Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:09 pm

Menu

Published on February 8, 2018 at 11:11 am

വടിവാളു കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷം; 75 പിടികിട്ടാപ്പുള്ളികളെ പൊലീസ് പൊക്കി

chennai-police-crash-birthday-party-nab-75-criminals

ചെന്നൈ: മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പൊലീസ് നാടകീയമായി പൊക്കി. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ ഗുണ്ടകളാണ് പൊലീസ് പിടിയിലായത്.

അന്‍പതു പേരടങ്ങുന്ന പൊലീസ് സംഘമാണ് പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തത്. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാക്കിയുള്ളവരെ തുടര്‍ന്നു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എന്നാല്‍, ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടിരക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട പിടിയിലായതോടെയാണ് ബിനുവിന്റെ പിറന്നാളാഘോഷത്തെക്കുറിച്ച് പൊലീസ് അറിയുന്നത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ നഗരത്തിലെ പ്രധാന ഗുണ്ടകളെല്ലാം പങ്കെടുക്കുമെന്നും മദന്‍ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് ‘ഓപ്പറേഷന്‍ ബെര്‍ത്ത്‌ഡേ’ എന്ന പേരില്‍ ഗുണ്ടാവേട്ട നടത്താന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. സര്‍വേശ് രാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു പിറന്നാള്‍ ആഘോഷം. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയിലും മറ്റുമായി 150-ല്‍പ്പരംപേര്‍ പങ്കെടുക്കാനെത്തിയിരുന്നു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് ബിനു ആഘോഷത്തിന് തുടക്കം കുറിച്ചത്. ആഘോഷങ്ങള്‍ തുടങ്ങിയതോടെ തോക്കുമായി പൊലീസ് ചാടിവീണു.

മാങ്ങാട്, കുന്‍ഡ്രത്തൂര്‍, പൂനമല്ലി, നസ്രത്ത്പേട്ട്, പോരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പിറന്നാളാഘോഷം നടക്കുന്ന സ്ഥലം വളഞ്ഞത്. സ്വകാര്യ കാറുകളിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ പ്രദേശത്തുള്ള വര്‍ക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം.

പൊലീസിനെ കണ്ട് ചിതറിയോടിയ ഗുണ്ടകളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പിടിയിലായത്. ഗുണ്ടകള്‍ പലരും പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒന്‍പതിന് തുടങ്ങിയ ഓപ്പറേഷന്‍ ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടരുകയായിരുന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.

പിടിയിലായവര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Loading...

Leave a Reply

Your email address will not be published.

More News