Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:45 pm

Menu

Published on April 25, 2013 at 4:29 am

ചൈന വ്യോമാതിര്‍ത്തിയും ലംഘിച്ചു

china-militar

ന്യൂദല്‍ഹി: ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് പട്ടാളം ടെന്‍റടിച്ച സംഭവത്തിന് പിന്നാലെ ചൈനയുടെ ഹെലികോപ്ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്‍െറ പുതിയ വിവരവും പുറത്തുവന്നു.15നാണ് നുഴഞ്ഞു കയറ്റം നടന്നതെങ്കില്‍, 21ന് രണ്ടു കോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് നൂറു കണക്കിനു കിലോമീറ്ററുകള്‍ ഉള്ളിലേക്ക് പറന്നെത്തിയെന്നാണ് സൈനിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.
പ്രദേശത്ത് റോന്തു ചുറ്റി ഭക്ഷണപ്പൊതികളും സിഗരറ്റ് പാക്കറ്റുകളും പ്രാദേശിക ഭാഷയില്‍ എഴുതിയ ചില കുറിപ്പുകളും വലിച്ചെറിഞ്ഞശേഷം തിരിച്ചുപോവുകയായിരുന്നു. ലഡാക്കിനും ലേയ്ക്കും സമീപം ചുമാറിലാണ് സംഭവം. ചൈന കൈവശം വെച്ചിരിക്കുന്ന അക്സായ് ചിനോടു ചേര്‍ന്നാണ് ചുമാര്‍.
അതിനിടെ, ഇന്ത്യന്‍ ഭൂവിഭാഗത്തില്‍ തമ്പടിച്ച സ്വന്തം സേന പിന്മാറുന്നതിന് ചൈന മുന്‍ ഉപാധിവെച്ചു. രണ്ടു കൂട്ടരും സ്വന്തമെന്ന് അവകാശപ്പെടുന്ന തര്‍ക്കപ്രദേശത്തെ ‘അനധികൃത’ സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ഉപേക്ഷിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം നടന്ന രണ്ടു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ മേഖലയില്‍ അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ ഉണ്ടെന്നാണ് അവരുടെ വാദം. നിരീക്ഷണ സഞ്ചാരവും ഇന്ത്യ വന്‍തോതില്‍ നടത്തുന്നതായി ചൈന ആരോപിക്കുന്നു. ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇതോടെയാണ് രണ്ടാംവട്ട ഫ്ളാഗ് മീറ്റിങ്ങും അപൂര്‍ണമായത്. മൂന്നാമതൊരു യോഗം കൂടി വിളിച്ചേക്കും.
അതേസമയം, നുഴഞ്ഞുകയറ്റ പ്രശ്നം സമാധാനപരമായ നിലയില്‍ പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ബംഗളൂരുവില്‍ പറഞ്ഞു. വിവിധ തലങ്ങളില്‍ ഇതിന് ചര്‍ച്ചകള്‍ നടന്നുവരുകയാണ്. രാജ്യത്തിന്‍െറ അഖണ്ഡതയും സുരക്ഷിതത്വവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ആന്‍റണി കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ 15ന് അതിര്‍ത്തി നിയന്ത്രണരേഖ 10 കിലോമീറ്റര്‍ ഉള്ളിലേക്ക് മറികടന്നെത്തി താല്‍ക്കാലിക ടെന്‍റടിച്ച ചൈനീസ് പട്ടാളം അവിടെത്തന്നെ തുടരുകയാണ്. 40ലേറെ ചൈനീസ് സേനാംഗങ്ങളാണ് മൂന്ന് താല്‍ക്കാലിക ടെന്‍റുകളില്‍ ചെറുകിട ആയുധങ്ങളുമായി തങ്ങുന്നത്. ഇവിടേക്ക് ഇന്തോ-തിബത്തന്‍ പൊലീസിനെ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. നോക്കെത്താവുന്ന ദൂരത്തിലാണ് രണ്ട് സേനകളും നിലയുറപ്പിച്ചിട്ടുള്ളത്.
ഇവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യയുടെ പതിവ് ഐ.ടി.ബി.പി ക്യാമ്പ്.
നുഴഞ്ഞുകയറ്റ പ്രശ്നത്തില്‍ ചര്‍ച്ച തുടരുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞു. ചൈനയുടെ നിലപാടില്‍ സര്‍ക്കാര്‍ തൃപ്തരല്ലെന്നും പ്രശ്നപരിഹാരത്തിനായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെടുക്കാന്‍ കേന്ദ്രം മടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വിഷയത്തില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ ഇതുവരെ എടുത്തതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് ഇത്തരം ഭീഷണിയില്‍ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറിനൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News