Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി ഗര്‍ഭസ്ഥശിശുവിന് നടത്തിയ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. നഗരത്തിലെ അധ്യാപികയായ 25 കാരി സിരിഷയുടെ കുഞ്ഞിനെയാണ് ഗര്‍ഭാവസ്ഥയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. 26 ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തിന്റെ ഇടതുഭാഗത്തെ ഹൃദയധമനി ദുഷിക്കുകയും, സങ്കോചിക്കുകയും ചെയ്തിരുന്നു. 98 ശതമാനമായിരുന്നു ഹൃദയത്തിലെ തടസം. ജനന ശേഷം ശസ്ത്രക്രിയ നടത്തിയാല്‍ ദുഷ്‌കരമാകുമെന്നതിനാലാണ് ഗര്‍ഭാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. കെ. നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.കുഞ്ഞിന്റെ കിടപ്പ് ശരിയായ നിലയിലല്ലാത്തതിനാല്‍ 26ാമത്തെ ആഴ്ചയില്‍ നടത്തിയ ആദ്യശ്രമം വിജയിച്ചില്ല. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കിടെ കുട്ടി അനങ്ങാതെയിരിക്കാനായി അമ്മയ്ക്കും കുഞ്ഞിനും അനസ്‌തേഷ്യ നല്‍കി. അമ്മയുടെ വയറ്റിലൂടെ ഗര്‍ഭപാത്രത്തിലേക്ക് സൂചി കയറ്റി, അത് കുഞ്ഞിന്റെ നെഞ്ചിലും പിന്നീട് ഇടത് വെന്റിക്കിളിലും കടത്തിയ ശേഷം ബലൂണും വയറുകളും ഉപയോഗിച്ച് ഹൃദയ വാല്‍വിന്റെ തടസം മാറ്റി. പിന്നീട് പ്രത്യേകമായി രൂപകല്‍പന ചെയ്ത ബലൂണ്‍ ഉപയോഗിച്ച് ഹൃദയ ധമനി വികസിപ്പിച്ചു. ശസ്ത്രക്രിയ സമയത്ത് ഭ്രൂണത്തില്‍ നിന്നും രക്തം പ്രവഹിച്ചില്ലെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ഡോ.റാവു പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം 830 ഗ്രാമില്‍ നിന്ന് 1200 ഗ്രാമായിട്ടുണ്ട്.
–
–
–
Leave a Reply