Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. സംഭവത്തിന്റെ സൂത്രധാരന്‍ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.
ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. കേസില്‍ പ്രധാന തെളിവായ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുത്തിട്ടില്ല. ഇനിയും പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ട്. അന്വേഷണം തീര്‍ന്നിട്ടില്ലെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചതു കോടതി പരിഗണിച്ചു.
കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ജൂണ്‍ 16ന് ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
റിമാന്റ് കാലാവധി പൂര്‍ത്തിയാകുന്ന ദിവസമായതിനാല്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ചയാണ് ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. 14 ദിവസമായി ദിലീപ് ആലുവ സബ്ജയിലില്‍ കഴിയുന്നത്.
അതേസമയം, ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍ തുക എത്തിയതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു സിനിമകളില്‍ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൗഹൃദമുണ്ട്.
യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാല്‍ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.
–
–
ഒളിവില്‍ കഴിയുന്ന ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മുഖ്യപ്രതി സുനില്‍കുമാറുമായും സഹതടവുകാരന്‍ വിഷ്ണുവുമായും നേരിട്ടു ബന്ധപ്പെട്ടുവെന്നു പൊലീസ് പറയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്.
ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലും തിങ്കളാഴ്ച കോടതി വാദംകേള്‍ക്കും. 2011-ല്‍ മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ സുനിയുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു. സുനിയെ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.
Leave a Reply