Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐശ്വര്യവും സന്തോഷവും നിറഞ്ഞ വീട് ഏതൊരാളുടേയും സ്വപ്‌നമാണ്. ഇതിനായി പൂജകളും മറ്റും കഴിക്കുന്നവരും ഏറെയാണ്. എന്നാല്‍ വീട്ടില്‍ സമ്പത്തും ഐശ്വര്യവും നിറയ്ക്കാന്‍ വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ചില കാര്യങ്ങളുണ്ട്.
വാസ്തു അനുസരിച്ച് വീട്ടില്‍ ഓരോ വസ്തുക്കള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. ആ സ്ഥാനവും സ്ഥലവുമൊക്കെ കൃത്യമായി പാലിച്ചാല്‍ വീട് ഐശ്വര്യ പ്രദമാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഇതിനായി വീട് വയ്ക്കുമ്പോള്‍ ഒരു നല്ല വാസ്തു വിദഗ്ധനെ കണ്ട് ഏതൊക്കെ സ്ഥാനങ്ങളാണ് ഐശ്വര്യദായകം എന്ന് മനസിലാക്കാം, അതനുസരിച്ച് വേണം വീട്ടിലെ ഓരോ വസ്തുക്കളുടെയും സ്ഥാനം നിശ്ചയിക്കേണ്ടത്.
നമ്മള്‍ സാധാരണയായി വീട് അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന നിസാരമെന്ന് തോന്നിക്കുന്ന അഞ്ച് വസ്തുക്കള്‍ യഥാ സ്ഥാനത്ത് വച്ചാല്‍ തന്നെ പോസിറ്റീവ് എനര്‍ജിയും ഐശ്വര്യവും സന്തോഷവും താനേ വരുമെന്ന് വാസ്തു രംഗത്തെ വിദഗ്ധര്‍ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.
കണ്ണാടി എന്തിന്റേയും പ്രതിബിംബം കാണിക്കുകയാണല്ലോ ചെയ്യുന്നത്. അതുപോലെ പ്രതിഫലന നിയമമനുസരിച്ച് നെഗറ്റീവ് എനര്‍ജിയും കണ്ണാടി പ്രതിഫലിപ്പിക്കും. വാസ്തുശാസ്ത്ര പ്രകാരം വീട്ടിലെ എനര്‍ജിയെ നിഷ്‌ക്രിയമാക്കാനും ഇതിനാകും. സമചതുരാകൃതിയിലും ദീര്‍ഘചതുരാകൃതിയിലുമുള്ള കണ്ണാടികളാണ് വീടുകളില്‍ ഉപയോഗിക്കേണ്ടത്. കണ്ണാടി എപ്പോഴും വടക്കുകിഴക്ക് ദിശയില്‍, തറയില്‍ നിന്നും അഞ്ച് അടി ഉയരത്തില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കണം.
സമയമറിയാനും അതിലുപരി അലങ്കാരത്തിനുമായാണ് ഇന്ന് വീടുകളില്‍ ക്ലോക്കുകള്‍ തൂക്കുന്നത്. നമുക്ക് സൗകര്യപ്രദമായ ഇടങ്ങളിലാണ് പലപ്പോഴും ക്ലോക്ക് വെയ്ക്കുക. എന്നാല്‍ അവയുടെ തെറ്റായ സ്ഥാനം കുടുബത്തിന്റെ ഐശ്വര്യത്തെ ബാധിച്ചേക്കാം. വാസ്തു പ്രകാരം ക്ലോക്കുകള്‍ ഒരിക്കലും വാതിലില്‍ തൂക്കിയിടരുത്. വീടിന്റെ തെക്കുഭാഗത്തെ ഭിത്തിയും ക്ലോക്ക് വെയ്ക്കാന്‍ യോജിച്ചതല്ല. ക്ലോക്ക് എപ്പോഴും മറ്റ് മൂന്ന് ദിശകളിലേ തൂക്കിയിടാന്‍ പാടുള്ളൂ. അതായാത് സമയം നോക്കാനായി നിങ്ങള്‍ ക്ലോക്കിലേയ്ക്ക് നോക്കുമ്പോള്‍ നിങ്ങള്‍ പോസിറ്റീവായ ദിക്കിലേയ്ക്കാണ് നോക്കുന്നത്. അത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു.
കുതിച്ച് ഓടുന്ന ഏഴ് കുതിരകളുടെ പെയിന്റിങ് പല വീടുകളിലും കാണാവുന്നതാണ്. പോസിറ്റീവ് ചിന്തകളും നല്ല മനോഭാവവും നിങ്ങളില്‍ നിറയ്ക്കാന്‍ ഇവയ്ക്കാകുമെന്നാണ് വിശ്വാസം. മാത്രമല്ല സാമ്പത്തിക പുരോഗതിയും ലഭിക്കും. എന്നാല്‍ മുന്‍ വാതിലിനടുത്തും വാഷ്‌റൂമിനും അടുക്കളയ്ക്കും അഭിമുഖമായും ജനലുകള്‍ക്ക് എതിരെയുള്ള ഭിത്തികളിലും ഇവ തൂക്കിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വാസ്തുശാസ്ത്രമനുസരിച്ച് വീട്ടുകളില്‍ മണിപ്ലാന്റുകള്‍ വയ്ക്കുന്നത് വീട്ടിലേയ്ക്കുള്ള സമ്പത്തിന്റെ ആഗമനം ത്വരിതപ്പെടുത്തുമെന്നാണ് വിശ്വാസം. ഇവ അകത്ത് വളരുന്നത് ഐശ്വര്യപ്രദവുമാണ്. ഇവ വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുന്നത് ശുഭകരമല്ല.
വാസ്തുശാസ്ത്രത്തില്‍ വെള്ളത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അത് ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ആളുകള്‍ വീടുകളില്‍ ചെറിയ വെള്ളച്ചാട്ടത്തിന്റെ അലങ്കാര മാതൃകകളും ഫിഷ്ടാങ്കുകളുമൊക്കെ വയ്ക്കുന്നത്. അത് അലങ്കാരം മാത്രമല്ല ഐശ്വര്യദായകവുമാണ്. എന്നാല്‍, വടക്കുകിഴക്ക് ദിശയില്‍ ഇവ വെയ്ക്കാന്‍ പാടില്ല.
Leave a Reply