Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എത്ര ആസ്വദിച്ചാലും മതിയാകാത്ത സൗന്ദര്യമാണ് ഇടുക്കിയുടേത്. പച്ചപുതച്ച നിബിഢ വനങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന മലകളുമുള്ള ഇടുക്കി സഞ്ചാരികളുടെ മോഹന സങ്കേതം തന്നെയാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തല ഉയര്‍ത്തിനില്‍ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ദൈവത്തിന്റെ ഈ സ്വന്തം ജില്ലയുടെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു.
ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേഷകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ അവഗണിയ്ക്കാനാവാത്ത സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിഅയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി.
ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 1947-48 ല്‍ ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളില്‍ വെച്ച് നടന്ന ഉത്ഖനനത്തില്‍ പ്രാചീന ശിലാസ്തൂപങ്ങളും ശവകുടീരങ്ങളും കണ്ടെടുക്കുകയുണ്ടായി.
മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പുറമെ കാപ്പി തേയിലത്തോട്ടങ്ങളും, നിര്‍മ്മലമായ നീരൊഴുക്കുകളും, മനം കവരുന്ന വെള്ളച്ചാട്ടങ്ങളും ഏതാനും മൃഗസംരക്ഷണ സങ്കേതങ്ങളും ഇടുക്കിയിലുണ്ട്. ഇവിടത്തെ പേരുകേട്ട തോട്ടമേഖലയായ മുരിക്കാടിയിലെ കാറ്റിന് കാപ്പിയുടെയും തേയിലയുടെയും കൊതിപ്പിക്കുന്ന ഗന്ധമാണ്.
പച്ചപ്പു കാട്ടി മോഹിപ്പിക്കുന്ന ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
1. കാല്‍വരി മൗണ്ട്
ഇടുക്കിയുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അനുഗ്രഹീത ഭൂമിയെന്നാണ് കാല്‍വരി മൗണ്ടിനെ വിശേഷിപ്പിക്കാവുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3600 അടി മുകളില്‍ ഇടുക്കി ഡാമിന്റെ ജലസമ്പത്ത് മൊത്തം ഒറ്റ കാഴ്ച്ചയില്‍ ഇവിടെ നിന്നാല്‍ കാണാം. ഇടുക്കി യാത്ര തിരിക്കുന്ന പല സഞ്ചാരികളും ഡാം കണ്ട് മടങ്ങാറാണ് പതിവ് ഇടുക്കിയിലെ കാഴ്ചകളില്‍ ഏറ്റവും സുന്ദരമായത് കാല്‍വരി മൗണ്ട് തന്നെയാണ്. വ്യൂ പോയിന്റില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ഇത് ഇടുക്കി തന്നെയാണോ അതോ ഒരു ഉറക്കമുണര്‍ന്നപ്പോള്‍ നില്‍ക്കുന്നത് മറ്റേതോ രാജ്യത്താണൊ എന്ന് പോലും തോന്നിപ്പോവും. ഒരുപകല്‍ മൊത്തം നോക്കിയിരുന്നാലും വിടപറഞ്ഞു പോരാന്‍ തോന്നാത്ത കാഴ്ച ആയിരിക്കുമത്.
