Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നും ഒരു വിമാനം പോകുന്നതു കണ്ടാല്‍ വായുംപൊളിച്ച് നോക്കിനില്‍ക്കുന്നവരാണ് നമ്മളില്‍ പലരും.
ആദ്യമൊക്കെ ഏറെ കൗതുകം സൃഷ്ടിച്ചിരുന്ന വിമാനങ്ങളെ പതിയെ പതിയെയാണ് നമ്മള്‍ മനസിലാക്കി തുടങ്ങുന്നത്.
പലര്‍ക്കും ഇന്ന് വിമാനയാത്രകള്‍ സാധാരണമാണെങ്കിലും വിമാനത്തെ കുറിച്ചുള്ള ചില ‘കിറുക്കന്‍’ സംശയങ്ങള്‍ക്ക് കുറവൊന്നുമില്ല.
വിമാനത്തിന് മിന്നലടിക്കുമോ, പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ അല്ലെങ്കില്‍ എന്തേ മിക്ക വിമാനങ്ങളും വെള്ള നിറത്തില്‍ കാണപ്പെടുന്നു – സംശയങ്ങള്‍ ഇങ്ങനെ നീളുന്നു.
ഈ നിരയിലേക്കിതാ ഇപ്പോള്‍ മറ്റൊരു സംശയം കൂടി. വിമാനത്തിന് റിവേഴ്സ് ഗിയര്‍ ഉണ്ടോ? അല്ലെങ്കില്‍ വിമാനങ്ങള്‍ക്ക് ഗിയര്‍ സംവിധാനം തന്നെയുണ്ടോ?
കാറുകളെ പോലെയല്ല വിമാനങ്ങള്‍. എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്ക് എത്തുമ്പോഴാണ് കാറുകള്‍ നീങ്ങുന്നതെങ്കില്‍ വിമാനങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.
ആദ്യം തന്നെ വിമാനങ്ങളില്‍ ഗിയര്‍ സംവിധാനം ഇടംപിടിക്കുന്നില്ല. ടര്‍ബൈന്‍ ഉപയോഗിച്ചാണ് ജെറ്റ് എഞ്ചിന്‍ വിമാനങ്ങളില്‍ തള്ളല്‍ ബലം (Thrust) ലഭിക്കുന്നത്. എഞ്ചിന്‍ ടെയില്‍ പൈപ്പില്‍ നിന്നും വായു ശക്തമായി പുറത്തേക്ക് പോകുമ്പോഴാണ് വിമാനം മുന്നോട്ട് നീങ്ങുന്നത്.
ഇതേ തള്ളല്‍ ബലത്തെ നേരെ എതിര്‍ ദിശയില്‍ കൊണ്ടു വരുമ്പോഴാണ് വിമാനം ‘പിന്നോട്ട്’ നീങ്ങുന്നതും (Reverse Thrust). എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിമാനം പിന്നോട്ട് നീങ്ങുന്നില്ല. ലാന്‍ഡിംഗില്‍ വേഗത കുറയ്ക്കാനായുള്ള ബ്രേക്കിംഗ് കരുത്തായാണ് വിമാനങ്ങള്‍ റിവേഴ്സ് ത്രസ്റ്റ് സ്വീകരിക്കുന്നത്.
ഇതുപ്രകാരം റണ്‍വേയില്‍ സുരക്ഷിതമായ വേഗത കൈവരിക്കാന്‍ റിവേഴ്സ് ത്രസ്റ്റ് വിമാനത്തെ സഹായിക്കും. 80 നോട്ട് വേഗതയില്‍ (മണിക്കൂറില്‍ 148 കിലോമീറ്റര്‍) എത്തുമ്പോഴേക്കും വിമാനങ്ങള്‍ റിവേഴ്സ് ത്രസ്റ്റ് ഉപേക്ഷിക്കും. കാരണം കുറഞ്ഞ വേഗതയില്‍ റിവേഴ്സ് ത്രസ്റ്റ് തുടരുന്നത് എഞ്ചിന്‍ തകരാറിന് വഴിതെളിക്കും.
എഞ്ചിന് പിന്നിലുള്ള രണ്ട് വാതിലുകള്‍ തുറന്നാണ് റിവേഴ്സ് ത്രസ്റ്റിനെ വിമാനങ്ങള്‍ കൈവരിക്കുന്നത്. ചില വിമാനങ്ങള്‍ പ്രൊപ്പലറുകളുടെ ദിശ മാറ്റിയും പിന്നോട്ട് നീങ്ങും.
വേഗത കുറയുന്ന പശ്ചാത്തലത്തില്‍ മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് ഉപയോഗിച്ചാണ് വിമാനം തുടര്‍ന്നുള്ള വേഗത നിയന്ത്രിക്കുക. പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നു പിന്നോട്ട് നീങ്ങാന്‍ വേണ്ടി മാത്രമാണ് വിമാനങ്ങളില്‍ ഇത്തരം നടപടി സ്വീകരിക്കാറുള്ളത്.
അതേസമയം നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയില്‍ വിമാനങ്ങളില്‍ റിവേഴ്സ് ത്രസ്റ്റ് ഉപയോഗിക്കില്ല. നിന്ന നില്‍പില്‍ റിവേഴ്സ് ത്രസ്റ്റ് ഉപയോഗിച്ചാല്‍ വിമാനം മറിയാനുള്ള സാധ്യത കൂടുതലാണെന്നതിനാലാണിത്.
വേഗത കുറയ്ക്കുന്നതിന് വേണ്ടി സ്പോയിലറുകള്‍ അല്ലെങ്കില്‍ സ്പീഡ് ബ്രേക്കുകളും വിമാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. പറന്നിറങ്ങുമ്പോള്‍ ചിറകുകളില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ചെറിയ ഘടനയാണ് സ്പീഡ് ബ്രേക്കുകളായി പ്രവര്‍ത്തിക്കുന്നത്. ഇതോടെ ചിറകുകളുടെ എയറോഡൈനാമിക് ലിഫ്റ്റ് കുറയും. ഇത് വേഗത കുറയ്ക്കും.
Leave a Reply