Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട്ടില്‍ നട്ടുവളര്‍ത്താവുന്ന ഏറ്റവും നല്ല ഔഷധച്ചെടികളിലൊന്നാണ് ആര്യവേപ്പ്. ആര്യവേപ്പുള്ളിടത്ത് മഹാമാരികള്‍ അടുക്കില്ല എന്ന ചൊല്ല് വരെയുണ്ട്.
രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണിത്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നത് പോലും ആരോഗ്യദായകമാണ്. ഇതുകൊണ്ടു തന്നെയാണ് പലരും വീടിന്റെ മുന്‍വശത്ത് വേപ്പ് നട്ടു വളര്‍ത്തുന്നതും.

ആര്യവേപ്പിന്റെ ഇല ചതച്ചെടുത്ത നീര് സ്ഥിരം കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ ഇത് കഴിച്ചാല്‍ മതി. വേപ്പിലനീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. കൂടാതെ വേപ്പിന്‍ തൊലി, ഗ്രാമ്പു/കറുവാപ്പട്ട ഇവ ചതച്ചു കഷായം വെച്ചു കുടിക്കുന്നത് പനിക്കുശേഷമുള്ള ക്ഷീണവും വിശപ്പില്ലായ്മയും അകറ്റാന്‍ നല്ലതാണ്.
സൗന്ദര്യസംരക്ഷണത്തിലും ഒഴിച്ചുകൂടാനാകാത്ത ഔഷധമാണ് ആര്യവേപ്പ്. വേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അരച്ച് മുഖത്തു പുരട്ടുന്നത് തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനുള്ള നല്ലൊരു വഴിയാണ്. കൂടാതെ ചര്‍മ്മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.
വേപ്പില, ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്.
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറാനും ഇത് നല്ലതാണ്. വേപ്പില അരച്ച് കടലമാവ്, തൈര് എന്നിവയുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതു തന്നെ. വരണ്ട ചര്‍മ്മത്തിനുള്ള മരുന്നാണിത്.
Leave a Reply