്‍ അഞ്ചുവര്‍ഷംവരെയായിട്ടും പൂര്‍ത്തിയാവാത്ത ജോലികള്‍ 4070.76 കോടിയുടേതാണ്. കൂലിക്കുള്ള ഫണ്ട് ദുരുപയോഗംചെയ്തത് 1230.83 കോടി (അഞ്ച് സംസ്ഥാനങ്ങള്‍- ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, പഞ്ചാബ്, ഉത്തര്‍പ്രദേശ്)യാണ്. ആകെ ചെലവിന്റെ 40 ശതമാനത്തിലേറെ സാധനസാമഗ്രികള്‍ക്ക് ചെലവാക്കരുതെന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെലവാക്കിയതുവഴി 1284.73 കോടി വകമാറ്റി.

സുസ്ഥിര ആസ്തികളുണ്ടാക്കാത്ത ജോലികള്‍ 6547.35 കോടിയുടേതാണ് നടന്നത്. ഇതില്‍ 2483 കോടിയും കേരളത്തിലാണ്. ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡിഷ, രാജസ്ഥാന്‍, യു.പി. എന്നീ സംസ്ഥാനങ്ങള്‍ ഫണ്ട് വകമാറ്റി ചെലവാക്കി. പതിനൊന്ന് സംസ്ഥാനങ്ങള്‍ ഫണ്ട് ദുരുപയോഗം ചെയ്യുകയുമുണ്ടായി. ഇതില്‍ കേരളമില്ല.

തൊഴിലുറപ്പുപദ്ധതി നടത്തിപ്പില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതാണ് സി.എ.ജി. റിപ്പോര്‍ട്ട്. പദ്ധതിയുടെ നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് നിയമത്തില്‍ പറയുന്നപ്രകാരം കേന്ദ്ര തൊഴിലുറപ്പ് കൗണ്‍സില്‍ രൂപവത്കരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൗണ്‍സിലിന്റെ പങ്ക് തുച്ഛമാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ആകെ 13 സ്ഥലസന്ദര്‍ശനം മാത്രമാണ് കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയത്. പദ്ധതി നിരീക്ഷണമോ വിലയിരുത്തലോ നടത്തിയതുമില്ല. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും പദ്ധതി വിലയിരുത്തുന്നതില്‍ പോരായ്മ വരുത്തി.

ചോദിച്ചതിലധികം ഫണ്ട് നല്‍കരുതെന്ന് മന്ത്രാലയത്തിന്റെതന്നെ നിബന്ധനയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെയ്തത് അതാണ്. 2010-11ല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് മാര്‍ച്ചില്‍ 1960 കോടി അനുവദിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയ തുകയില്‍ വര്‍ധനയുണ്ടായിട്ടില്ല. എന്നാല്‍ കൂലി കൂടിവരികയുമാണ്. അതിനാല്‍ നല്‍കിയ തൊഴില്‍ദിനങ്ങളുടെ എണ്ണം കുറഞ്ഞു. 2009-10ല്‍ 283.59 കോടി തൊഴില്‍ദിനങ്ങളായിരുന്നത് 2011-12ല്‍ 216.34 കോടിയായി കുറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News