Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍, ദാവൂദിന്റെ സംഘം വിട്ടതായി റിപ്പോര്‍ട്ടുകള്‍. അഭിപ്രായ ഭിന്നത രൂക്ഷമായതാണ് ഛോട്ടാ ഷക്കീല്‍ സംഘം വിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള കുപ്രസിദ്ധ അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ പ്രതിസന്ധിയിലാക്കി പാളയത്തില്‍ പട കനക്കുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കറാച്ചിയിലെ ക്ലിഫ്റ്റന്‍ മേഖലയില്‍ താമസിക്കുന്ന ദാവൂദിന്റെ സംഘത്തില്‍നിന്ന് രക്ഷപ്പെട്ട ഷക്കീല്‍, ഒളിസങ്കേതത്തിലാണെന്നാണ് വിവരം. ദാവൂദ് നേതൃത്വം നല്‍കുന്ന അധോലോക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെയായി ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീല്‍ ഇടയാന്‍ ഇടയാക്കിയതെന്നാണ് വിവരം.
1993 മാര്‍ച്ച് 12ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദും അനീസും ഛോട്ടാ ഷക്കീലും. മുംബൈയില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളില്‍ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്ക് കടക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയില്‍ സ്ഥിരതാമസമാക്കി.
കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ദാവൂദിന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഛോട്ടാ ഷക്കീലായിരുന്നു. എന്നാല്‍ ഷക്കീലിനെ മറികടന്ന് ദാവൂദ് സംഘത്തിന്റെ തലപ്പത്തെത്താന്‍ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ദാവൂദ് ഇതിനെതിരെ സഹോദരന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, ദാവൂദിന്റെ വാക്കുകളും മുഖവിലയ്‌ക്കെടുക്കാതിരുന്ന അനീസ് കഴിഞ്ഞ ദിവസം ഛോട്ടാ ഷക്കീലുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ഛോട്ടാ ഷക്കീല്‍ സംഘം വിട്ടത്.
അതേസമയം, ദാവൂദിന്റെ സംഘത്തിലുണ്ടായ ഈ പ്രശ്‌നം ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
തങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിവരുന്ന ദാവൂദിന്റെ സംഘത്തിലുണ്ടായ വിള്ളല്‍, ഇന്ത്യാവിരുദ്ധ നീക്കങ്ങളെ ബാധിക്കുമെന്നാണ് ഐഎസ്‌ഐ നേതൃത്വത്തിന്റെ ആശങ്ക. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന നീക്കങ്ങളുമായുള്ള ഐഎസ്‌ഐ രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply