Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും ബാങ്കുകള്‍ വന്‍തോതില്‍ പണം ഈടാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പുതിയ ഇരയായി ആലപ്പുഴക്കാരിയായ ഹമീദ ബീവി. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കയര്‍ത്തൊഴിലാളിയായ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പെന്‍ഷന്‍ തുക ബാങ്ക് പിടിച്ചെടുത്തു. സര്‍ക്കാര്‍ ക്ഷേമപെന്‍ഷനായി ഹമീദ ബീവിക്കു നല്‍കിയ 3300 രൂപയില്‍ നിന്നും 3050 രൂപയും ബാങ്ക് പിടിച്ചെടുത്തു. ബാക്കി കയ്യില്‍ കിട്ടിയത് വെറും 250രൂപ മാത്രം.
ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിയുടെ ഈ അനുഭവം ഇതേ അവസ്ഥ അനുഭവിക്കുന്ന പലരുടെയും അനുഭവങ്ങളിലേക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ധനമന്ത്രി ഡോ തോമസ് ഐസക്കാണ് ഫെയ്‌സ്ബുക്കിലൂടെ ഈ കാര്യം പങ്ക് വെച്ചത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന കാരണത്താല്‍ ബാങ്കുകള്‍ ഇത്തരത്തില്‍ വലിയ തോതില്‍ പൊതുജനങ്ങളെ പിഴിയുമ്പോള്‍ സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്ക് വരെ അത് തിരിച്ചടിയാകുകയാണ്.
പെന്‍ഷന്‍, ഗ്യാസ് സബ്സിഡി തുക, അതുപോലെ സര്‍ക്കാരിന്റെ മറ്റു പല സംരംഭങ്ങള്‍ എന്നിവയ്ക്കെല്ലാം തിരിച്ചടിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മന്ത്രി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഈടാക്കിയ പിഴ ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് സര്‍ക്കാര്‍ കത്തുനല്‍കും. മനുഷ്യത്വരഹിതമായ നടപടി തുടരുന്ന ബാങ്കുകളെ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കുമെന്നും ഡോ. തോമസ് ഐസക് വ്യക്തമാക്കി.
Leave a Reply