2. പരുന്തും പാറ എന്ന സുന്ദര ഭൂമി
ഇടുക്കി – വാഗമണ്‍ യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു സ്ഥലമാണ് പരുന്തും പാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടില്‍നിന്നും ഏകദേശം 8 കി.മീ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടില്‍ നിന്ന് 6 കിലോമീറ്ററും, തേക്കടിയില്‍ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ല്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഇവിടം. വളര്‍ന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈര്‍മല്യവും അടുത്തറിയാന്‍ ഒരുപാട് സ്വദേശീയ സഞ്ചാരികള്‍ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാന്‍ ഉചിതമായ മലമ്പ്രദേശം ആണിത്. പോകുന്ന വഴിയില്‍ മുഴുവനും തേയില തോട്ടങ്ങളാണ്. ആ പച്ചപ്പിന് നടുവിലെ പരുന്തിന്റെ ആകൃതിയില്‍ ഉള്ള ഒരു പാറക്കൂട്ടമാണ് ‘പരുന്തും പാറ’. മിക്കവാറും മഞ്ഞ് മൂടപ്പെട്ട അവസ്ഥയിലാണ് ഇവിടം. അല്ലാത്ത സമയങ്ങളില്‍ ശബരിമല സ്ഥിതി ചെയുന്ന മലയും ഇവിടെ നിന്ന ദര്‍ശിക്കാനാകും . മകരജ്യോതി ദര്‍ശനവും ഇവിടത്തെ പ്രത്യേകതയാണ്. അസ്തമയം പോലെത്തന്നെ പരുന്തും പാറയിലെ ഉദയവും മനോഹരമായ ദൃശ്യാനുഭവമാണെന്ന് അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
3. ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക്
വാഗമണ്ണില്‍ വാഗമണ്‍-പുള്ളിക്കാനം റോഡില്‍ ചോറ്റ്പാറ ജംഗ്ഷനില്‍ നിന്നും ഏകദേശം 5 കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഉളുപ്പുണി. കുന്നിന്‍ മുകളുകളിലായി പരന്ന് കിടക്കുന്ന പുല്‍മേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിന്റെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു. നടന്ന് കാഴ്ചകള്‍ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദര്‍ശിക്കാത്ത ഇവിടം. ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടില്‍ പോവുക. വാഗമണ്‍ ടൗണില്‍ നിന്നും ഈ റൂട്ടില്‍ ഏകദേശം 5 കി.മീ പോയാല്‍ ചോറ്റുപറ എന്ന ജംഗ്ഷനില്‍ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു.
4. രാമക്കല്‍മേട്
ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു ടൂറിസ്റ്റ്കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യമുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. ‘രാമന്‍ കാല്‍ വെച്ച ഇടം’ എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട് പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്.
5. ദുല്‍ഖറിന്റെ മീശപ്പുലിമല
ചാര്‍ലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതല്‍ ആളുകളും മീശപുലിമല എന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവര്‍ക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറില്‍ നിന്നും 27 കി.മീ ദൂരമുണ്ട്. സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങളാലും, നിറഞ്ഞു കിടക്കുന്ന പുല്‍മേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഗവണ്‍മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു. മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധമാണ്. ഇവിടെ ടെന്റില്‍ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റില്‍ രണ്ടു പേര്‍ക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്. ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും. ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷന്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, ആനയിറങ്കല്‍ ഡാം എന്നിങ്ങനെ മീശപുലിമലയില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെയാണ്.
