Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെള്ളക്കുപ്പികള്‍ ഭക്ഷണപാത്രങ്ങള്‍ എന്നിവ ഉള്‍പ്പടെ ഒറ്റത്തവണ മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുകെ.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധനവ് കരയിലും സമുദ്രത്തിലും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനം. ഭൂമിയിലെ ജൈവവ്യവസ്ഥയെ പ്ലാസ്റ്റിക്കിന്റെ ആധിക്യം വന്‍തോതില്‍ ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക മൂലം വര്‍ഷത്തില്‍ പത്തു ലക്ഷത്തോളം പക്ഷികളും ഒരു ലക്ഷത്തോളം കടല്‍ ജീവികളും കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് തിന്നുന്നതും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോകുന്നതുമാണ് ഇവയുടെ മരണത്തിനു കാരണമാകുന്നത്.
മത്സ്യം ഉള്‍പ്പടെയുള്ള സമുദ്രോല്‍പന്നങ്ങള്‍ കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിലേക്കും വ്യാപകമായ തോതില്‍ പ്ലാസ്റ്റിക് എത്തുന്നുവെന്നും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമ്മയുടെ മുലപ്പാലില്‍ കൂടി പോലും പ്ലാസ്റ്റിക് കൊച്ചു കുട്ടികളിലേക്കെത്തുന്നു എന്നത് ഇതിലെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിലൊന്നാണ്.
നിലവില്‍ ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ബ്രിട്ടണില്‍ അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഈ നികുതിയേര്‍പ്പെടുത്തിയത്. ഇതോടെ രാജ്യത്തെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തില്‍ 85 ശതമാനം കുറവുണ്ടായിരുന്നു.
ഇതോടെയാണ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പുറമെ മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലേക്കും നികുതി വ്യാപിപ്പിക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും വലിച്ചെറിയാതെ തിരിച്ചേല്‍പ്പിക്കുവാനുള്ള സംവിധാനം നടപ്പാക്കുന്നതിനേക്കുറിച്ചും ആലോചനയുണ്ട്.
Leave a Reply