Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
മുനമ്പം മുതല്‍ ഗോവ വരെയുള്ള മേഖലയിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരച്ചിലിനായി ബോട്ടുടമകള്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
200ഓളം ബോട്ടുകള്‍ വിട്ടുനല്‍കണമെന്നാണ് ആവശ്യം. ബോട്ടുടമകളും മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
ഓഖി ദുരന്തത്തില്‍ മുന്നൂറോളം പേരെ കാണാതായെന്നാണ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകള്‍ പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മുനമ്പം മുതല്‍ ഗോവ വരെ ഏകദേശം 400 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മേഖലകളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നെന്ന മത്സ്യത്തൊഴിലാളുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഓഖി ദുരന്തത്തെ തുടര്‍ന്ന് ഇതുവരെ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇതില്‍ തന്നെ 40 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. അതിനിടെ, കോഴിക്കോട് ചോമ്പാല ഉള്‍ക്കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. മത്സ്യത്തൊഴിലാളികള്‍ കണ്ട മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
Leave a Reply