6. ഇയ്യോബിന്റെ പുസ്തകത്തിലെ അഞ്ചുരുളി
സഞ്ചാരികളുടെ ലോകത്ത് അത്ര പ്രസിദ്ധി നേടിയിട്ടില്ലാത്ത സ്ഥലമാണ് ഇടുക്കിയിലെ അഞ്ചുരുളി. മനുഷ്യര്‍ സൃഷ്ടിച്ച തുരങ്കമാണ് അഞ്ചുരുളിയിലെ കൗതുകം. മഴക്കാലത്ത് ഇടുക്കി റിസര്‍വോയര്‍ നിറഞ്ഞു കവിയുന്ന വെള്ളം ഒഴുക്കി വിടാനുണ്ടാക്കിയ ടണല്‍ കേരളത്തിലെ അദ്ഭുതക്കാഴ്ചയിലൊന്നാണ്. നിരവധി മലയാള സിനിമകള്‍ക്ക് ലൊക്കേഷനായെങ്കിലും അഞ്ചുരുളിയുടെ ഭംഗി അതേപടി ആവിഷ്‌കരിച്ചത് അമല്‍ നീരദാണ്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയില്‍ അഞ്ചുരുളി ടണലിനെ അമല്‍ നീരദ് അസാധാരണമായ രീതിയില്‍ ദൃശ്യവല്‍ക്കരിച്ചു. കമിഴ്ത്തി വച്ച ഉരുളിയുടെ ആകൃതിയുള്ള അഞ്ചു മലകള്‍ക്കു നടുവിലാണ് ഇടുക്കി അണക്കെട്ടിന്റെ ഈ ക്യാച്ച് ഡാം. ഇരട്ടയാര്‍ റിസര്‍വോയറിന്റെ ടണല്‍ തുറക്കുമ്പോള്‍ ക്യാച്ച് ഡാം നിറയും. മഴക്കാലത്ത് അഞ്ചുരുളിയില്‍ പോയാല്‍ ടണലിനുള്ളില്‍ കയറാന്‍ പറ്റില്ല. എന്നാലും അണക്കെട്ടില്‍ നിന്നു തുറന്നു വിട്ട വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടാസ്വദിക്കാം. ഏതു സമയത്തും മുട്ടോളം വെള്ളം നിറഞ്ഞു നില്‍ക്കുന്ന ടണലിനു മുന്നില്‍ ചെറിയ നീരൊഴുക്കുണ്ട്. ഒരു ലോറിക്ക് കടന്നു പോകാവുന്നത്രയും വിസ്താരമുള്ള ടണലിനുള്ളില്‍ അര കിലോമീറ്റര്‍ ദൂരത്തോളമേ വെളിച്ചമുള്ളൂ. സാഹസം കാണിക്കാനായി അതിനപ്പുറം പോയാല്‍ അപകടം ഉറപ്പ്. ടണലിന്റെ അങ്ങേയറ്റം ഇരട്ടയാര്‍ റിസര്‍വോയറിലേക്കു തുറന്നു കിടക്കുകയാണെന്നും ഓര്‍ക്കുക. കോട്ടയം കട്ടപ്പന റൂട്ടില്‍ കാഞ്ചിയാര്‍ കക്കാട്ടുകട ജംഗ്ഷനില്‍ നിന്ന് ഇടതു വശത്തേക്ക് 2.5 കി.മീ. റോഡ് ചെന്നവസാനിക്കുന്നത് ടണലിനടുത്താണ്.
7. തേക്കടി
ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണിത്. തേക്കടിയില്‍ നിലവില്‍ കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ചുള്ള ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സെപ്തംബര്‍ മുതല്‍ മെയ് വരെ ഉള്ള മാസങ്ങള്‍ ആണ് തേക്കടി സന്ദര്‍ശിക്കുവാന്‍ അനുയോജ്യം. കുമളിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പെരിയാര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്താല്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളെ കാണാന്‍ കഴിയും. ബോട്ട് സവാരി കൂടാതെ ബാംബൂ റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്.
8. കേരളത്തിന്റെ കാശ്മീര്‍ കാന്തല്ലൂര്‍
കേരളത്തിന്റെ കാശ്മീര്‍ എന്ന അറിയപ്പെടുന്ന ഈ ഗ്രാമം ആപ്പിളും ക്യാരറ്റും സ്ട്രാബെറിയും കൊണ്ട് സമൃദ്ധമാണ്. മൂന്നാറിലേക്കു പോകുന്ന സഞ്ചാരികളില്‍ അധികവും ഈ മനോഹാരിത ആസ്വദിക്കാതെയാണ് മടങ്ങാറുള്ളത്. കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ക്ക് നേരെ കാന്തല്ലൂര്‍ക്ക് ചെല്ലാം. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍. എന്നാല്‍ തണുപ്പിന് അങ്ങനെ സീസണ്‍ ഒന്നും ഇല്ലെത്രെ എപ്പോഴും ഉണ്ടാകും കൊടും വേനലില്‍ പോലും എന്നാണ് പറയുന്നത്. മൂന്നാറില്‍ നിന്നും മറയൂര്‍ റൂട്ടില്‍ 50 കി.മീ സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെത്താം. ആപ്പിള്‍ മാത്രമല്ല പ്ലം, സ്‌ട്രോബെറി, ബ്ലാക്ക് ബെറി, ഓറഞ്ച്, മുസംബി, ലിച്ചി, അവകാടോ, റാസ്‌ബെറി, പീച്ച് തുടങ്ങി പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചകറികളും ഇവിടെ സുലഭമാണ്. പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയുടെ നാടുകൂടിയാണ് കാന്തല്ലൂര്‍. കരിമ്പിന്‍ ജ്യൂസ് എടുത്ത് ഉരുക്കി ശര്‍ക്കര ഉണ്ടാകുന്നത് കാണാം കൈയോടെ ഫ്രഷ് ശര്‍ക്കരയും ശര്‍ക്കരപാനിയും വാങ്ങാം.
