Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:26 am

Menu

Published on May 6, 2013 at 5:03 am

അഴീക്കോടിന്റെ ഭവനം സര്‍ക്കാര്‍ ഏറ്റെടുത്തു

azheekods-house-taken-by-government

ഒല്ലൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്‍െറ എരവിമംഗലത്തെ വസതി സര്‍ക്കാര്‍ ഔചാരികമായി ഏറ്റെടുത്തു. ഞായറാഴ്ച വൈകീട്ട് അഴീക്കോടിന്‍െറ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ അവകാശികളില്‍ നിന്ന് 22 സെന്‍റ് സ്ഥലത്തിന്‍െറയും 3400 ചതുരശ്രയടി വസ്തീര്‍ണമുള്ള വീടിന്‍െറയും രജിസ്റ്റര്‍ ചെയ്ത ആധാരവും രേഖകളും സാംസ്കാരിക മന്ത്രി കെ. സി. ജോസഫ് ഏറ്റുവാങ്ങി. മലയാളിയുടെ ചിന്തയില്‍ തീകോരിയിട്ട മഹാപ്രതിഭയുടെ സ്മരണകള്‍ ഇരമ്പിയ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങ് വികാരനിര്‍ഭരമായി. അഴീക്കോടിന്‍െറ വീട് ഏറ്റെടുത്ത് സാംസ്കാരിക സ്ഥാപനമാക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ ഉണ്ടായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വീടിന്‍െറയും സ്ഥലത്തിന്‍െറയും സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 51.25 ലക്ഷം രൂപ അഴീക്കോടിന്‍െറ മരുമക്കളായ മനോജ്, രാജേഷ്, സഹോദരന്‍െറ ഭാര്യ സുമാലിനി ദേവദാസ്, സന്തത സഹചാരി സുരേഷ് എന്നിവര്‍ക്ക് തുല്യഭാഗമായി മന്ത്രി സി .എന്‍. ബാലകൃഷ്ണന്‍ കൈമാറി. സ്ഥലത്തിന്‍െറ രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം കുട്ടനെല്ലൂര്‍ സബ്രജിസ്ട്രാറോഫിസില്‍ കലക്ടറുടെ പേരില്‍ നടത്തിയിരുന്നു. കേരളസാഹിത്യ അക്കാദമിക്ക് സംരക്ഷണ ചുമതല നല്‍കിയ അഴീക്കോടിന്‍െറ വീട് മലയാളികളുടെ സാംസ്കാരിക തീര്‍ഥാടന കേന്ദ്രമാകുമെന്ന് ചടങ്ങില്‍ സാംസ്കാരിക മന്ത്രി പ്രഖ്യാപിച്ചു. അഴീക്കോട് സ്മാരകമാക്കുന്നതിന്‍െറ ഭാഗമായി മറ്റ് സജ്ജീകരണത്തിന് പത്തുലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. എം.പി. വിന്‍സന്‍റ് എം.എല്‍. എ അധ്യക്ഷത വഹിച്ചു. പി. സി. ചാക്കോ എം.പി, എം.എല്‍.എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, കെ. വി. അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍, സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. പി. ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്‍റ് സജിത ബാബുരാജന്‍, തദ്ദേശ സ്ഥാപന പ്രതിനിധികളായ ടി. ജെ. സനീഷ്കുമാര്‍, കെ. ആര്‍. രമേഷ്, രാജീവ് എന്നിവര്‍ സംസാരിച്ചു. എ.ഡി.എം പി. കെ. ജയശ്രീ സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.2007ലാണ് എരവിമംഗലത്ത് വീടുപണിത് അഴീക്കോട് താമസമാക്കിയത്. ആയിരക്കണക്കിന് പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും അഴീക്കോടിന് ഉപഹാരമായി ലഭിച്ച അഞ്ഞൂറോളം മെമന്‍േറാകളും സ്മാരകത്തിലുണ്ട്.
അഴീക്കോട് എഴുതാന്‍ ഉപയോഗിച്ച അച്ഛന്‍ നല്‍കിയ കസേര, പാഡ്, പഴക്കം ചെന്ന ഡിക്ഷനറി, അദ്ദേഹം ഉപയോഗിച്ച കട്ടില്‍, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം സ്മാരകത്തിലുണ്ട്. കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്കരിച്ച അഴീക്കോടിന്‍െറ ചിതാഭസ്മവും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അഴീക്കോടിന്‍െറ പ്രഭാഷണങ്ങള്‍ റെക്കോഡ് ചെയ്തത് സന്ദര്‍ശകര്‍ക്ക് കേള്‍പ്പിക്കാനുള്ള ആലോചനയുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്മാരകങ്ങളുടെ അധോഗതി അഴീക്കോടിന്‍െറ വീടിനുണ്ടാവരുതെന്ന് ചടങ്ങില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.
സ്മാരകത്തിന്‍െറ മേല്‍നോട്ടക്കാരനായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് അഴീക്കോടിനൊപ്പം ഉണ്ടായിരുന്ന സുരേഷ് സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. എരവിമംഗലത്ത് വീട്ടുജോലി ചെയ്ത രമയും സ്മാരകത്തില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് അപേക്ഷ നല്‍കി. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത സ്മാരകത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശം എന്നുമുതലെന്നത് വ്യക്തമല്ല. അതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സാഹിത്യ അക്കാദമി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Loading...

Leave a Reply

Your email address will not be published.

More News