9. വാഗമണ്‍
ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളാണ് വാഗമണിന്. ചിലപ്പോള്‍ കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി. ഇടുക്കി ജില്ലക്ക് ലഭിച്ച പ്രകൃതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 1200 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണില്‍ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനല്‍ക്കാല പകല്‍ താപനില 10 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ്. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും, അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും, ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍ മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണിനെ, നാഷണല്‍ ജോഗ്രഫിക് ട്രാവല്ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും. ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25 കി.മീ സഞ്ചരിച്ചാല്‍ വാഗമണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്.
10. മൂന്നാര്‍
കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. തമിഴ്നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് എല്ലാവര്‍ഷവും ഈ മലയോരത്ത് എത്തുന്നത്. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. തോട്ടങ്ങളിലെ പണിയ്ക്കായി വന്ന തൊഴിലാളികളും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായിരുന്നു ആദ്യകാലത്ത് ഇവിടുത്തെ താമസക്കാര്‍. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും മൂന്നാറില്‍ കാണാം. ഇപ്പോഴും കേരളത്തിലെ വേനല്‍ക്കാല വിനോദകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനത്താണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. അവധിക്കാലം ആഘോഷിയ്ക്കാന്‍ എത്തുന്നവര്‍ക്ക് ഒട്ടേറെ സാധ്യതകളാണ് മൂന്നാറിലുള്ളത്. മൂന്നാറിലെ സൈറ്റ്സീയിങ് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാകുന്നതും ഇതുകൊണ്ടുതന്നെയാണ്.
11. വരയാടുകളുടെ ഇരവികുളം
മൂന്നാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. നീലഗിരി മേഖലയില്‍ മാത്രം കാണുന്ന തദ്ദേശീയ ജീവിവര്‍ഗ്ഗമായ വരയാടുകളുടെ(നീലഗിരി താര്‍) വാസസ്ഥാനമെന്നതരത്തില്‍ ശ്രദ്ധേയമാണ് ദേശീയോദ്യാനം. തെക്കേഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗിരിശിഖരമായ ആനമുടിയും ഈ ദേശീയോദ്യാനത്തിനുള്ളിലാണ്. ആനമുടിയില്‍ 2700 മീറ്ററോളും ഉയരത്തില്‍ ട്രക്കിങ് നടത്താന്‍ സാധിക്കും, ഇതിന് നേരത്തേ വനംവകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്നുമാത്രം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതിചെയ്യുന്നത്. വംശനാശം നേരിടുന്നതും ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലന്‍ കുരങ്ങ് ഉള്‍പ്പെടെ വിവിധ ഇനം കുരങ്ങുകള്‍, മാന്‍, കാട്ടുപോത്ത് തുടങ്ങിയ ജീവികള്‍ ഇവിടെയുണ്ട്. ഇവിടെയെത്തുന്ന സന്ദര്‍ശകരില്‍ അധികഭാഗവും വരയാടുകളെ കാണാന്‍ എത്തുന്നവരാണ്. ഹാമില്‍ട്ടന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ് കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനിയുടെ വേട്ടയാടല്‍ കേന്ദ്രമായിരുന്നു. 1895-ല്‍ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസര്‍വേഷന്‍ അസോസിയേഷന്‍ സംരക്ഷിതപ്രദേശമാക്കി. 1971-ല്‍ കേരള സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ല്‍ ദേശീയോദ്യാനമായി. 1978ല്‍ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.
12. കുട്ടിക്കാനം
പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മഞ്ഞു മൂടിയ മലനിരകള്‍ കൊണ്ട് സമ്പന്നമായ കുട്ടിക്കാനം. കോട്ടയം- കുമളി റോഡില്‍ പീരുമേടിന് സമീപമായാണ് ഈ സ്ഥലം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരെയായി മേഘങ്ങള്‍ തൊട്ട് തലോടുന്ന മലനിരകളും കടുത്ത വേനല്‍ കാലത്തും ഒഴിയാത്ത കോടമഞ്ഞും കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന തേയില തോട്ടങ്ങളും അഴകേറ്റുന്ന കുട്ടിക്കാനത്തിന് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. കേരളത്തില്‍ തന്നെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ച സ്ഥലങ്ങളില്‍ ഒന്ന് കുട്ടിക്കാനമായിരുന്നു.
Leave a Reply